'മഴേത്തു വീടിടിഞ്ഞു വീണാലും, മഴമാറുമ്പോ പിള്ളേര് പട്ടിണിയാവരുത്'

thandakutty-new
SHARE

താണ്ടക്കുട്ടി (കഥ)

"എടീ താണ്ടക്കുട്ട്യേ... നെന്റെ നെഞ്ഞത്തു പാലുതൂവി നിക്കണ കണ്ടില്ലേ.. പോയാ കൊച്ചിന് കൊടുക്കടി"..

"അത് സാരല്യ ചിരുതേ, നീയൊരു മറതന്നാല് ഞാനതു ഞെക്കിക്കളഞ്ഞോളാം" ..

"ഇതെന്നാ പോക്കണംകേടാ, പെറ്റെണീറ്റട്ടു തിങ്കളോട്‌തിങ്കൾ എട്ടല്ലേ ആയള്ളൂ, നീയെന്തിനാ ചാടിത്തുള്ളി കണ്ടത്തിലെറങ്ങിത്".

"അതിയാനെ നിനക്കറിയാലോടീ, പറമ്പിലെ പണിക്കുപോണത് ഷാപ്പിലെ ചാരായത്തിനെ തെകയൂ, അഞ്ചെട്ടു വയറു നെറയണേൽ ഞാനീ  നായരടെ കണ്ടത്തിലെറങ്ങാതെ വേറെന്നതാ ചെയ്യാ"   

അറുപതുകളിലെ  കേരളം. മൂന്നുപൂവ്വ് കൃഷിയിറക്കുന്ന കോൾപ്പാടത്തു ഞാറുനടീൽ നടക്കുകയാണ്.. വരിവരിയായ് നിരന്നുനിന്നു ഞാറുനടുന്ന പെണ്ണുങ്ങൾക്കിടയിൽ താണ്ടക്കുട്ടിയും ചിരുതയും.. താണ്ടക്കിപ്പോൾ ആറുമക്കൾ, കഴിഞ്ഞ തിങ്കളാഴ്ച മേനോന്റെ  കണ്ടത്തിൽ  ഞാറുപറിക്കുന്നതിനിടയിൽ പേറ്റുനോവ് വന്നു, വീട്ടിലേക്കോടി.. വയറ്റാട്ടി വരുന്നതിനുമുമ്പേ ആറാമത്തെ പേറ് കഴിഞ്ഞു..  എട്ടാംപക്കം  തിരിച്ചു കണ്ടത്തിലേക്ക്.

''പിള്ളേരെക്കെ എന്ത് ചെയ്തടീ'' ചിരുതക്ക് സംശയം..

"ചെർതിനെ വയറുനെറയെ പാലുകൊടുത്തൊറക്കി.. രാവിലത്തേക്കൊള്ള കഞ്ഞിയടുപ്പത്തിട്ടുപോന്നു, മൂത്തവൾക്ക് പതിനാലുവയസ്സായില്ലേ, അവള് വേവുനോക്കി എറക്കിവെച്ചോളും. ഇളയതുങ്ങളേം അവള് നോക്കിക്കോളും, നടുക്കുള്ള മൂന്നെണ്ണത്തിനെ പള്ളിസ്കൂളിലും കൊണ്ടാക്കും’’..  

അരയിലെ തോർത്തൊന്നുകൂടി മുറുക്കിചുറ്റി, പഴന്തുണിയെടുത്തു വെയിലുകൊള്ളാതെ തലയിൽകെട്ടി, മുണ്ടുമടക്കി മുട്ടോളമുയർത്തിക്കുത്തി താണ്ടക്കുട്ടി പണിക്കിറങ്ങി. അരയിലെ തോർത്തിനു രണ്ടുപകാരമാണ്‌ പെറ്റവയറു കുറയും, വയറിലെ ആന്തൽ അറിയുകയുമില്ല.      

വായകൊണ്ട് സംസാരിക്കുമ്പോളും അവരുടെ കൈകൾ ചലിച്ചുകൊണ്ടിരുന്നു.. നിരതെറ്റാതെ, ഒരേതാളത്തിൽ, ഒരേയകലത്തിൽ, ഒരേനീളത്തിൽ, കണ്ടത്തിലെ ഞാറുനടീൽ തുടർന്നു.. ഇടയ്ക്കിടെ നെഞ്ചു കല്ലയ്ക്കുമ്പോൾ ചിരുതയുടെ മറപിടിച്ചു പാൽ ഞെക്കിക്കളയാനും താണ്ടക്കുട്ടി മറന്നില്ല..

സൂര്യൻ തലയ്ക്കുമുകളിലായി, പണിക്കാർക്കുള്ള കഞ്ഞിക്കലവുമേന്തി നായരുടെ വീട്ടിലെ പണിക്കാരൻ പാടത്തേക്കുവന്നു.. തോട്ടിലെ വെള്ളത്തിൽ കൈയും കാലും കഴുകി, തലയിൽകെട്ടിയ തുണികൊണ്ട് മോന്തയൊന്നു തുടച്ച്, ചെളിയാകാതെ പൊക്കിക്കുത്തിയ മുണ്ടഴിച്ചുകുടഞ്ഞ് താണ്ടക്കുട്ടി വരമ്പത്തിരുന്നു...

തകരപ്പാത്രത്തിൽ പകർത്തിവച്ച കഞ്ഞിയിലേക്ക് വാഴയിലയിൽ വിളമ്പിയ പയറുപ്പേരിയെടുത്തിട്ടു, കൂടെയുണ്ടായിരുന്ന പ്ലാവിലവളച്ചുകൂട്ടി   ഒരീർക്കിലി കുത്തിത്തിരുകി, കാലുകൾ നീട്ടിയിരുന്ന് അവളാ കഞ്ഞികോരിക്കുടിച്ചു.. പ്ലാവില  മാറ്റിവെച്ച്, കൈകൊണ്ടാ പാത്രം ചുറ്റിച്ചശേഷം ബാക്കിവന്ന കഞ്ഞിവെള്ളവും വലിച്ചുകുടിച്ച്, അവളു നേരെ വീട്ടിലേക്കോടി...  

കൊച്ചിന്റെ കരച്ചിൽ അകലെനിന്നും കേട്ടതും കാലുകൾക്ക് വേഗം കൂടി.. മൂത്തവളുടെ കയ്യിലിരുന്ന് അവൻ കരയുകയാണ്.. താണ്ടക്കുട്ടി കൈകൾരണ്ടും ചട്ടയിൽ തുടച്ചശേഷം കൊച്ചിനെ വാങ്ങി. കരയുന്ന അവനെ നെഞ്ചിലേക്കടുപ്പിച്ചു.. ഒന്നുമുരണ്ട്‌ പ്രതിഷേധം അറിയിച്ചശേഷം അവനത് ആർത്തിയോടെ കുടിച്ചു.

കാനായിലെ കല്യാണത്തിന് കർത്താവ് വെള്ളം വീഞ്ഞാക്കിയപോലെ, ഞാനെന്നും കുടിക്കുന്ന കഞ്ഞിവെള്ളം പാലാക്കുന്ന ദൈവത്തോട് അവൾ മനസ്സാൽ നന്ദിപറഞ്ഞു...   

വയറുനിറഞ്ഞപ്പോൾ അവൻ പിന്നെയും ഉറങ്ങി, മക്കളെയെല്ലാം ഒന്നുതലോടിയശേഷം അവൾ വീണ്ടും തിരിച്ചോടി ..

മൂവന്തിയായി, പണിയെല്ലാം കേറി അന്നത്തെ കൂലിയായ അരിവാങ്ങാനായി അവരെല്ലാവരും വരമ്പിന്റെ കരയിൽ നിരന്നുനിന്നു, തലയിൽകെട്ടിയ തുണിയഴിച്ചു അരിവാങ്ങാൻ നീട്ടിയപ്പോൾ അരിയളക്കുന്നവൻ താണ്ടക്കുട്ടിടെ ഒന്നു തൊടാൻ ശ്രമിച്ചെങ്കിലും വെട്ടിയൊഴിഞ്ഞുമാറിയതുകൊണ്ട്, രണ്ടാമത്തെ നാഴിയളക്കുമ്പോൾ പാതിയോളമേ അയാൾ നിറച്ചൊള്ളു.. 

അവൾ വരുന്നതും കാത്തുകൊണ്ട് ഉമ്മറത്ത് കുഞ്ഞുകണ്ണുകൾ വെട്ടുവഴിയിലേക്ക് നീണ്ടിരിപ്പുണ്ടായിരുന്നു .. 

ചെന്നയുടനെ അരിക്കലമെടുത്തു പുറത്തിറങ്ങി, മൂന്നു വെട്ടുകല്ലുകൾ ചെരിച്ചുവെച്ച, വശങ്ങളിൽ കളിമണ്ണുതേച്ച, ചുറ്റിലും ചാണംമെഴുകി  വൃത്തിയാക്കിയ അടുപ്പിന്റെമുകളിലേക്ക് കലംവെച്ച് വെള്ളമൊഴിച്ചു.. ചിരട്ടകൊണ്ട് അടുപ്പിലെ ചാരമെല്ലാം വശങ്ങളിലേക്ക്  ഒതുക്കിമാറ്റി, ചൂട്ടും കൊതുമ്പും ചകിരിയുംകൊണ്ടു തീകൂട്ടി, കത്തിയപ്പോൾ പട്ടയും ചിരട്ടയും വച്ചുകൊടുത്തു..  

തീ കുറയുമ്പോളെല്ലാം അടുപ്പിലേക്കൂതുമ്പോൾ കുഞ്ഞുകനലുകൾ ഉയർന്നുവന്നു അവളുടെ കവിളുകളിൽ സ്പർശിച്ചശേഷം മരിച്ചു വീണു. ജീവിത യാഥാർഥ്യങ്ങളിൽ തിളച്ചുമറിയുന്ന ശരീരങ്ങളെ പൊള്ളിക്കാൻ ഇനിയും തീക്കനലുകൾ വളരേണ്ടിയിരിക്കുന്നു.. അടുപ്പിലെ കനലുകൾ കൂടുന്നതിനനുസരിച്ചു ചുറ്റിലുമുള്ള കുഞ്ഞുകണ്ണുകളിലെ തിളക്കവും കൂടിവന്നു.. 

വെള്ളത്തിൽനിന്നും ശബ്ദമുയർന്നുതുടങ്ങിയപ്പോൾ അവളെണീറ്റു.. അളന്നെടുത്ത അരിയുമായി ഓലകൊണ്ടുമറച്ച കിണറ്റിങ്കരയിലേക്ക് നീങ്ങി, പാളത്തൊട്ടിയിൽ വെള്ളംകോരി അരികഴുകി അടുപ്പത്തേക്കിട്ടു.. ചെറുപയറ് കുത്തിക്കാച്ചാനായി ചുവന്നുള്ളിയെടുത്തു മുറത്തിലേക്കിട്ടു നന്നാക്കാൻ തുടങ്ങി .. 

പെട്ടെന്ന് കിഴക്കു ഇരുണ്ടുകേറി, കാലം തെറ്റിയുള്ള മഴയാണ്.. മഴക്കുമുമ്പേ കഞ്ഞി വാർക്കാനായി അവൾ തീ വീണ്ടും കൂട്ടി.. കഞ്ഞിക്കലത്തിന്റെ മൂടിയിലൂടെ വെള്ളം പുറത്തേക്കൊഴുകിയപ്പോൾ അവളതു പാതിയോളം തുറന്നുവെച്ചു. കഞ്ഞിവെള്ളം വീണ് അടുപ്പുകെടുമെന്ന ഭയത്തേക്കാൾ, അത്രയും കഞ്ഞിവെള്ളം നഷ്ടപ്പെടുമല്ലോ എന്ന ചിന്തയായിരുന്നു അവളുടെ മനസ്സിൽ.   

കഞ്ഞിവേവാനായി മഴ കാത്തുനിന്നില്ല, അത് പെയ്തിറങ്ങി.. അവളെണീറ്റ് അകത്തേക്കോടി. ചാണകം മെഴുകിയ തറയിലേക്ക് വെള്ളമെല്ലാം ഇറ്റിറ്റു വീഴുന്നുണ്ട്, കൂടെ പഴകിദ്രവിച്ച ഓലക്കഷണങ്ങളും.. മേയാനുള്ള  ഓലയെല്ലാം മെടഞ്ഞു വെച്ചിട്ടുണ്ട്, കെട്ടുകാരന് കൊടുക്കാൻ കാശില്ലാത്ത കാരണം ഇതുവരെ മേയാനൊത്തില്ല..    

കുഞ്ഞിക്കൊച്ചിനെ ചാക്കുകൊണ്ട് പൊതിഞ്ഞ് മക്കളെയെല്ലാം മൂലയിലേക്കു മാറ്റിയശേഷം വക്കുപൊട്ടിയ പാത്രങ്ങളും ചിരട്ടയുമെല്ലാം വെള്ളം വീഴുന്നിടത്തു നിരത്തി.. മിനിറ്റുകൾക്കുള്ളിൽ അവയെല്ലാം നിറഞ്ഞു, ചൂളം വിളിച്ചുകൊണ്ട് കിഴക്കൻകാറ്റും ആഞ്ഞടിച്ചു.. മുന്നിലെവാതിൽ നിലത്തു വീണു, മക്കളെല്ലാം കാറ്റടിയിൽ നനയാൻതുടങ്ങി.. കുടിലെപ്പോൾ വേണമെങ്കിലും നിലംപൊത്താം..

കൊച്ചിനെ മൂത്തവളെയേൽപ്പിച്ചു താണ്ടക്കുട്ടി അരിവാളുമെടുത്തു പുറത്തിറങ്ങി...    

മുറ്റത്തെ പാളയംകോടനിൽ നിന്നും ഇലയരിഞ്ഞശേഷം അവർക്കു ചൂടാനായി കൊടുത്തു, ഓരോരുത്തരെയായി പുറത്തിറക്കി പൊക്കമുള്ള തിട്ടയിലെ മരത്തിന്റെ ചോട്ടിലേക്കു നിർത്തി.. 

പിന്നാമ്പുറത്തേക്ക് നനഞ്ഞുകുതിർന്നുചെല്ലുമ്പോൾ മഴവെള്ളം അതിലൂടെ കുത്തിപ്പായുന്നു.. അടുപ്പിലെ തീയെല്ലാം കേട്ടു. അടുപ്പുകല്ലുകൾ ഇളകിത്തുടങ്ങി.. താണ്ടക്കുട്ടി പഴന്തുണിയെടുത്തു തലയിൽചുരുട്ടിവെച്ചു, തിളച്ച കഞ്ഞിക്കലമെടുത്തു തലയിൽവെച്ചശേഷം മക്കളുടെയടുത്തു മഴത്തുനിന്നു .. 

കഞ്ഞിക്കലത്തിന്റെ മുകളിലൂടെ ഊർന്നുവീണ വെള്ളത്തുള്ളികൾ അവളുടെ കവിളുകളെ ചുവപ്പിച്ചു. തലയിൽ പാളത്തൊപ്പിയും വെച്ച്, ചുണ്ടിലെ ബീഡി മഴയത്തു കെടാതിരിക്കാൻ ആഞ്ഞാഞ്ഞുവലിച്ചു അവളുടെ കെട്ട്യോൻ അന്തപ്പനും അപ്പോളവിടേക്കു വന്നു..

മുറ്റത്തവരെ കണ്ടതും അന്തപ്പൻ ചോദിച്ചു 'എന്താടീ –––– പൊറത്തു നിക്കണത്''.

''വീട് മൊത്തം ചോരാണ്, ചെലപ്പോ കാറ്റില് വീഴാനും മതി''.

''ഇതെന്താ നിന്റെ തലേല്, കഞ്ഞിക്കലം''.

''അത്, അത്.. ഈ മഴേത്തു നമ്മടെ വീടിടിഞ്ഞു വീണാലും, മഴമാറുമ്പോ പിള്ളേര് പഷ്ണിയാവരുത് അതോണ്ടാ"'.  

അതുകേട്ടതും ചുണ്ടിലെ ബീഡിയയാൾ തുപ്പിക്കളഞ്ഞു, താണ്ടക്കുട്ടിയെ തന്നോട് ചേർത്തുനിർത്തി.. ഷാപ്പിലെ ഒരുകുപ്പി ചാരായത്തേക്കാൾ ലഹരി തന്റെ പെണ്ണിനുണ്ടെന്നു ആദ്യമായയാൾ അറിഞ്ഞു.. കവിഞ്ഞൊഴുകിയ കണ്ണുനീർത്തുള്ളികൾ ആ വെള്ളപ്പാച്ചിലിലും തെളിർമയോടെ വേറിട്ടു നിന്നു  ..

അതുകണ്ട ചുറ്റിലുമുള്ള കുഞ്ഞുമുഖങ്ങളിൽ ചിരിപരന്നു.. കഞ്ഞിക്കലത്തിൽനിന്നും നോട്ടംപിൻവലിച്ചു അവർ തങ്ങളുടെ അപ്പനെയും അമ്മയെയും നോക്കിനിന്നു. എടീ താണ്ടക്കുട്ട്യേ നാളെത്തന്നെ നമുക്ക് ഓലമേയാമെന്ന അന്തപ്പന്റെ വാക്കുകൾ കേട്ടതും താണ്ടക്കുട്ടി കരച്ചിലിനിടയിലും ചിരിക്കാൻ തുടങ്ങി ..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA