വധശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുൻപ് (കഥ)

hang-to-death-1
SHARE

"നിങ്ങളെന്തിനാണ്, എന്നോടിത്ര കരുണ കാണിക്കുന്നത്".. 

"ഇതെന്റെ ജോലിയാണ് ചങ്ങാതി". 

''എന്റെ കഥകളെല്ലാം അറിഞ്ഞിട്ടും നിങ്ങൾക്കെന്നോട് ദേഷ്യമില്ലെ"..  

"ശരിക്കും നിനക്കല്ലേ എന്നോട് ദേഷ്യം തോന്നേണ്ടത്.. ഞാനല്ലേ നിന്നോട് തെറ്റ് ചെയ്യുന്നത്".

"ഒരിക്കലുമല്ല, സത്യത്തിൽ ഞാൻ നിങ്ങളോടാണ് കടപ്പെട്ടിരിക്കുന്നത്, പതിനാലുനാൾ വ്രതമെടുത്തതും, കുറുമ്പക്കാവിൽ നേർച്ചബലി   നടത്തിയതും എനിക്കുവേണ്ടിയായിരുന്നില്ലേ"..     

ആ വലിയമുറിയിൽ ഇനിയും കുറേപ്പേരുണ്ട്. ആരുമാരും പരസ്പരം സംസാരിക്കുന്നില്ല. നിർവികാരത മുറ്റിയ കണ്ണുകൾ, ഉറക്കച്ചടവുള്ള  മുഖങ്ങൾ... സൂര്യനുണരാൻ ഇനിയും കാതങ്ങൾ ബാക്കി.  

അയാൾ മാത്രം അവനോട് സംസാരിക്കുന്നുണ്ട്.. ചിലതെല്ലാം ചുണ്ടുകൾകൊണ്ട്. അതിലധികം മനസ്സുകൊണ്ടും.

തന്റെ കട്ടിയുള്ള കണ്ണട കൈകൊണ്ടിളക്കി, ഒന്നുചുമച്ചു ശബ്ദമെല്ലാം നേരെയാക്കി ജഡ്ജിയവന്റെ കുറ്റവും അതിനുള്ള ശിക്ഷയും    വായിച്ചുകേൾപ്പിച്ചു ...   

ചുറ്റുമുള്ളവരെല്ലാം വശങ്ങളിലേക്ക് അകന്നുമാറി, അയാൾ  മാത്രം അവന്റെ അരികിലേക്ക് നീങ്ങി, കൈകളിൽ പിടിച്ചുകൊണ്ട് മുന്നിലേയ്ക്ക്  നടത്തി.. അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ അവനയാളെ പിന്തുടർന്നു.

ഒരുമരപ്പലകയിൽ അവനെ നിർത്തിക്കൊണ്ടയാൾ പറഞ്ഞു .. ''എന്നോട്  ക്ഷമിക്കുക, നിങ്ങളുടെ കൈകൾ ഞാൻ കൂട്ടിക്കെട്ടാൻ   പോകുകയാണ്".

അതിനൊരുത്തരം അവൻ പറഞ്ഞില്ല, എങ്കിലും സമ്മതമെന്നൊരു സൂചന ആ കണ്ണുകളിലയാൾ വായിച്ചെടുത്തു. ചോദ്യങ്ങളൊന്നും  കൂടാതെ അവന്റെ കാലുകളിലും  അയാൾ കയറിനാൽ വലംചെയ്തു .. 

പുതുമയുടെ മണംപോകാത്ത കോട്ടൺ തുണിയിൽ മുഖം മൂടാനൊരുങ്ങിയപ്പോൾ അവൻ ചോദിച്ചു "എന്റെ കണ്ണുകളെങ്കിലും മൂടാതിരുന്നുകൂടെ".

ദീർഘമായൊന്നു  ശ്വസിക്കുകയല്ലാതെ അതിനു മറുപടി അയാളിൽനിന്നും ഉണ്ടായില്ല. 

''എനിക്കീ മുഖംമൂടി വേണ്ട .. എന്റെ  മരണം എനിക്ക് കാണേണ്ടന്നാണോ'' അവന്റെ ശബ്ദമുയർന്നു.

''മരണം, ഭയാനകമാണ് കുഞ്ഞേ, നേരിട്ട്കാണാതിരിക്കുന്നതാണ് നല്ലത്"..  

അവന്റെ തോളിൽത്തട്ടി ആശ്വസിപ്പിച്ചശേഷം, അയാളവനെയാ മുഖംമൂടിയണിയിച്ചു..  ഉത്തരത്തിൽകെട്ടിയ കയറെടുത്തു അതിന്റെ താഴത്തെ അറ്റം അവന്റെ  കഴുത്തിലെ  മാലയാക്കി. 

”’ഇനി നീയിതു  ശ്രദ്ധിച്ചുകേൾക്കുക, നിനക്കുതാഴെ വലിയൊരു കുഴിയാണ്.. നിനക്കും ആ കുഴിക്കുമിടയിൽ ഈയൊരു മരപ്പലക മാത്രം. വൈകാതെ ഞാനാ ലിവറിൽ വലിക്കും, നിമിഷനേരം കൊണ്ട് ആ പലക തെന്നിമാറും, ആറടിയോളം താഴ്ചയിലേക്ക് നീ പോകും.. നിന്റെ  കഴുത്തിലെ അസ്ഥികൾ ഒടിയും.. ആത്മാവ് സ്വതന്ത്രമാകും..

എങ്കിലും നീയെന്നെ ശപിക്കരുത്, എനിക്ക് ചെയ്യാനാകുന്നത് ഞാൻ ചെയ്തിട്ടുണ്ട്. ബുക്സാർ ജയിലിൽ നിന്നും കൊണ്ടുവന്ന  മെഴുക്കുപുരട്ടിയ മനില കയറാണിത്, നിന്നെയൊട്ടും വേദനിപ്പിക്കാതിരിക്കാൻ ഇതിൽ ഞാൻ പിന്നെയും സോപ്പും, വെണ്ണയും, പഴവുമുപയോഗിച്ചു പരുവപ്പെടുത്തിയിട്ടുണ്ട്..  കഴുത്തിനെ വേദനിപ്പിക്കാതെ, ഒട്ടും ഉരയാതെ അതിനോട്  ചേർന്നുകിടക്കും…  ഇനിയും  നിന്നെയിതു വേദനിപ്പിക്കുമെങ്കിൽ എന്നോട് ക്ഷമിക്കുക” ..   

''ഇല്ല, സുഹൃത്തേ ഞാൻ നിങ്ങളെ ശപിക്കില്ല, ഒന്നുമാത്രം ഞാൻ പറഞ്ഞുകൊള്ളട്ടെ, നിങ്ങയുടെയത്രയും എന്നെ കരുതുന്ന ഒരാളെ ഞാൻ  മുൻപേ കണ്ടുമുട്ടിയിരുന്നെങ്കിൽ ഞാനിന്നിവിടെ നിൽക്കില്ലായിരുന്നു ''

അയാളവന്റെ തലയിൽ കൈവച്ചനുഗ്രഹിച്ചു, പിന്നെയാ കാലുകളിൽ തൊട്ടുവണങ്ങിയ ശേഷം പതിയെ പിന്നിലേക്ക് നടന്നു..  

മുറിയിലെ  ക്ലോക്കിൽ മണി അഞ്ചടിച്ചു..  ചുറ്റുമുള്ള കണ്ണുകളിലേക്ക് അയാൾ ഒന്നുകൂടെ നോക്കി, രണ്ടുകയ്യും നെഞ്ചിൽവെച്ചുകൊണ്ടു ഒരുനിമിഷം  കണ്ണടച്ചുനിന്നശേഷം, കഴിയുന്നത്ര വേഗത്തിൽ അയാളാ ലിവറിൽ പിടിച്ചുവലിച്ചു.. വലിയൊരു ശബ്ദം ആ  മതിൽക്കെട്ടിനുള്ളിൽ പടർന്നു.  

      

സമയം പിന്നെയും ഇഴഞ്ഞു നീങ്ങി.. ജോലിയെല്ലാം പൂർത്തിയാക്കി കൈകൾ കഴുകി അയാൾ പുറത്തിറങ്ങി, കടയിൽനിന്നും കുട്ടികൾക്കുള്ള  മിഠായിപ്പൊതിയുമായി വീട്ടിലേക്ക് നടന്നു.. ദൂരെനിന്നും അയാളെക്കണ്ടതും ആ കൈകളിലേക്ക് അവർ ചേക്കേറി.. അരികിലേക്കുവന്ന   ഭാര്യയെ നെഞ്ചോടുചേർത്തപ്പോൾ അവളയാളുടെ കൈകളിൽ  ചുംബിച്ചു ...

ഇതെല്ലം കണ്ടുകൊണ്ട് വിദൂരതയിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ഒരാത്മാവ് പറയുന്നുണ്ടായിരുന്നു ”പരിശുദ്ധമായ കൈകളാണത്.. നീതി   നടപ്പാക്കാൻ ഭൂമിയിലേക്കയക്കപ്പെട്ട ദൈവത്തിന്റെ കൈകൾ ..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA