പ്രണയമില്ലാത്ത കാലമോ?; രാത്രിമഴയിൽ പൂത്ത ലെനിന്റെ നീലാംബരി

rathri-mazha
SHARE

ആളുകള്‍ പറയുന്നു ഇക്കാലത്ത് പ്രണയമില്ലെന്ന്. 

പ്രണയമില്ലാത്ത കാലമോ? പ്രണയം അഗ്നിയാണ്. അത് എവിടെയൊക്കെ ആളിപ്പടരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. പ്രണയത്തിന്റെ രീതികളും ആര്‍ക്കും പ്രവചിക്കാനാവില്ല. 

ഒരു വല്ലാത്ത ദുരുഹതയും നിഗൂഢതയുമുണ്ടതിന്. 

ഓരോ പ്രണയവും വ്യത്യസ്തമാണ്. ഒന്നുപോലെയല്ല മറ്റൊന്ന്. ഈ മീരയ്ക്കും ഒരു പ്രണയകഥ പറയാനുണ്ട്. 

മീര ജാസ്മിന്‍ അവതരിപ്പിച്ച മീര എന്നുതന്നെ പേരുള്ള കഥാപാത്രം ‘രാത്രിമഴ’ യില്‍ ഈ ആമുഖത്തോടെയാണ് മലയാളത്തിലെ ഏറെ വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്നത്. രചനയും സംവിധാനവും ലെനിന്‍ രാജേന്ദ്രന്‍. പി. ചന്ദ്രമതിയുടെ വെബ്‍സൈറ്റ് എന്ന കഥയില്‍നിന്നു പ്രചോദനം നേടിയാണ് ലെനിന്‍ രാത്രിമഴ ഒരുക്കിയത്. മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി; യില്‍നിന്നു മഴ ഒരുക്കിയതിനുശേഷം വീണ്ടുമൊരു പ്രണയമഴ. 

തിരച്ചുകിട്ടാത്ത, കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത ഒരു ദുരന്ത പ്രണയകഥയായിരുന്നു നഷ്ടപ്പെട്ട നീലാംബരി. മാധവിക്കുട്ടിക്കു മാത്രം എഴുതാന്‍ കഴിയുന്ന സ്ത്രീ മനസ്സിന്റെ നിഗൂഢതകള്‍ കുറച്ചെങ്കിലും വെളിപ്പെടുത്തുന്ന കഥ. 33 വര്‍ഷത്തിനുശേഷം കൗമാരത്തില്‍ സംഗീതം പഠിപ്പിച്ച ശാസ്ത്രികളെ തേടി മധുരയിലെത്തുന്ന ശസ്ത്രക്രിയാ വിദഗ്ധയായ ഡോക്ടര്‍ സുഭദ്രയുടെ നഷ്ടപ്രണയത്തിന്റെ കഥ. ഭര്‍ത്താവ് മരിച്ചതിനുശേഷം വാര്‍ധക്യത്തില്‍ ഒരു തവണയെങ്കിലും പ്രണയം തുറന്നുപറയാന്‍ രഹസ്യമായി ഒറ്റയ്ക്ക് ക്ഷേത്രനഗരിയിലെത്തുകയാണ് സുഭദ്ര. താന്‍ താമസിക്കുന്ന ഹോട്ടല്‍മുറിയിലേക്ക് ശാസ്ത്രികളെ അവര്‍ ക്ഷണിക്കുന്നു. 

നമുക്ക് ഓരോരുത്തര്‍ക്കും ഓരോ കടമകളുണ്ട്. അവ നിര്‍ഹിക്കലാണ് ജീവിതലക്ഷ്യം. നീ നിന്റെ ഭര്‍ത്താവിന്റെ സല്‍പ്പേര് കളഞ്ഞുകുളിക്കരുത്. ഞാന്‍ ഉന്‍മാദിനിയായ ഭാര്യയെ ശുശ്രൂഷിച്ച് ഇവിടെത്തന്നെ ജീവിക്കണം. മറ്റൊരു മാര്‍ഗവും ഈ ജന്‍മത്തില്‍ നമുക്കു വിധിച്ചിട്ടില്ല... ശാസ്ത്രികള്‍ ഇതു പറഞ്ഞുതീരുമ്പോഴേക്കും കെട്ടിടത്തിന്റെ പിന്നില്‍നിന്ന് നീലാംബരിയുടെ അലകള്‍ ഉയര്‍ന്നു. അതേ നിമിഷത്തില്‍ ആകാശത്തില്‍ ഒരു വിളര്‍ത്ത ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടതായി സുഭദ്ര കാണുന്നു. 

മാധവിക്കുട്ടിയുടെ കഥ വായിക്കുമ്പോള്‍ ലെനിന്‍ രാജേന്ദ്രന്‍ എന്ന ചലച്ചിത്രകാരനെ ഒരുപക്ഷേ ആദ്യം തന്നെ ആകര്‍ഷിച്ചത് നീലാംബരിയുടെ സാധ്യതകള്‍. തന്റെ ചിത്രങ്ങളിലെല്ലാം മികച്ച കവിതയും സംഗീതവും ഒരുക്കാന്‍ ശ്രദ്ധവച്ച സംവിധായകന് ലഭിച്ച മികച്ച വാഗ്ദാമായിരുന്നു നീലാംബരി. രാഗത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയതിനൊപ്പം തന്റേതായ ഒരു സംഭാവനയും അദ്ദേഹം കഥയ്ക്കു നല്‍കി- മഴ. 

മാധവിക്കുട്ടിയുടെ കഥയില്‍ ഒരിടത്തുപോലും മഴയില്ല. കത്തുന്ന വേനലിന്റെ മധുരയും വാര്‍ധക്യത്തിലും ആളിപ്പടരുന്ന അഗ്നി സമാനമായ പ്രണയവുമാണ് നഷ്ടപ്പെട്ട നീലാംബരി. പക്ഷേ, ആ കഥ സിനിമയ്ക്കുവേണ്ടി തിരഞ്ഞെടുത്തപ്പോള്‍ കൗമാര പ്രണയത്തിനു പശ്ഛാത്തലമായി ലെനിന്‍ നിശ്ചയിച്ചത് മഴ. പ്രണയത്തിന്റെ തീക്ഷണതയ്ക്കൊപ്പം മഴയെ മലയാളികള്‍ക്കു പ്രിയപ്പെട്ടതാക്കിയത് മഴയുടെ ചിത്രീകരണം കൂടിയായിരുന്നു. സിനിമയുടെ പേരിലും അദ്ദേഹം പ്രിയപ്പെട്ട മഴയെത്തന്നെ ആശ്രിയിച്ചു. അവിടെയും നിര്‍ത്താതെ വീണ്ടുമൊരു സിനിമ ചെയ്തപ്പോള്‍ മഴയെ വീണ്ടുംകൊണ്ടുവന്ന് ‘രാത്രിമഴ’ യാക്കി. അവിടെ അദ്ദേഹത്തെ പ്രചോദിപ്പിച്ചത് സുഗതകുമാരിയുടെ അതേ പേരിലുള്ള കവിത. രാത്രിമഴ എന്ന കവിത ലെനിന്‍ വ്യത്യസ്തമായ സംഗീതപശ്ഛാത്തലത്തില്‍ സിനിമയില്‍ ഉപയോഗിക്കുകയും ചെയ്തു. 

മഴ വീണ്ടും ലെനിന്റെ സിനിമയിലെത്തുന്നുണ്ട്- ഇടവപ്പാതിയായി. മറ്റൊരു സിനിമയിലാകട്ടെ മകരമഞ്ഞും. 

സമൂഹത്തിലേക്കു കണ്ണും കാതും തുറന്നുവച്ച ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകനെ അസ്വസ്ഥപ്പെടുത്തിയിരുന്നു പുതിയ കാലത്ത് യഥാര്‍ഥ പ്രണയമില്ലെന്ന പരിഭവങ്ങള്‍. പ്രണയത്തിന് നിഗൂഢത നഷ്ടപ്പെടുകയാണെന്ന പരാതികളും. പ്രണയം അങ്ങനെയൊരു പരാതിയേയും പരിഗണിക്കുക പോലുമില്ലെന്നും എവിടെ എങ്ങനെ ഏതുരൂപത്തില്‍ പ്രണയം ആവിഷ്ക്കാരം നേടുമെന്ന് പ്രവചിക്കാനാവില്ലെന്നും അറിയാമായിരുന്ന ലെനിന്‍ അപ്രതീക്ഷിതമായ ഒരു പ്രണയകഥയിലൂടെ തന്റെ വിശ്വാസം സാധൂകരിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് രാത്രിമഴ. ബോക്സ് ഓഫിസ് വിജയം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്നവരെ പിടിച്ചിരുത്തി രാത്രിമഴ; മനസ്സില്‍ അസ്വസ്ഥത വിതച്ച് പ്രണയനൊമ്പരത്തിന്റെ മഴയില്‍ കുളിപ്പിച്ച സിനിമ. 

രാത്രിമഴയോടു ഞാന്‍ പറയട്ടെ..

നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍.... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA