sections
MORE

'ഇനി ഒരു തവണകൂടി അവളെ കാണരുത് '; ആ പ്രണയകാലം

Couple
SHARE

രമണനിൽ ചങ്ങമ്പുഴ സരള മധുരമായി പറഞ്ഞവസാനിപ്പിച്ചത് രമണന് ചന്ദ്രികയോടുണ്ടായിരുന്ന പ്രണയം മാത്രമല്ല. കാവ്യ ഭാവന ഒരു കാലഘട്ടത്തിന്റെ പ്രണയ യാഥാർഥ്യങ്ങളുടെ നേർക്കാഴ്ച തന്നെ ആയിരുന്നു. അതുപോലെ തന്നെയാണ് ഓരോ കാലഘട്ടത്തിലിറങ്ങിയ സിനിമകളും സിനിമാ പാട്ടുകളും, വെള്ളിത്തിര പറഞ്ഞു തരും പ്രണയ പരിണാമ ചരിത്രം.

പ്രണയ സങ്കൽപങ്ങൾ അത്യാധുനികതയിലെത്തി നിൽക്കുന്ന ഇന്നിൽ നിന്നുകൊണ്ട് ഇന്നലെകളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? വിസ്മൃതിയിലാണ്ടുപോയ ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലാവുമോ അത്?

ഓട്ടുവള കിലുക്കത്തിന്റെ താളത്തിൽ പ്രണയത്തിന്റെ സംഗീതമുണ്ടെന്നു വിശ്വസിച്ച മൗനപ്രണയികൾ ഒരു വശത്ത്. മറുവശത്ത് ഗോൾഡ് ഫ്ലയ്ക്ക് സിഗരറ്റിന്റെ പുകയിൽ കാമുക സ്വപ്നങ്ങളുടെ പൂർണത തേടിയലഞ്ഞ എൺപതുകളിലെ കാമുകിമാർ... ബെൽബോട്ടം പാന്റും മുഖത്തേക്കാൾ വലിയ കണ്ണടയും ഒരു കാലഘട്ടത്തിലെ നായക കഥാപാത്രത്തിന്റെ അഭിവാജ്യ ഘടകങ്ങൾ... ഷിഫോൺ സാരിയുടെ ആഡംബരത്തിൽ സ്വയം സുന്ദരിമാരെന്നു വിശ്വസിച്ച പെൺമനസ്സുകൾ. പാലമരത്തിൽ നിന്നിറങ്ങി വന്ന നീലക്കണ്ണുള്ള ഗന്ധർവനുമുണ്ടായിരുന്നു ഒരു നായക കഥാപാത്രത്തിന്റെ പൂർണത.

പിന്നെയുമുണ്ട് എൺപതുകളിലെ പ്രണയത്തിനു പ്രത്യേകതകൾ ‘‘ഇനിയൊരു തവണ കൂടി അവളെക്കാണരുത് എന്ന വാഗ്ദാനവും വാങ്ങി കാമുകനെ വീണ്ടും ആഴത്തിൽ പ്രണയിച്ച തൂവാനത്തുമ്പികളിലെ ദേവി ആ കാലഘട്ടത്തിലെ ജീവിതത്തിൽ നിന്ന് തിരഞ്ഞു പിടിച്ച ഒരു കഥാപാത്രം തന്നെയാവാം.

തൊണ്ണൂറുകളിൽ എത്തിയപ്പോൾ കാമുകന്മാരുടെ പരുക്കൻ ഭാവത്തിനും ഒരു മയം വന്നിരുന്നു എന്നു വേണം കരുതാൻ.... ഉഗ്രമൂർത്തിയായ മംഗലശ്ശേരി നീലകണ്ഠൻ വരെ മുട്ട് മടക്കിയില്ലേ ഭാനുമതിയുടെ പ്രണയത്തിനു മുൻപിൽ? വാക്കുകളിലെ പ്രണയം മൗനത്തിലൊളിപ്പിച്ചു പ്രണയം പറയാതെ പറഞ്ഞ തൊണ്ണൂറുകൾ... ഇഷ്ടം പറഞ്ഞ പെൺകുട്ടിയുടെ നടപ്പിന്റെ താളത്തിനൊപ്പിച്ചു തന്റെ വേഗം ക്രമീകരിച്ച കാമുകന്മാർ തേടിയലഞ്ഞത് തുമ്പു കെട്ടിയ തലമുടിയിൽ തുളസിക്കതിർ ചൂടിയ െപൺകുട്ടിയെത്തന്നെയാവാം. കട്ടി മീശയും ചുരുളൻ തലമുടിയും ആണ് പുരുഷന്റെ പൂർണത എന്നു വിശ്വസിച്ചു പോയ ദാവണിക്കാരികൾ...

കറക്കി വിളിക്കുന്ന ടെലിഫോൺ എന്ന ആഡംബര വസ്തു സിനിമയിലെ പ്രണയങ്ങൾക്കു സാങ്കേതിക സഹായം നൽകി. എങ്കിലും ജീവിതത്തിൽ പലരും ആശ്രയിച്ചിരുന്നത് പ്രണയം കവിതയായൊഴുകിയ കടലാസു തുണ്ടുകളെ തന്നെ ആയിരുന്നിരിക്കാം. നീണ്ട ഇടനാഴികളിലും വാകമരച്ചുവട്ടിലും പിരിയൻ ഗോവണികളുടെ പിന്നാമ്പുറങ്ങളിലും തുടങ്ങിയൊടുങ്ങിയ കലാലയ പ്രണയങ്ങൾ. ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ പൊടിപിടിച്ച മൗനവും പേറി ഇരിക്കുന്നുണ്ടാവും പഴയ പ്രണയികളെ ഓർത്ത്!

രണ്ടായിരങ്ങളുടെ തുടക്കത്തിൽ കലാലയത്തിനുള്ളിൽ നിന്നും പ്രണയം പുറത്തു കടക്കാൻ തുടങ്ങിയിരുന്നു.... അനുവാദമില്ലാതെ കാമുകിയുടെ കുടക്കീഴിലേക്കോടിക്കയറിയ കാമുകന്മാർ പ്രണയത്തിന്റെ മഴയോർമകൾ... പ്രണയത്തിലൊരു വിപ്ലവ ചരിത്രം സൃഷ്ടിച്ച ക്ലാസ്മേറ്റ്സ് എന്ന സിനിമയെ യുവ തലമുറ നെഞ്ചേറ്റിയ സമയം.... കൂടെ ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആൽബങ്ങൾ യുവമനസ്സുകളെ പ്രണയാതുരമാക്കിയ കാലഘട്ടം ‘‘പ്രണയമാണ് പെണ്ണേ എനിക്ക് നിന്നോട്’’ എന്നു പറയാൻ വെമ്പിയ ചുണ്ടുകൾ വരികൾ മാറ്റിപ്പറഞ്ഞു ‘‘ഇനിയുമാർക്കുമാരോടും അത്ര മേൽ തോന്നാത്തതെന്തോ...’’

പിന്നെയുമൊരു ദശാബ്ദം കടന്ന് കാലം 2010 കളിൽ വന്നു നിന്നപ്പോള്‍ ടെലിഫോൺ പ്രണയങ്ങൾ മൊബൈൽ പ്രണയങ്ങളിലേക്ക് വഴിമാറി... മനസ്സിന്റെ ലീലാവിലാസങ്ങൾ മുഴുവൻ പറയാതെ പറയാൻ സഹായിക്കുന്ന കിടുകിടിലൻ ഇമോജികൾ കൂടി ആയപ്പോൾ ആധുനികവൽക്കരണം പൂർണമായി... തുറന്നു പറച്ചിലുകളും പറയാതെ പറയലുകളും എന്തെളുപ്പം? പ്രണയാഘോഷങ്ങളും, പ്രണയത്തിന്റെ ശവമടക്കും, ഉയിർത്തെഴുന്നേൽപ്പും എല്ലാം ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ആണ് #Breakup#feeling refreshed#excited# ഇതിലെല്ലാം ഉണ്ട്... ഉഡുരാജമുഖിമാരിൽ നിന്നും കൃശഗാത്രിമാരിലെത്തി നിൽക്കുന്ന പുത്തൻ സൗന്ദര്യ നിർവചനങ്ങൾ... പ്രണയത്തിനു കണ്ണില്ല എന്ന പഴമൊഴി മാറ്റിപ്പിടിക്കേണ്ട കാലം... പ്രണയത്തിനു മേൽ പ്രായോഗിക ബുദ്ധി നടത്തിയ കടന്നു കയറ്റങ്ങൾ ഒരു വശത്ത്...’’ പലവട്ടം കാത്തു നിന്നു ഞാൻ കോളജിൻ മൈതാനത്തിൽ...’’ എന്ന് പാടിയലയുന്ന ഫ്രീക്കൻ പ്രണയങ്ങൾ മറ്റൊരുവശത്ത്...’’

നഷ്ടപ്രണയങ്ങളും, വ്യർഥമോഹങ്ങളും, സ്വപ്ന സാക്ഷാത്കാരങ്ങളും എല്ലാം ചേർന്നെഴുതിയ മനുഷ്യനിലെ ‘‘പ്രണയം’’ എന്ന ഭാവത്തിന് കാലാനുസൃതമായി വന്ന മാറ്റങ്ങൾ അറിയണമെങ്കിൽ കാലഘട്ടത്തിന്റെ നാഴികക്കല്ലുകളായ സിനിമയിലേക്കൊന്നു നോക്കിയാൽ മതി. തിരശ്ശീലക്കുള്ളിൽ നിന്നും ആസ്വാദക ഹൃദയത്തിൽ കുടിയേറിയ നായികാനായകന്മാർ പറഞ്ഞു തരും പ്രണയ പരിവർത്തന ചരിത്രം. ആൺപെൺ സൗഹൃദങ്ങൾക്കും പ്രണയത്തിനും തമ്മിലുള്ള അകലം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ‘‘ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു പൊലിയുന്നതാണെന്റെ സ്വർഗം...’’ എന്ന വിലാപ വരികൾ വെറും ഒരോർമയോ ഓർമപ്പെടുത്തലോ മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA