വീണ്ടും അയ്‍മനം, പുരസ്കാരനിറവിൽ വലിയ കാര്യങ്ങളുടെ ഉടയതമ്പുരാൻ

Aymanam-John
SHARE

ഇടയൻമാരാൽ ഉപേക്ഷിക്കപ്പെടുകയും മേച്ചിൽസ്ഥലങ്ങൾ നഷ്ടമാകുകയും ചെയ്തപ്പോൾ ഭൂമി വിട്ടുപോയ കോടാനുകോടി ആട്ടിൻപറ്റങ്ങൾ ഭൂമിയിലേക്ക് സങ്കടത്തോടെ തിരിഞ്ഞുനോക്കിനിൽക്കുന്നത്. വരൾച്ച ബാധിച്ച വനങ്ങളിൽ കൊടുംദാഹത്താൽ ഉഴറിനടക്കുന്ന ആനക്കൂട്ടങ്ങൾ അടിത്തട്ട് വിണ്ടുകീറിക്കടക്കുന്ന നീർച്ചാലുകളിൽ തുമ്പിക്കൈ ഇട്ടടിച്ച് അരിശം തീർക്കുന്നത്. ഭൂമിയിലേക്ക് പാതിവഴി വന്നിട്ട് പിറക്കാൻ കാടുകളില്ലെന്ന് കണ്ടപ്പോൾ മടങ്ങിപ്പോകുന്ന കടുവാക്കുഞ്ഞുങ്ങൾ. അതിശൈത്യത്തിൽനിന്ന് രക്ഷപ്പെടാൻ ജൻമദേശം വിട്ട് ലക്ഷ്യമില്ലാതെ പറന്നുപറന്നു തളർന്ന പക്ഷിക്കൂട്ടങ്ങളുടെ കടൽപ്പരപ്പുകൾക്കു മുകളിലെ കൂട്ടക്കരച്ചിലുകൾ. മനുഷ്യർ വിരിക്കുന്ന ചതിവലകളിൽ കുടുങ്ങാൻ മാത്രമെന്നോണം കടലുകളിൽ കൂട്ടത്തോടെ പിറക്കുന്ന മൽസ്യക്കുഞ്ഞുങ്ങളുടെ വലകൾക്കുള്ളിലെ കൂട്ടപ്പിടച്ചിലുകൾ... 

പുരോഗതിയിലേക്കു കുതിക്കുന്ന മനുഷ്യവർഗ ചരിത്രത്തിന്റെ ബദലായി ഉയർന്നുവന്ന ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകത്തിലെ കാഴ്ചകൾ. കേൾവികൾ. സ്വരങ്ങൾ. നാദങ്ങൾ... പ്രകൃതിക്കും മനുഷ്യനും വേണ്ടി ഭാഷകൊണ്ട് പ്രാർഥിച്ച അയ്മനം ജോണിന്റെ കഥയും വൈകിയാണെങ്കിലും പുരസ്കാരനിറവിൽ. ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകത്തിന് കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്. 

1972–ൽ ആദ്യകഥയിൽത്തന്നെ ‘ക്രിസ്മസ് മരത്തിന്റെ വേരുകൾ’ ആഴത്തിൽ തിരയുന്ന ആർദ്രതകളെക്കുറിച്ചാണ് അയ്മനം എന്ന ഗ്രാമത്തെ ഗ്രാമീണജീവിതത്തിന്റെ  പ്രതീകമായി കഥയിൽ കുടിയിരുത്തിയ ജോൺ എഴുതിയത്. ആദ്യത്തെ കഥ തന്നെ പുരസ്കാരത്തിന് അർഹമാകുകയും ചെയ്തു. പിന്നീടിങ്ങോട്ട് കഥകൾ മാത്രം എഴുതി, കഥയ്ക്കു മാത്രം പകരാൻ കഴിയുന്ന അനന്യമായ അസ്വാദ്യത പകർന്നു. ഗദ്യത്താൽ നിർമിതമായ കഥയുടെ വരണ്ട ഭൂവിഭാഗങ്ങളിൽ ഹരിതവീര്യത്തിന്റെ വറ്റാത്ത നീർച്ചാൽ ഒഴുക്കുകയായിരുന്നു അദ്ദേഹം. പുഴകളും പുഴയോരവും മരങ്ങളും ചെടികളും വെയിലും നിഴലും നിലാവും നിറഞ്ഞ പ്രകൃതിക്കുവേണ്ടി നടത്തിയ ഏകാന്തയാഗങ്ങൾ. ആധുനികാനന്തര തലമുറയിൽ അയ്മനം ജോൺ കേൾപ്പിച്ചതു വേറിട്ട സ്വരം. ആ വ്യത്യസ്തതയാകട്ടെ എൺപതുകളിൽ പരിസ്ഥിതി അവബോധമായി കേരള സമൂഹത്തിൽ വേരുപിടിക്കുകയും പലരും അലങ്കാരമായി പരിസ്ഥിതിയുടെ പച്ച മുദ്ര അഭിമാനത്തോടെ അണിയുകയും ചെയ്തു. കഥയിൽ ഹരിതവിദ്യാലയം നിർമിച്ച ജോൺ ആകട്ടെ അവകാശബോധമോ പാരമ്പര്യ നാട്യമോ ഇല്ലാതെ പ്രകൃതിക്കുവേണ്ടി കഥയിലെ ആവാഹനം തുടർന്നുകൊണ്ടുമിരുന്നു. 

കഥയെഴുത്തിൽ തനിക്കു പാരമ്പര്യമൊന്നുമില്ലെന്നു പറഞ്ഞിട്ടുണ്ട് അയ്മനം ജോൺ. ഒറ്റയ്ക്കിരുന്ന് മനക്കോട്ടകൾ കെട്ടിയുണ്ടാക്കിയ മുത്തശ്ശൻമാർ മാത്രമാണ് ഒരേയൊരു പാരമ്പര്യം. അവരുടെ മനക്കോട്ടനിർമാണങ്ങളെ കഥകളുടെ പണിക്കൂട്ടിന് അനുയോജ്യമായ ആയുധമാക്കി മാറ്റി പുതിയൊരു പാരമ്പര്യത്തിന്റെ ചാലുകീറി അദ്ദേഹം. അതാകട്ടെ പ്രകൃതിയിൽ അലിയേണ്ട മനുഷ്യൻ, ആയുധങ്ങളുമായി പ്രകൃതിയെത്തന്നെ നശിപ്പിക്കാൻ ഇറങ്ങിയപ്പോൾ പുറപ്പെട്ട വേദനയിൽനിന്ന് ഉയർന്നതും. ആദികാവ്യം തന്നെ കരുണയിൽനിന്നാണല്ലോ ഉരുവം കൊണ്ടത്. അവസാനമില്ലാത്ത കാരുണ്യവും വറ്റാതൊഴുകുന്ന സ്നേഹത്തിന്റെ നദിയുമാണ് ജോണിന്റെ കഥകൾ; ഇന്നും അയ്‍മനം  എന്ന ഗ്രാമം കാത്തുസൂക്ഷിക്കുന്ന പച്ചപ്പിന്റെ അവശേഷിപ്പ്. 

1975 അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷമായിട്ടല്ലാതെ അപ്പൻ ആനയെ വാങ്ങിയ വർഷമായി കണക്കുകൂട്ടുന്ന കഥാപാത്രങ്ങളുണ്ട് അയ്മനം ജോണിന്റെ കഥാപ്രപഞ്ചത്തിൽ. 1914 ലോക മഹായുദ്ധം തുടങ്ങിയ വർഷം എന്നതിനേക്കാൾ നാണിപ്പരത്തിക്കു മൂന്നു വയസ്സായ വർഷം എന്നു കണക്കുകൂട്ടുന്നവരും. അവരൊക്കെ ചെറിയ മനുഷ്യരാണ്. കൊച്ചു കൊച്ചു മനുഷ്യർ. ഇത്തരക്കാരും കാക്കയും പൂച്ചയുമെല്ലാം നിറഞ്ഞുനിൽക്കുന്നു ജോണിന്റെ കഥകളിൽ. 

‘ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം’ എന്ന കഥയിലാകട്ടെ ഒരു കാക്കയും പൂച്ചയുമാണ് പ്രധാനകഥാപാത്രങ്ങൾ. അടുത്തേക്കു ചെല്ലുമ്പോൾ ഓടിമാറുന്ന കാക്ക. വിളിച്ചിരുത്തി ലാളിക്കാൻ കൊതിക്കുമ്പോൾ അകലേക്ക് ഓടിമറയുന്ന പൂച്ച. അവർ ഇതര ചരാചരങ്ങളാണ്. ചരിത്രത്തെ പിന്നോട്ടുവായിക്കുന്നവർ. കോഴിക്കും പൂച്ചയ്ക്കും കിളികൾക്കും വീട്ടിനുള്ളിൽ ഇടമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പുതിയ വീടുകൾ വന്നപ്പോൾ ആദ്യം പക്ഷിമൃഗാദികളെ പറമ്പിലേക്കും പിന്നെ അയൽപക്കത്തേക്കും പിന്നെ നാട്ടിൽനിന്നും എന്നന്നേക്കുമായി ഓടിച്ചുകളഞ്ഞു. ഇന്നിപ്പോൾ പഴയ കാക്കയുടെ എച്ചിൽ മാത്രമാണ് വാഴക്കയ്യിലിരുന്നു കരയുന്ന ഒറ്റപ്പെട്ട കാക്ക. പാത്തും പതുങ്ങിയും തക്കം നോക്കിയെത്തുന്ന പൂച്ചയും. അവർക്കൊക്കെ മനുഷ്യരെപ്പോലെ പേരുകളുമുണ്ടായിരുന്നു ഒരുകാലത്ത്. ആ കാലം നഷ്ടപ്പെട്ടു. പക്ഷേ, അക്കാലത്തിന്റെ ചരിത്രം എഴുതിയ പുസ്തകം കൈയിലെടുക്കുകയും മനുഷ്യന്റെ വിമോചന ചരിത്രം മുറിയുടെ മൂലയിലേക്കു വലിച്ചെറിയുകയും ചെയ്യുന്ന രംഗത്തിലാണ് ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം എന്ന കഥ അവസാനിക്കുന്നത്. അതായത് തുടങ്ങുന്നത്. ഭാഷയില്ലാത്ത ചരാചരങ്ങളുടെ ഭാഷയാകുകയാണ് കഥ. പ്രകൃതിയുടെ മൗനത്തിനു നാവു നൽകുകയാണ്.  

രാത്രി വനവൃക്ഷങ്ങൾക്കു മുകളിലെ അഭയസ്ഥാനങ്ങളിലിരുന്ന്, ദൂരെ തീക്കണ്ണുകൾ തുറന്ന് വനത്തെ നോക്കിനിൽക്കുന്ന നഗരങ്ങൾ കാണുമ്പോൾ, വനത്തിൽ പുതിയ അനക്കങ്ങൾ കേൾക്കുമ്പോൾ, ഞെട്ടിപ്പോകുന്ന ഭാഷയില്ലാത്ത മനസ്സുകളോടെ അവസാനത്തെ ചെറുത്തുനിൽപ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA