ആട് ഒരു ഭീകരജീവിയല്ല

pa-chacko
SHARE

ആട് ഒരു ഭീകരജീവിയാണെന്ന് ആരു പറഞ്ഞാലും വെളിനല്ലൂർ പഞ്ചായത്തിലെ 34 കുടുംബങ്ങൾ അവരെ ഓടിച്ചിട്ട് തല്ലും. ആടിനോളം കരുണയും കരുതലുമുള്ള ഒരു ജീവിയില്ലെന്ന് ഇവർക്ക് അത്ര ബോധ്യമുണ്ട്. ആട് എന്ന ‘ഭീകരൻ’ ഈ കുടുംബങ്ങൾക്കു പ്രിയപ്പെട്ടവനായതിനു പിന്നിൽ ഒരു കഥയുണ്ട്.  അർക്കന്നൂർ വിഎച്ച്എസ്എസിലെ മുൻ അധ്യാപകൻ പി.ജെ.ചാക്കോ നായകനായ കഥ... 

പിതാവ് പി.സി.ജോസഫാണ് സേവനത്തിന്റെ പാതയിൽ പ്ലാവനാംകുഴിയിൽ ചാക്കോ മാഷിന്റെ വഴികാട്ടി. അയൽവക്കത്തെ നിർധന കുടുംബങ്ങൾക്കുള്ള ചെറിയ സഹായങ്ങൾക്കപ്പുറം അവരുടെ ജീവിതത്തിനു വഴികാട്ടിയാകുന്ന എന്തെങ്കിലും ചെയ്യണമെന്ന മോഹം ചാക്കോ മാഷിനു തോന്നിയത് അധ്യാപക ജീവിതത്തിൽ നിന്നു വിരമിച്ച ശേഷമാണ്. 

പോറ്റാൻ വലിയ ചെലവില്ലാത്ത ‘ആട്’ എന്ന ആശയം മനസ്സിലേക്കെത്തുന്നത് അപ്പോഴാണ്. ആശയവുമായി പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടു. അവരുടെ സഹായത്താൽ പഞ്ചായത്തിലെ 17 വാർഡുകളിലെയും ഏറ്റവും നിർധനരായ കുടുംബങ്ങളുടെ പട്ടിക തയാറാക്കി. കുടുംബങ്ങൾക്കു സ്വന്തം ചെലവിൽ പെണ്ണാടിനെ വാങ്ങി നൽകി. ആദ്യ പ്രസവത്തിലെ പെൺകുട്ടിയെ ആറു മാസത്തിനു ശേഷം മടക്കി നൽകണം എന്ന വ്യവസ്ഥയും വച്ചു. 

kolam-chako

പദ്ധതിയുടെ മേൽനോട്ടത്തിനായി ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കി. ആടിന്റെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതും ഇവയെ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും കമ്മിറ്റിയുടെ ചുമതലയാണ്. ആദ്യ പ്രസവത്തിലെ കുട്ടി ആണാണെങ്കിൽ അതിനെ വിറ്റു യോഗ്യരായ അടുത്ത കുടുംബത്തിനു പെണ്ണാടിനെ വാങ്ങി നൽകുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

പദ്ധതിയുടെ ഗുണഭോക്താക്കളായി ഇതുവരെ 34 കുടുംബങ്ങളുണ്ട്. രണ്ടാം ഘട്ടത്തിൽ വെളിനല്ലൂർ പഞ്ചായത്തിന്റെ അതിർത്തി കടക്കുകയാണ് ചാക്കോ മാഷിന്റെ ആടുകൾ. ഇളമാട് പഞ്ചായത്തിലെ നാലു കുടുംബങ്ങളിലേക്കും പദ്ധതി പ്രകാരം ആടുകളെ നൽകിക്കഴിഞ്ഞു. 

മനുഷ്യസ്നേഹത്തിന്റെ വലിയ മനസ്സിൽ ഉദിച്ച ആശയം നിർധന കുടുംബങ്ങൾക്കു താങ്ങാവുന്നതിനൊപ്പം നാട്ടിലെ പാൽക്ഷാമത്തിനു ചെറിയ പരിഹാരവുമാകുന്നു. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA