sections
MORE

ആദ്യപാഠങ്ങൾ: അനുസരണയുള്ള നായ ഉടമയുടെ അഭിമാനം

pet
SHARE

നായ്ക്കുട്ടികളുടെ ചില സ്വഭാവങ്ങള്‍ ഉടമയെയും വീട്ടുകാരെയും ഏറെ കുഴക്കാറുണ്ട്. കാറുകൾ, ബൈക്കുകൾ എന്നിവയെ പിൻതുടർന്നോടുന്നതാണ് ഒന്ന്. അപകടകരമായ ഈ സ്വഭാവം മാറ്റിയെടുക്കാൻ ഒരു കപ്പ് വെള്ളമോ വെള്ളം നിറച്ച ഗാർ‍‍ഡൻ‌ സ്പ്രെയറോ എടുത്ത് വാഹനത്തിന്റെ പിൻസീറ്റിലിരുന്ന് ഓടിവരുന്ന നായയുടെ മുഖത്തേക്ക് വീശി ഒഴിച്ചോ സ്പ്രേ ചെയ്തോ No എന്ന് ആജ്ഞാപിക്കണം. വീട്ടിലെ ചെരിപ്പുകളും ഷൂസും മറ്റും കടിച്ചു നശിപ്പിക്കുന്ന   നായ്ക്കുട്ടികളുണ്ട്.

ഇവയുടെ മുന്നിൽവച്ച് ഷൂസോ ചെരിപ്പോതാഴെയിടുക. മണം പിടിച്ചുവന്ന് അതു കടിച്ചു മുറിക്കാൻ നായ ശ്രമിച്ചാൽ No എന്ന് കനത്ത സ്വരത്തിൽ വിലക്കുക. പല ഉടമകളും  ചെറിയ ശിക്ഷ നൽകിയാണ് ഈ ദുശ്ശീലം മാറ്റിയെടുക്കുക.  ഇതിനായി അവർ‌ അൽപം കുരുമുളകുപൊടിയോ പച്ചമുളക് അരച്ചതോ വിന്നാഗിരിയിൽ ചേർത്ത് ഒരു നുള്ള് നായയുടെ മൂക്കിലും അവന്റെകൺമുന്നിൽവച്ചു   ബാക്കി ഷൂസിലും ചെരിപ്പിലും പുരട്ടും. വൈദ്യുതിവയറുകളും ടിവി കേബിളുകളും നശിപ്പിക്കുന്നവർക്കും ദുശ്ശീലമകറ്റാൻ ഇത്തരം ചെറിയ ശിക്ഷ നൽകുന്നത് പലപ്പോഴും വിജയംകണ്ടിട്ടുണ്ട്. പക്ഷേ, ഒന്നോർക്കുക, വിറ്റമിനുകളുടെയും ചില ധാതുലവണങ്ങളുടെയും കുറവുകൊണ്ട് വസ്തുക്കൾ തിന്നുന്ന സ്വഭാവമുള്ളവയ്ക്ക് പരിശീലനമല്ല, ചികിത്സയാണു വേണ്ടത്.

പല്ല് മുളച്ചുവരുന്ന സമയത്ത് വായിൽകിട്ടുന്നതെന്തും കടിച്ചു കളിച്ചേക്കാം. ഇവയ്ക്കു കടിക്കാനുള്ള കളിപ്പാട്ടങ്ങളോ വൃത്തിയും വലുപ്പവുമുള്ള എല്ലിൻകഷണങ്ങളോ നൽകണം.വിസര്‍ജനംനായ്ക്കുട്ടികൾ പഠിക്കേണ്ട ഏറ്റവും പ്രധാന പാഠമാണ് മലമൂത്ര വിസർജനം സ്ഥിരമായി ഒരിടത്തു മാത്രം ചെയ്യുക എന്നത്. നമ്മൾ നിശ്ചയിക്കുന്ന സ്ഥലത്താവണം അവർ ഇതു ചെയ്യേണ്ടത്. വീട്ടിനുള്ളിലും കൂട്ടിലും ചെയ്യാൻ നാമിഷ്ടപ്പെടില്ലല്ലോ. ഹൗസ് ബ്രേക്കിങ് (House breaking) എന്നാണ് ഈ മുഖ്യപാഠത്തിന് നൽകുന്ന പേര്. വീടിനു പുറത്തെ കൂടുകളിൽ വളർത്തുന്ന നായ്ക്കുട്ടികളാണെങ്കിൽ അവയെഓരോ നേരത്തെ ഭക്ഷണത്തിനു ശേഷവും നമ്മൾ നിശ്ചയിച്ചുറപ്പിച്ച സ്ഥലത്ത് കൊണ്ടുപോയി നിർത്തുക. 5–10 മിനിറ്റിനുള്ളിൽ അവൻ മലമൂത്ര വിസർജനം ചെയ്യും.

സ്വമേധയാ ചെയ്തില്ലെങ്കിൽ ആ സ്ഥലത്ത് കുറച്ചുസമയം വട്ടത്തിൽ നടത്തുക.  അൽപനേരത്തിനുള്ളിൽ അവൻ അവിടെ കാര്യം സാധിക്കും. ഇത് ആവർത്തിക്കുകയും കൃത്യമായി ചെയ്യുമ്പോൾ Good Boy എന്ന് അഭിനന്ദിച്ച്, കീഴ്ത്താടിയിൽ ചൊറിഞ്ഞ് ലാളിക്കുകയും ചെയ്യുക. തലയുടെ മുകളിൽ തൊടുന്നതും പുറത്തുപിടിക്കുന്നതും തട്ടുന്നതും നായ്ക്കൾക്ക് സ്വാഭാവികമായി അധിക ഇഷ്ടമുള്ള കാര്യമല്ല. ഈ ശിക്ഷണം ഹൃദിസ്ഥമായാൽ കൃത്യസമയത്ത് ഭക്ഷണം നൽകിയശേഷം മലമൂത്രവിസർജന സ്ഥലത്തേക്ക് അവയെ അഴിച്ചുകൊണ്ടുപോകുകയോ അഴിച്ചുവിടു കയോ ചെയ്യണം. ഇനി വീട്ടിനുള്ളിൽ തന്നെയാണ് വാസമെങ്കിൽ പേപ്പർ പരിശീലനരീതി (Paper training method) ആയിരിക്കും ഉചിതം

 ആദ്യമായി വീട്ടിലെത്തുമ്പോൾ നായ്ക്കുട്ടിയെ ഒരു ചെറിയ മുറിയിൽ നിലത്ത് മുഴുവൻ പത്രക്കടലാസുകൾ രണ്ട് അടുക്കായി വിരിച്ച് അവിടെ താമസിപ്പിക്കുക. ഭക്ഷണശേഷം തീറ്റപ്പാത്രത്തിൽനിന്നും കിടക്കുന്ന സ്ഥലത്തുനിന്നും അകലെ ഒരു മൂലയിൽ കൊണ്ടുപോയി മലമൂത്ര വിസർജനം ചെയ്യുന്നതുവരെ അവിടെ നിർത്തുക. ഇതിനായി ഉത്തേജനം കിട്ടാൻ കുളിപ്പിക്കുന്നത് നല്ലതാണ്. ദിവസം ചെല്ലുന്തോറും പേപ്പറുകളുടെ എണ്ണം കുറച്ച് കൊണ്ടുവന്ന് അവസാനം  ഒരു സ്ഥലത്തുള്ള പേപ്പറിൽ മാത്രം കാര്യം നടത്തുന്ന സ്വഭാവം ശീലിപ്പിക്കാം. പത്രത്തിനു പകരമായി ഒരു പരന്ന പാത്രമോ അല്ലെങ്കിൽ റെഡിമെയ്ഡ് ടോയ്‌ലെറ്റ് ട്രേയോ ഉപയോഗിച്ച് ശീലിപ്പിക്കാം.

ഉടമയുടെയും വീട്ടിലുള്ളവരുടെയും ദേഹത്തേക്കു ചാടിക്കയറുന്നതും കാരണമില്ലാതെ കടിക്കുന്നതും നായ്ക്കുട്ടികളുടെ സ്ഥിരം കുറുമ്പുകളാണ്.  ഈ ശീലക്കേടുകൾ മാറ്റിയെടുക്കണം. ചൊട്ടയിൽ മാറ്റിയില്ലെങ്കിൽ പിന്നീടവ ബുദ്ധിമുട്ടാകും. നമ്മുടെ കാലുകളിലേക്കു ചാടിക്കയറുന്ന നായ്ക്കുട്ടിയെ രണ്ടു മുൻകാലുകളിൽ കൂട്ടിപ്പിടിച്ച് പിറകിലേക്കു തള്ളിമാറ്റി No പറയണം. ഇത് പല ദിനങ്ങളിൽ പല പ്രാവശ്യം ആവർത്തിക്കുക. കാരണമില്ലാതെ കടിക്കുന്ന നായ്ക്കുഞ്ഞിന്റെ വായിൽ ഇടതുകൈപ്പത്തി കടത്തിയശേഷം വലതു കൈകൊണ്ട് മേൽത്താടിയിൽ തട്ടിക്കൊണ്ടിരിക്കുക. കടിക്കാൻ ശ്രമിക്കുമ്പോൾ No എന്ന ആജ്ഞയും അനുസരിക്കുമ്പോൾ സ്നേഹലാളനയുടെ ആംഗ്യങ്ങളും അഭിനന്ദനവും അറിയിക്കണം. വലിയ നായകളിൽ സ്പ്രേ പ്രയോഗമോ പത്രക്കടലാസ് ചുരുട്ടിയുള്ള ചെറു ശിക്ഷണമോ നൽകേണ്ടിവരും.

നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് ദുശ്ശീലങ്ങളകറ്റി No, Good Boy / Girl തുടങ്ങിയ ആജ്ഞകളുടെ പൊരുളറിഞ്ഞ് പ്രാഥമിക മര്യാദയുടെ പാഠങ്ങൾ മനഃപാഠമാക്കിയ നായ്ക്കൾക്ക് അടുത്ത പടി അടിസ്ഥാന അനുസരണ പരിശീലനം (Basic obedience training) ആണ്. ഇത് ഉടമ സ്വയം ചെയ്യുകയോ പരിശീലനസ്ഥാപനങ്ങളുടെ സഹായം തേടുകയോ ചെയ്യാം. നായ്ക്കളെ പരിശീലിപ്പിക്കാൻ അസാമാന്യ ധൈര്യമോ ചങ്കുറപ്പോ അല്ല സ്നേഹവും ക്ഷമയും തുറന്ന മനസ്സും അറിവുമാണ് വേണ്ടത്. 

വിലാസം:  അസി. പ്രഫസർ, വെറ്ററിനറി കോളജ്, പൂക്കോട്. ഫോൺ: 9446203839

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA