ആ കല്ല്യാണത്തിന് ഞാൻ പോയില്ല, അവളെന്നും എന്‍റെ കളികൂട്ടുകാരി

children
SHARE

പത്താം ക്ലാസ്സുകഴിഞ്ഞു പടിയിറങ്ങിയപ്പോൾ അവിടെ ഒരു മൂലക്കു‌പേക്ഷിച്ചു പോന്ന ഹിസ്റ്ററി ടെസ്റ്റിലെ ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും വീണ്ടും പൊടിതട്ടി എടുത്ത് കഷ്ടപ്പെട്ടിരുന്നു പഠിച്ചു വല്ല്യ ഗമയിൽ ട്യൂഷൻ എടുത്തു കൊണ്ടിരിക്കുമ്പോഴാണ് ജിൻസിക്ക് പെട്ടെന്ന് ഒരു സംശയം.

ചേച്ചി ഈ മഴ പെയ്യുമ്പോൾ ഉറുമ്പുകളൊക്കെ എന്താ ചെയ്യാ, വെള്ളം വീണാൽ അതൊക്കെ ചത്ത് പോകില്ലേ?

അപ്രതീക്ഷിതമായുള്ള ആ ചോദ്യം കുറച്ചു കൗതുകകരമായ്‌ തോന്നിയെങ്കിലും പെട്ടന്നു തന്നെ എന്നിലെ ചരിത്രാധ്യാപിക ഒരു തുറിച്ചു നോട്ടത്തിൽ ആ ചോദ്യത്തെ വേരോടെ പിഴുതെറിഞ്ഞു ലോകമഹായുദ്ധങ്ങളുടെ അനന്തരഫലങ്ങളിലേക്ക് കടന്നു.

ട്യൂഷൻ കഴിഞ്ഞു റൂമിലെത്തി പതിവുപോലെ കാൻഡി ക്രഷ് കളിയിലേയ്ക്ക് കടന്നെങ്കിലും ആ ചോദ്യം എന്നെ വല്ലാതെ പിടിമുറുക്കിയ പോലെ. വളരെ ഗൗരവമായ്‌ കാര്യങ്ങൾ പറയുന്നതിനിടെ പട്ടിയുടെയും പൂച്ചയുടെയും വിശേഷം തിരക്കുന്ന കുക്കുടുവിനെ പെട്ടെന്ന് ഓർമ വന്നു.

ഞാൻ എന്താണ് ഇത്രയും കാലം അവളെ ഓർക്കാതിരുന്നത്? എല്ലാ മനുഷ്യരെയും പോലെ പുതിയമേച്ചിൽപ്പുറങ്ങൾ തേടി പോവുന്നതിനിടെ ഞാൻ അവളെ സൗകര്യ പൂർവം മറന്നതാണോ? എന്തായാലും അന്നെന്റെ ചിന്തകൾ വിശ്രമമില്ലാതെ അവളുടെ ഓർമകളെ തേടികൊണ്ടിരുന്നു.

മാമന്റെ വീട്ടിലേക്കും അമ്പലത്തിലേക്കും ഉള്ള കുറുക്ക് ഇടവഴികളിൽ എവിടെയെങ്കിലും ഒക്കെ വെച്ച് ഞാൻ അവളെ കണ്ടുമുട്ടാറുണ്ടായിരുന്നു. വേനൽ കാലം വെള്ളമെടുക്കാനായ് അമ്മക്കൊപ്പം കോളനി കിണറ്റിനരികെ പോവുക പതിവായിരുന്നു ആഴമേറിയ കിണറ്റിൽ നിന്ന് അമ്മ കഷ്ടപ്പെട്ട് വെള്ളം കോരവേ അർപ്പിനെച്ചിയുടെ വീട്ടുമുറ്റത്തു നിന്നും പെറുക്കിയെടുത്ത മുല്ലപൂക്കൾ പാവാടയിൽ പൊതിഞ്ഞു പിടിച്ച് ഇടക്കിടെ ഓരോന്നിന്റെ മണം ആസ്വദിച്ചും ഞാൻ കിണറിനു ചുറ്റും ഒരു കാര്യസ്ഥയെ പോലെ ചുറ്റി നടക്കും.

അങ്ങനെയിരിക്കെ ഒരു വേനൽ കാലത്ത് അൽപം ചളുങ്ങിയ രണ്ടു കുടവുമായി തടിച്ചു കറുത്ത ഒരു പെൺകുട്ടി കടന്നു വന്നു. കളറു കുറവെങ്കിലും രണ്ടു വശത്തേക്കും പിന്നിയിട്ടു റിബൺ വെച്ചു കെട്ടിയ അവളുടെ മുടിയും വല്ല്യ കറുത്ത പൊട്ടും എല്ലാം കൂടി ഒരു ആനചന്തം തോന്നിച്ചു.

രണ്ടു കുടവും കിണറ്റിൻ കരയിൽ വെച്ച് നിഷ്പ്രയാസം അതിൽ രണ്ടിലും വെള്ളം നിറച്ചു റോക്കറ്റു വേഗത്തിൽ അവളതും പൊക്കി പിടിച്ചു നടന്നകലും. അമ്മയാണ് ലോകത്തിലെ എറ്റവും വല്ല്യ പണിക്കാരി എന്ന എന്റെ വിശ്വാസത്തെ ഒരു കപ്പിയിലൂടെയും കയറിലൂടെയും തിരുത്തി കുറിച്ച ആ തടിച്ചി കുട്ടിയോട് എനിക്കെന്തോ ഒരു പ്രത്യേക ആരാധന തോന്നി.

അങ്ങനെ ഒരിക്കൽ തയ്ക്കാൻ തുണിയും കൊണ്ട് വരാറുള്ള മിനി ഏച്ചിയോടൊപ്പം അവളും വീട്ടിലേക്ക് കയറി വന്നു. മോളാണ് കുക്കുടു, എന്റെ അതെ പ്രായമാണെന്നു പറഞ്ഞു മിനി ഏച്ചി എനിക്കവളെ പരിചയപ്പെടുത്തി. തെല്ലു പരിഭവത്തോടെ കുക്കുടു അല്ല ഗീതു എന്നു പറഞ്ഞവൾ മുഖം തിരിച്ചു. പക്ഷേ പിന്നീടുള്ള കൂടികാഴ്ചകളിലെല്ലാം എനിക്കവൾ നിറമുള്ള ഒരുപാട് ഓർമകൾ സമ്മാനിച്ചു.

അഞ്ചാം ക്ലാസ്സിലേക്ക് കുന്നത്തറ സ്കൂളിൽ നിന്നും പേര് വെട്ടി അവളെന്റെ സ്കൂളിൽ വന്നു ചേർന്നു. നേരെ വഴിയിലൂടെയുള്ള സ്കൂളിൽ പോക്ക് പണ്ടേ കുറവായതിനാലും കുക്കുടുവിനെയും ഒപ്പം കൂട്ടേണ്ടതിനാലും കോളനി വീടുകളുടെ മുറ്റവും കഷ്ടപ്പെട്ട് ചാടി കടക്കുന്ന മുള്ളുവേലിയും കിണറിന്റെ ചുറ്റുമത്തിലും ചെമ്പകപൂ വീണ ഇടവഴിയും എന്റെ സ്കൂൾ യാത്രക്കുള്ള വഴികളായി.

തെയ്യത്ര അമ്മമ്മയുടെ വീട് കഴിഞ്ഞാൽ പിന്നെ ഒരു നീട്ടി വിളിയാണ് "കുക്കുടു സമയം വൈകി വേഗം വാ........"

എത്ര നീട്ടി വിളിച്ചാലും വീട്ടിലെ പണി മുഴുവൻ കഴിയാതെ അവൾ ഇറങ്ങില്ല. പിന്നെ നിന്ന് ബുദ്ധിമുട്ടണ്ടല്ലോ എന്നു കരുതി ഞാൻ വീട്ടിലേക്ക് കയറിച്ചെന്നു വേഗത്തിലുള്ള അവളുടെ പണികൾക്ക് എന്നാലാവുന്ന സഹായമൊക്കെ ചെയ്തു കൊടുക്കും.

അടിയും തുടയും പാത്രം കഴുകലും എന്നു തുടങ്ങി കാലിയായ എല്ലാ പാത്രങ്ങളും സ്കൂളിൽ പോകുന്നതിനു മുൻപ് അവൾ വെള്ളം നിറച്ചു വെക്കും. എന്നും അമ്മ പണി എടുക്കുന്നത് കണ്ടു ശീലിച്ച ഞാൻ അത്ഭുതത്തോടെ ചോദിക്കും

"നീ എന്തിനാടി ഇതൊക്കെ ചെയ്യുന്നേ നമ്മള് കുട്യോളല്ലേ നമ്മളെ നോക്കണ്ടെ അമ്മമാരല്ലേ ?

പൗഡർ ഇട്ടു മിനുക്കിയെടുത്ത എന്റെ കവിളിൽ നുള്ളികൊണ്ടു ഒരു സ്വകാര്യം എന്ന പോലെ അവള് പറയും

"റോഡ് പണി കഴിഞ്ഞു വന്നാ അമ്മക്കു സുഖണ്ടാവില്ല. നല്ല വേദന ആവും. നിക്ക് വേറെ പണി ഒന്നും ഇല്ലാല്ലോ ഞാൻ എടുത്തോളാം."

അവളുടെ ഈ വിശാല മനസ്സ് എനിക്കെന്തോ അത്ര ദഹിച്ചില്ല ഷീറ്റിനുള്ളിൽ തിരുകിവെച്ച അവിടുത്തെ പൊട്ടിയ കണ്ണാടിയിൽ നോക്കി വീണ്ടും പൗഡർ ഇട്ടു. ബെല്ലടിക്കുന്നതിനു മുൻപ് അവളുടെ കയ്യും പിടിച്ച് ഒരു മരണ ഓട്ടമാണ് പിന്നെ.

അതു കൊണ്ടു തന്നെ പ്രഭാത കാഴ്ചകൾ പലപ്പോഴും ഞങ്ങൾക്ക് നഷ്ടമാകുമായിരുന്നു എന്നാൽ വൈകിട്ടുള്ള തിരിച്ചു വരവിൽ ഞങ്ങൾ ഗംഭീരമായി ആ കുറവ് നികത്തും.

വീട്ടിൽ നിന്നും കടയിൽ വിടുമ്പോൾ ബാക്കി കിട്ടുന്ന ഒരു രൂപയും രണ്ടു രൂപയും കൂലിയായി വാങ്ങി ഞങ്ങൾ കൂട്ടി വെച്ച കുടുക്കയിൽ നിന്നും ചില്ലറ എടുത്തു ഭാസ്കരേട്ടന്റെ കടയിൽ നിന്നും പുളിയച്ചാറും വാങ്ങി കനാലിലൂടെ പാട്ടൊക്കെ പാടി പച്ചപുൽ കളിച്ചൊക്കെ ആണ് വരവ്.

നാളെ ചെയ്തു തീർക്കേണ്ട ഹോംവർക്കുകളെ കുറിച്ച് ഞാൻ വാചാലയാവുമ്പോൾ കുറ്റിച്ചെടികൾക്കിടയിൽ നിന്നും നീളത്തിലുള്ള ഒരു പുല്ലു പറിച്ച് അതിന്റെ അറ്റത്തു തൊട്ടാവാടി നീര് തേച്ചു മറുഭാഗത്തുകൂടെ ഊതി അതിൽനിന്നും കുമിളകൾ ഉണ്ടാകുന്ന തിരക്കിലാവും അവൾ.

അല്ലെങ്കിൽ ചെടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പൊന്നാമയെ പിടിച്ച് എനിക്ക് സമ്മാനിക്കാനുള്ള വ്യഗ്രതയിൽ ആവും. അന്നെല്ലാം ഒരു കൗതുകത്തിന് ഒപ്പം ചേർന്നെങ്കിലും ലോകത്തു ഒരു സ്കൂളിലും പഠിക്കാൻ കഴിയാത്ത ചില പാഠങ്ങൾ അവളെനിക്കു പകർന്നു തരികയായിരുന്നു എന്ന് പിന്നീട് മനസിലായി.

"ഇനി ഞാൻ ഉച്ചക്ക് ഗ്രൗണ്ടിൽ പോയി കളിക്കില്ല" എന്ന് കോമളവല്ലി ടീച്ചർ 100 തവണ ഇമ്പോസിഷൻ തരുമ്പോൾ, എഴുതി തളർന്നു പേന പിടിക്കാൻ കഴിയാതെ എന്റെ കൈ പണി മുടക്കുമ്പോൾ സ്വന്തം ഇമ്പോസിഷൻ എഴുതി തീർത്ത് എന്റെ പേപ്പർ കൂടി വാങ്ങി അതിലും ശരവേഗത്തിൽ എഴുതി നിറച്ച് എന്നെ നോക്കി ചിരിച്ച് 

"മ്മക്ക് നാളേം പോകാടി കളിക്കാൻ " എന്നു പറഞ്ഞു കുലുങ്ങി ചിരിക്കുന്ന കുക്കുടു ഇന്നും മായാതെ മനസ്സിൽ കിടപ്പുണ്ട്.

എല്ലാ പെൺകുട്ടികളെയും പോലെ ഒരു നാൾ ശരിക്കും ഒരു പെൺകുട്ടിയായി എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചു നിന്നപ്പോൾ അൽപം നാണത്തോടെ അടുത്തു വന്ന് സാരല്ല്യാടി ഇതൊക്കെ എല്ലാർക്കും ഉള്ളതാ നീ കരായണ്ടാന്നും പറഞ്ഞു ചേർത്തു നിർത്തി കൂട്ടം കൂടി നിന്ന കുട്ടികളോട് നിങ്ങളെന്തിനാ ഇങ്ങനെ തുറിച്ചു നോക്കണേ അവൾക്കൊന്നുല്ല്യാ വയറുവേദന ആണെന്നും പറഞ്ഞു എന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച ആ കുക്കുടുവിനെ എങ്ങനാ മറക്കാൻ കഴിയാ....

ഇടയ്ക്കിടെ വഴക്കിട്ട് പിണങ്ങുമ്പോൾ കുക്കുടു കുടു കുടു എന്നു പറഞ്ഞു പിറകെ ചെന്ന് ഞാൻ തീർത്ത പിണക്കങ്ങളുടെയും അവൾ എന്റെ കവിളിൽ നുള്ളി ചേർന്ന ഇണക്കങ്ങളുടെയും എത്ര കഥകൾ ഞങ്ങൾക്ക് സ്വന്തമായുണ്ടായിരുന്നു. പിന്നീടൊരിക്കൽ അവൾ അവിടെ നിന്നും വീടുമാറി പോയപ്പോഴും ചെറിയ ഇടവേളകളിൽ ഓടിചെന്ന് അവിടുത്തെ വിശേഷങ്ങൾ തിരക്കാൻ ഞാൻ മടിക്കാറില്ലായിരുന്നു.

ദിനരാത്രങ്ങൾ കടന്നു പോകുന്നതിന്റെ വേഗത ഞാൻ പോലും അറിഞ്ഞിരുന്നില്ല. വർഷങ്ങൾക്കു ശേഷം ഒരു ദിവസം മിനി ഏച്ചി മരിച്ചു എന്ന് അമ്മ പറഞ്ഞപ്പോൾ പകൽ മുഴുവനും അസ്വസ്ഥമായ്‌ നടന്നു രാത്രിയിൽ അമ്മയെ ചേർത്തു പിടിച്ചു കരഞ്ഞപ്പോൾ ആ കുട്ടികൾക്ക് ഇനി ആരുംല്യാ എന്ന് പറഞ്ഞു അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു. പണ്ട് അവൾ പറഞ്ഞപ്പോൾ ദഹിക്കാതെ പോയ പല വാക്കുകളും തീയിൽ വെന്തവയും ഹൃദയത്തിൽ പൊള്ളുന്നവയും ആണെന്ന് ഞാൻ അന്ന് മനസിലാക്കി.

പിന്നീട് പലപ്പോഴായി ബസ്സിലെ തിരക്കുകൾക്കിടയിൽ ഞാൻ അവളെ കാണുമായിരുന്നു. എന്നും ചുറ്റുമുള്ളവയെ ശ്രദ്ധയോടെ നോക്കിയിരുന്ന ആ തിളക്കമുള്ള കണ്ണുകൾ എന്തോ നഷ്ടപെട്ട പോലെ വരണ്ടിരുന്നു. വാതോരാതെ സംസാരിക്കുന്ന ഞങ്ങൾക്ക് അന്ന് ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല. ഒരു നേർത്ത പുഞ്ചിരിയും ഭേദിക്കാനാവാത്ത ഒരു വലിയ മൗനവും.


ഞാൻ 12 ൽ പഠിക്കുമ്പോൾ അവളുടെ കല്യാണം ക്ഷണിക്കാൻ അച്ഛൻ വീട്ടിൽ വന്നു. കല്യാണത്തിന് പോകാൻ തടസമൊന്നും ഇല്ലെങ്കിലും മനപൂർവം ഞാൻ അത് ഒഴിവാക്കി. വാതോരാതെ സംസാരിക്കുന്ന, പൂവിനെയും പൂമ്പാറ്റയെയും സ്നേഹിച്ചു നടന്ന ആ കൊച്ചു തടിച്ചിപാറു കുക്കുടു കുടു കുടു ആയി തന്നെ എന്റെ ഓർമകളിൽ ഉറങ്ങട്ടെ ....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA