ആനയെ വാങ്ങാൻ സംഭാവന ചോദിച്ചവർക്ക് ആനയെ വാങ്ങിക്കൊടുത്ത നസീർ ! അനശ്വര നടന്റെ ആർക്കുമറിയാത്ത കഥകൾ

prem-nazir
SHARE

ചുണ്ടിൽ നിന്നിറങ്ങിപ്പോകാൻ മടിക്കുന്നൊരു ചിരി. കഴിച്ചു തീർന്നിട്ടും നാവിൽ വട്ടമിട്ടു നിൽക്കുന്ന രുചി. ദൂരമേറെ താണ്ടിയിട്ടും മൂക്കിൻ തുമ്പിലേക്കു വിരുന്നുവരുന്നൊരു ഗന്ധം... പോയകാലത്തിന്റെ പടി കടന്നെത്തുന്ന നഷ്ട സ്മൃതികൾ. വീട്ടുമുറ്റത്തെ പനിനീർ പൂവുപോലെ, വികാര വിചാരങ്ങളെ അവ കാലത്തിനു പിന്നിലേക്കു മാടി വിളിക്കും. മലയാള സിനിമയിലും അങ്ങനെയൊരു പൂമരമുണ്ടായിരുന്നു. നല്ല ഓർമകളുടെ പൂക്കാലം സമ്മാനിച്ച പൂമരം. വിട പറഞ്ഞു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതിന്റെ സൗരഭ്യം ഇവിടെ തങ്ങി നിൽപുണ്ട്-  ആ വസന്തത്തെ മലയാളം പ്രേംനസീറെന്നു വിളിക്കുന്നു. പ്രായമേശാത്ത സ്മരണകളെ ഹൃദയത്തോടു ചേർത്തു നിത്യ ഹരിതമെന്നു വാഴ്ത്തുന്നു. ജീവിത തിരശീലയിൽ നിന്നിറങ്ങി പ്രേംനസീർ മലയാളി മനസ്സുകളിലെ നിത്യ നായകന്റെ വേഷമണിഞ്ഞിട്ടു മുപ്പതു വർഷം. പ്രേംനസീർ എന്ന ഒറ്റ നക്ഷത്രത്തെ മറവിയുടെ കാർമേഘം മൂടാതെ നിൽക്കുന്നതെന്തുകൊണ്ടാകും?

ഇന്ദ്രവല്ലരി പൂചൂടിവരുന്ന പ്രണയ നിമിഷങ്ങളിലും ഓമലാളിൻ ഗദ്ഗദം മുഴങ്ങുന്ന വിരഹ വേളയിലും ഇനിയൊരു ജന്മം കൂടി കൊതിക്കുന്ന ഹർഷോന്മാദങ്ങളിലും അയാൾ തലമുറകളുടെ പാട്ടകലത്തിലുണ്ട്. പകർന്നാടിയ വേഷങ്ങളുടെ കഥകൾ എത്ര വേണമെങ്കിലുമുണ്ട്. എങ്കിലും, പ്രേംനസീർ എന്നു പറഞ്ഞു തുടങ്ങുമ്പോൾ അദ്ദേഹവുമായി അടുപ്പമുള്ളവർ പൂരിപ്പിക്കും- അങ്ങനെയൊരു മനുഷ്യൻ ഇനിയുണ്ടാവില്ല. 

ഡ്യൂപ്പായി നസീർ-ആർ.എസ്. പ്രഭു (നിർമാതാവ്, സംവിധായകൻ)

RS-Prabhu

സ്ക്രീനിലെ അഭിനയം കൊണ്ട് താരങ്ങൾ പലപ്പോഴും വിസ്മയിപ്പിക്കും. നന്മ കൊണ്ടു വിസ്മയിപ്പിച്ച അപൂർവം സിനിമാക്കാരിലൊരാളാണു പ്രേംനസീർ. ടി.കെ.പരീക്കുട്ടിയുടെ ചന്ദ്രതാര പ്രൊഡക്ഷൻസിന്റെ മേൽനോട്ടം വഹിക്കുന്ന കാലം. ചില സിനിമകൾ സാമ്പത്തികമായി തകർന്നു. പരീക്ഷണമെന്ന നിലയിൽ പ്രേംനസീറിന്റെ സഹോദരനായിരുന്ന പ്രേംനവാസിനെ നായകനാക്കി ചിത്രമെടുക്കാൻ തീരുമാനിച്ചു- നാടോടികൾ. ചിത്രീകരണത്തിനിടെ പ്രേംനവാസിന്റെ കാലിനു ഗുരുതര പരുക്ക്. റിലീസിങ് തീയതിയുൾപ്പെടെ പ്രഖ്യാപിച്ചതിനാൽ വിതരണക്കാർ വിളിച്ചു തുടങ്ങി. ഇന്നു സിനിമാ ലോകത്തു ചിന്തിക്കാൻ പോലുമാകാത്ത പരിഹാരമാണ് എന്റെ ചിന്തയിൽ തെളിഞ്ഞത്.

prem-nazir-1

പ്രേംനവാസിന്റെ ഡ്യൂപ്പായി അഭിനയിക്കാമോയെന്നു പ്രേം നസീറിനോടു ചോദിച്ചു. ഞാൻ മേൽനോട്ടം വഹിക്കുന്ന ചന്ദ്രതാര സത്യനെവച്ചു മാത്രം പടമെടുക്കുന്ന സമയമാണ്. നസീർ ഇതുവരെ ചന്ദ്രതാര സിനിമയിൽ അഭിനയിച്ചിട്ടില്ല. മുഖമടച്ച് ആട്ടാനുള്ള എല്ലാ വകുപ്പുമുണ്ടായിരുന്നു. നാലു ഷെഡ്യൂളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനാൽ സമയമില്ലല്ലോയെന്ന പരിഭവം മാത്രമാണ് അദ്ദേഹം പറഞ്ഞത്. രാത്രിയിൽ വന്നു ചെയ്താൽ മതിയെന്ന പരിഹാരവും ഞാൻ തന്നെയാണു മുന്നോട്ടുവച്ചത്. നാലു ദിവസം രാത്രി രണ്ടു മണിക്കൂർ വീതം അഭിനയിച്ച് ചിത്രം തീർത്തു തന്നു. നസീറിൽ നിന്നു മാത്രം പ്രതീക്ഷിക്കാവുന്ന മഹാമനസ്കത.

മരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് വിജയ ഹോസ്പിറ്റലിലെത്തി കണ്ടിരുന്നു. ‘മിസ്റ്റർ പ്രഭു, ഇതു പകരുന്ന രോഗമാണെന്നു ഡോക്ടർമാർ പറയുന്നു. അധിക നേരം നിൽക്കേണ്ട’- അവസാന വാക്കിലും കരുതൽ. ഞാൻ സംവിധാനം ചെയ്ത ഏക ചിത്രത്തിന്റെ പേര് രാജമല്ലിയാണ്. നായകൻ നസീർ. രാജമല്ലി പൂവിനേക്കാൾ സൗന്ദര്യമുണ്ടായിരുന്നു, ആ മനസ്സിന്. 

‘നാളെയെന്താ പരിപാടി. ഒന്നിവിടംവരെ വരാമോ?’- പി. ഡേവിഡ് (സിനിമാ ഫൊട്ടോഗ്രഫർ. 64 ചിത്രങ്ങളിൽ കൂടെ പ്രവർത്തിച്ചു) 

david-nazir

സൂപ്പർ താരമായി ആകാശത്തോളം ഉയർന്നുനിൽക്കുന്ന സമയമാണ്. എങ്കിലും, ഒരിക്കൽ പോലും ആജ്ഞാസ്വരത്തിൽ അദ്ദേഹം ഒന്നും പറയില്ല. ഇവിടെയൊന്നു വരാമോയെന്ന അപേക്ഷാ സ്വരത്തിലായിരിക്കും സംഭാഷണം തുടങ്ങുന്നത്. നൂറുകണക്കിനു ചലച്ചിത്ര താരങ്ങളുടെ മുഖം എന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എല്ലാവർക്കും ഓരോ പ്രത്യേകതകൾ. ഏത് ആംഗിളിൽ നിന്നു നോക്കിയാലും ഇത്ര സുന്ദരമായ മുഖം ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മനസ്സിന്റെ സൗന്ദര്യമാകണം ചിത്രങ്ങളിൽ കണ്ടത്. അക്കാര്യത്തിൽ പക്ഷേ, ഞാനടക്കമുള്ള എല്ലാ ഫൊട്ടോഗ്രഫർമാരും പരാജയമാണ്- ആ മനസ്സിന്റെ സൗന്ദര്യം അതേപടി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ?

‘അസ്സേ, അയാൾ പാവം’-ആലപ്പി അഷറഫ് (സംവിധായകൻ, തിരക്കഥാകൃത്ത്)

alleppy-ashraf-nazir

കാലം എൺപതുകൾ. ചെന്നൈയിലെ കണ്ണായ സ്ഥലത്ത്, വള്ളുവർക്കോട്ടത്ത് ബ്ലൂ സ്റ്റാർ ബിൽഡിങ് എന്ന കെട്ടിടമുണ്ട്. അന്നു നഗരത്തിലെ സാമാന്യം നല്ല കെട്ടിടങ്ങളിലൊന്ന്. ഇതു പ്രേംനസീർ വാങ്ങി. ആകെ വില 65 ലക്ഷം. 25 ലക്ഷം മുൻകൂർ നൽകി. ആറു മാസത്തിനകം റജിസ്ട്രേഷൻ-ഇതായിരുന്നു കരാർ. ആറു മാസത്തിനിടെ റിയൽ എസ്റ്റേറ്റ് രംഗത്തു വൻ കുതിപ്പ്. കെട്ടിടത്തിനും അതു നിൽക്കുന്ന സ്ഥലത്തിനും വില ഇരട്ടിയോളമായി. ഉടമ കാലു മാറി. കേസായി. ഹൈക്കോടതി നസീറിന് അനുകൂലമായി വിധിച്ചു. വിധിക്കു പിന്നാലെ കെട്ടിട ഉടമസ്ഥൻ ആശുപത്രിയിലായി. നസീർ ആശുപത്രിയിലെത്തി ഉടമസ്ഥനെ കാണാനായി തീവ്രപരിചരണ വിഭാഗത്തിലേക്കു കയറി. 

സിനിമ തോറ്റുപോകുന്ന സീൻ. നസീറിനെ കണ്ടതോടെ അയാൾ കരച്ചിൽ തുടങ്ങി- ‘നസീർ സർ, എനിക്ക് മൂന്നു പെൺകുളന്തകൾ. കാപ്പാത്തുങ്കോ’. കുടുംബത്തോട് എന്തോ പറഞ്ഞ ശേഷം നസീർ ആശുപത്രിക്കു പുറത്തിറങ്ങി. പിന്നീട് സിനിമാ സെറ്റിൽ കണ്ടപ്പോൾ കെട്ടിടത്തിന്റെ കാര്യം ചോദിച്ചു.‘ അസ്സേ, അയാൾ പാവം, ഞാൻ അതങ്ങു മടക്കിനൽകി’. 

പൂവ് ചോദിച്ചപ്പോൾ പൂക്കാലം നൽകിയെന്നു കേട്ടിട്ടല്ലേയുള്ളൂ?. സംഭാവന ചോദിച്ചപ്പോൾ ആനയെ നൽകി വിസ്മയിപ്പിച്ചിട്ടുണ്ട് പ്രേംനസീർ എന്ന മനുഷ്യൻ. ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിൽ ആനയെ വാങ്ങാൻ തീരുമാനിച്ചു. റസീപ്റ്റ് ഉദ്ഘാടനം ചെയ്യാനാണു ഭാരവാഹികൾ നസീറിനെച്ചെന്നു കണ്ടത്. പിരിവൊന്നും വേണ്ട. ആനയെ ഞാൻ വാങ്ങിത്തരാമെന്നു പറയുക മാത്രമല്ല, ലക്ഷണമൊത്തയൊന്നിനെ നടയ്ക്കിരുത്തുകയും ചെയ്തു. കൊമ്പനാന, കടൽ, പ്രേംനസീർ എന്നിവ എത്ര കണ്ടാലും മതിവരില്ലെന്നു തിക്കുറിശ്ശി ഒരിക്കൽ പറഞ്ഞതു വെറുതെയല്ലല്ലോ?

‘രാധമ്മേ, മമ്മിയിൽ നിന്നു കുറച്ചു പണം വാങ്ങി വരൂ’- വഞ്ചിയൂർ രാധ (നടി, കുടുംബ സുഹൃത്ത്) 

v-radha-nazir

അക്കാലത്ത്, മഹാലിംഗപുരം ക്ഷേത്ര ദർശനത്തോടെയാണ് എന്റെ ദിവസം തുടങ്ങുന്നത്. ശേഷം നസീറേട്ടന്റെ വീട്ടിൽ കയറുന്നതു മുടങ്ങാത്ത പതിവാണ്. ഒരു ദിവസം ചെന്നപ്പോൾ മലയാളത്തിൽ അറിയപ്പെടുന്ന ഒരു എഴുത്തുകാരനിരിക്കുന്നു. അവർ സംസാരിച്ചു കൊണ്ടിരിക്കെ, അദ്ദേഹം വിളിച്ചു- മമ്മീ... (ഭാര്യ ഹബീബയെ അങ്ങനെയാണു വിളിക്കുന്നത്). അലമാരയിൽ നിന്ന് ഒരു പൊതിയെടുത്ത് അവർ വന്നയാളിന്റെ കയ്യിൽ കൊടുത്തു. മകളുടെ കല്യാണം പറയാൻ വന്നതാണ്. സന്ദർശകനു നൽകിയത് ഏതോ സിനിമയിൽ അഭിനയിച്ചതിനു നിർമാതാവ് നൽകിയ മുഴുവൻ പ്രതിഫലവും ഉൾപ്പെടുന്ന കവർ... അങ്ങനെ എത്രയെത്ര കാഴ്ചകൾ.

ഒരു കൈ ചെയ്യുന്നതു മറു കൈ അറിയരുതെന്ന നിർബന്ധം. രണ്ടു കാര്യങ്ങളിൽ വാശിയുണ്ടായിരുന്നു- ഭക്ഷണം കഴിക്കുന്ന സമയത്തെത്തുന്ന എല്ലാവർക്കും ഭക്ഷണം നൽകണം. സഹായം ചോദിച്ചെത്തുന്ന ആരെയും വെറും കയ്യോടെ മടക്കരുത്.

അവസാന കാലം വിജയാ ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കുമ്പോൾ പ്രാർഥനയോടെ കൂടെ നിന്നവരിൽ ഞാനുമുണ്ടായിരുന്നു. ആറ്റുകാൽ ക്ഷേത്രത്തിലെ പ്രസാദം നെറ്റിയിൽ ചാർത്തിക്കൊടുത്തതും ഓർമയുണ്ട്. ദൈവങ്ങളൊന്നും പക്ഷേ വിളികേട്ടില്ല. അങ്ങനെയൊരു മനുഷ്യൻ ഇനി ഭൂമിയിൽ ജനിക്കില്ല...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA