ക്ഷണിക്കാത്ത കല്യാണത്തിനു സദ്യ ഉണ്ടിട്ടുണ്ടോ? വായിക്കണം ഈ കഥ

onam-sadya
SHARE

ക്ഷണിക്കാത്ത കല്യാണം (കഥ)

അവൻ എന്നും കോളജിൽ നിന്നും ഉച്ചക്ക് ഇറങ്ങും. പിന്നെ തോന്നിയാൽ തിരിച്ചുപോകും അല്ലെങ്കിൽ ചുമ്മാ കറങ്ങി നടക്കും. അല്ല, എന്തിനാ ഉച്ചയ്ക്കിറങ്ങുന്നതെന്നു പറഞ്ഞില്ലല്ലോ. അതിനു മുൻപ് ഈ അവൻ വിളി ഒന്നു നിർത്താം. നമ്മുടെ നായകന് അനുയോജ്യമായ ഒരു പേരു വേണം. ഇപ്പൊ എന്താ വിളിക്കാ. ആ സോമൻ. അതു മതി. ഈ കഥപാത്രത്തിനു പറ്റിയപേരാ. അപ്പൊ സോമൻ എന്നും നേരത്തെ ഇറങ്ങുന്നത് കോളജിനടുത്തു ഒരു ഓഡിറ്റോറിയം ഉണ്ട്. മിക്കദിസങ്ങളിലും അവിടെ എന്തെങ്കിലും പരിപാടികൾ ഉണ്ടാകും. മിക്കവാറും കല്യാണ സദ്യ ആയിരിക്കും. ക്ഷണിച്ചിട്ടില്ലെങ്കിലും കണ്ടറിഞ്ഞു ചെല്ലുക എന്നതാണ് സോമന്റെ പക്ഷം.

അങ്ങനെ പതിവുപോലെ സോമൻ നേരത്തെയിറങ്ങി. അവന്റെ പ്രതീക്ഷ തെറ്റിയില്ല. അവിടെ സദ്യ ഉണ്ടായിരുന്നു. പക്ഷേ തിരക്കൊക്കെ  കുറഞ്ഞിരുന്നു. കൈകഴുകാനൊന്നും നിന്നില്ല കിട്ടിയ സ്ഥലത്ത് ഇരുന്നു. അങ്ങനെ നല്ലൊരു സദ്യ കഴിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴാണ് അടുത്തുള്ള ചേട്ടന്റെ ചോദ്യം, എവിടെയോ കണ്ടിട്ടുണ്ടല്ലോ. കേട്ടപാതി സോമൻ പറഞ്ഞു, കണ്ടിട്ടുണ്ടാകും ഞാൻ വധുവിന്റെ ഫ്രണ്ട് ആണ്. അതുകേട്ട് അയാൾ ചെറുതായൊന്നു ചിരിച്ചു. സോമന് അതിന്റെ അർഥം മനസിലായില്ല. ആ എന്തെങ്കിലും ആകട്ടെ, അങ്ങനെ ഗംഭീര സദ്യ കഴിച്ചു കൈ കഴുകുന്ന നേരം അയാൾ സോമന്റെ അടുത്തു വന്നു പറഞ്ഞു, അനിയാ ഇത് കല്യാണ സദ്യ അല്ല കേട്ടോ. എന്റെ അച്ചാച്ചന്റെ അടിയന്തരമാണ്. അധികം ആരെയും ക്ഷണിച്ചിരുന്നില്ല. അതാണ് തിരക്കു കുറവ്. എന്തായാലും സദ്യ ഒക്കെ ഇഷ്ടമായില്ലേ? എന്നാൽ അനിയൻ ചെന്നാട്ടെ. സോമൻ വല്ലാതെ ചമ്മി പോയി. കഴിച്ച ഭക്ഷണമെല്ലാം ഒരു നിമിഷം കൊണ്ട് ദഹിച്ചപോലെ തോന്നി. അവിടെ വെച്ച് സോമൻ ഒരു പ്രതിജ്ഞ എടുത്തു. ഇനി ക്ഷണിക്കാത്ത സദ്യ കഴിക്കാൻ പോവുകയാണെങ്കിൽ അത് കല്യാണമാണോ, അടിയന്തരമാണോ, ബർത്ത് ഡേ പാർട്ടി ഒക്കെ ആണോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ കയറുകയുള്ളു .

ആ സംഭവത്തിനു ശേഷം സോമൻ രണ്ടു ദിവസത്തേക്ക് ആ ഭാഗത്തേക്ക് പോയില്ല. ആ ചമ്മലിന്റെ ക്ഷീണം അവനെ വിട്ടു മാറിയിരുന്നില്ല. എന്നാൽ മൂന്നാം നാൾ അവൻ ഉയർത്തെഴുന്നേറ്റു പൂർവാധികം ശക്തിയോടെതന്നെ. അവൻ രണ്ടും കൽപ്പിച്ച് ഓഡിറ്റോറിയം ലക്ഷ്യമാക്കി നടന്നു. അവന്റെ കണക്കു കൂട്ടൽ തെറ്റിയില്ല. ഇന്നും ഒരു ഫങ്ഷൻ ഉണ്ട്. അവൻ ചുറ്റും നിരീക്ഷിച്ചു എന്നിട്ട് അത് ഒരു വിവാഹ സദ്യ ആണെന്ന് ഉറപ്പുവരുത്തി. അങ്ങനെ അവൻ ഹാളിൽ പ്രവേശിച്ചു. പതിവുപോലെ കൈകഴുകാതെ കിട്ടിയ സ്ഥലം നോക്കി ഇരുന്നു. പക്ഷേ ഇന്ന് സോമൻ കുറച്ചു പരിഭ്രമത്തിലാണ്. അന്നത്തെ സംഭവം അവനെ വേട്ടയാടിക്കൊണ്ടിരുന്നു. എങ്കിലും സദ്യ വിളമ്പിയപ്പോൾ എല്ലാം മറന്ന് അവൻ ആസ്വദിച്ചു കഴിച്ചു തുടങ്ങി. അപ്പോളാണ് അതു സംഭവിച്ചത്. അവന്റെ മറുവശത്തു നല്ല പരിചയമുള്ള ആൾ ഇരിക്കുന്നു. സോമൻ സൂക്ഷിച്ചുനോക്കി, ദൈവമേ ഇത് എന്റെ അച്ഛനല്ലേ. അവൻ ആകെ ഞെട്ടിതരിച്ചുപോയി. അച്ഛന്റെ ഓഫിസിലുള്ള ആരുടെയെങ്കിലും വിവാഹമാണോ ഇത്. ഇവിടെവെച്ചു എന്നെ അച്ഛൻ കണ്ടാൽ. അവൻ ഒന്നും ചിന്തിച്ചില്ല പെട്ടെന്ന് ഇലമടക്കി, വിളമ്പി വെച്ചിരിക്കുന്ന പായസം പോലും കഴിക്കാൻ നിൽക്കാതെ കൈകഴുകുന്നിടത്തേക്കു പോയി. തിരിച്ച് ആ വഴി പോയാൽ അച്ഛന്റെ മുമ്പിൽ പെടും. അവൻ പിന്നിലുള്ള ചെറിയ മതിൽ ചാടി പോകാൻ തീരുമാനിച്ചു. ഭാഗ്യത്തിന് അവിടെ ആരും ഉണ്ടായിരുന്നില്ല. അവൻ മതിൽ എടുത്തു ചാടി. ചാടുന്നതിനിടയിൽ പരിഭ്രമത്തിൽ റോഡിൽ വീണു. കാൽമുട്ട് പൊട്ടി. കൈ ഉരഞ്ഞു ചോരവരുന്നുണ്ടായിരുന്നു. എന്നാലും സാരമില്ല അച്ഛന്റെ കണ്ണിൽപ്പെടാതെ രക്ഷപെട്ടല്ലോ എന്നോർത്തവൻ വേദന കടിച്ചമർത്തി. അച്ഛനെ പേഴ്സണൽ ആയി ആരെങ്കിലും വിളിച്ചതായിരിക്കും. അവിടെ വെച്ച് ആരെങ്കിലും കണ്ടാൽ അത് അച്ഛനും മോശമാണ്. പിന്നെ വീട്ടിൽ വന്നുള്ള അച്ഛന്റെ വഴക്കും. ഹോ, ഓർക്കാനും കൂടി വയ്യ. അങ്ങനെ ഒരു അപകടത്തിൽ നിന്നും അതിസാഹസികമായി രക്ഷപെട്ടു എന്ന് അവൻ സ്വയം ആശ്വസിച്ചു.

വൈകുന്നേരം വരെ ടൗണിൽ കറങ്ങി നടന്നു. എന്നിട്ടു വീട്ടിലോട്ടു വെച്ചു പിടിച്ചു. കാലും കൈയുമെല്ലാം നല്ല വേദനയുണ്ട്. പക്ഷേ അത് നടത്തത്തിൽ കാണിക്കാതെ അവൻ വീടിന്റെ അകത്തേക്ക് കയറി. അപ്പോൾ അച്ഛന്റെ ഒരു ചോദ്യം നീ ഇന്ന് ആ കല്യാണത്തിന്  വന്നിരുന്നല്ലേ. സോമൻ പതിയെ പരുങ്ങാൻ തുടങ്ങി. അച്ഛൻ അവനോടു പറഞ്ഞു, നീ പോകുന്ന കാര്യം ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ ഹാഫ് ഡേ ലീവ് എടുത്ത് അവിടേക്കു വരില്ലായിരുന്നു. എന്നാലും സാരമില്ല ശേഖരേട്ടന് നല്ല സന്തോഷമായി അച്ഛനും മകനും വന്ന് എന്റെ കുട്ടീടെ കല്യാണം കൂടിയല്ലോ എന്നു പറഞ്ഞു. നീ വന്നത് ശേഖരേട്ടൻ കണ്ടിരുന്നു, പക്ഷേ നിന്നെ കുറേ നോക്കി പിന്നെ കണ്ടില്ലെന്നു പറഞ്ഞു. അതുകേട്ടപ്പോൾ എനിക്കു നല്ല സന്തോഷം തോന്നി, എന്നോട് പറഞ്ഞില്ലെങ്കിലും നീ അവരുടെ ക്ഷണം സ്വീകരിച്ചു കല്യാണത്തിൽ പങ്കെടുത്തില്ലേ. അച്ഛനു സന്തോഷമായി. സോമൻ ഓർത്തു ശരിയാണല്ലോ ഈ കല്യാണം എന്റെ വീട്ടിൽ വന്നു ശേഖരേട്ടൻ ക്ഷണിച്ചതാണെല്ലോ. അച്ഛന്റെ പഴയ സുഹൃത്താണ്. എല്ലാവരോടും കല്യാണത്തിനു വരാൻ പറഞ്ഞതും ആണ്. എന്നിട്ടാണോ ഒരു കള്ളനെ പോലെ പരുങ്ങി പരുങ്ങി ഞാൻ അവിടേക്കു ചെന്നത്. വെറുതെ പേടിച്ചു വീണ് കൈയും കാലും പൊട്ടിച്ചത്. നല്ലൊരു കല്യാണ സദ്യ പാഴാക്കിയത്. ശ്ശെടാ വന്നു വന്നു ക്ഷണിച്ച കല്യാണമേതാ ക്ഷണിക്കാത്ത കല്യാണമേതാന്നു തിരിച്ചറിയാൻ പറ്റാതായല്ലോ.

"അങ്ങനെ സോമൻ വീണ്ടും ശശി ആയി "

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA