പൃഥ്വിയുടെ വില്ലൻ പ്രണവിന്റെ കൂട്ടുകാരൻ

tony-luke
SHARE

ജീത്തു ജോസഫിന്റെ ഊഴം സിനിമയിൽ പൃഥ്വിരാജിന്റെ വില്ലനായി എത്തിയ ആൻഡ്രൂ മാർക്കസിനെ അത്രവേഗമൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ആൻഡ്രൂ മാർക്കസിന് ശേഷം ആദിയിൽ എബിനായും ടോണിലൂക്ക് എന്ന ചങ്ങനാശേരിക്കാരൻ ശ്രദ്ധനേടി. മലയാളി ലുക്കിനേക്കാൾ കൂടുതൽ ടോണിക്കുള്ളത് ഒരു ബോളിവുഡ് നടന്റെ ലുക്കാണ്. എബിനാകാൻ എന്തുകൊണ്ടും അനുയോജ്യമായ ലുക്ക്. ആദിയിൽ പ്രണവ് മോഹൻലാലിനൊപ്പം പ്രധാനപ്പെട്ട വേഷത്തിൽ എത്താൻ സാധിച്ചതിന്റെ സന്തോഷം ടോണിലൂക്ക് പങ്കുവെക്കുന്നു....

ആദിയിലെ അഭിനയത്തെക്കുറിച്ച്?

ആദിയിലെ കഥാപാത്രം കിട്ടിയതിൽ സന്തോഷമുണ്ട്. പ്രയാസമേറിയതും അതുപോലെ പ്രാധാന്യവുമുള്ള കഥാപാത്രമായിരുന്നു. ഊഴം എന്ന സിനിമയിലെ കഥാപാത്രം ചെയ്തതിലൂടെയാണ് എനിക്ക് ഈ വേഷം ലഭിക്കുന്നത്. ഒരു സീനിയർ ആക്ടറിനു കിട്ടേണ്ട ക്യാരക്ടർ, എനിക്ക് തന്നതിൽ ജീത്തു ചേട്ടനോട് നന്ദിയുണ്ട്.

tony-luke-1

പാർക്കൗർ വശമുണ്ടോ?

പാർക്കൗർ ഞാൻ ചെയ്തിട്ടില്ല. എനിക്ക് 6 അടി 3 ഇഞ്ചും 90 കിലോ തൂക്കവും ഉണ്ട്. അങ്ങനെയുള്ള ഒരാൾ അത് ചെയ്തിട്ട് കാര്യമില്ല. ശരീരത്തിന് നല്ല വഴക്കം വേണം. അപ്പു ചെറുപ്പത്തിൽ ജിംനാസ്റ്റിക് ചെയ്യുന്ന ആളായിരുന്നു. അപ്പുവിന്റെ ചെറുപ്പത്തിലെ ഒരു വിഡിയോ ഉണ്ട്. ബീച്ചിൽ തലകുത്തിമറിയുന്ന വിഡിയോ. അപ്പുവിന് ജിംനാസ്റ്റികിന്റെ പരിചയവും, അടിസ്ഥാനവും ഉണ്ട്. അതുകൊണ്ട് അപ്പു പെട്ടെന്ന് തന്നെ പാർക്കർ പഠിച്ചു. എനിക്ക് അതിന്റെ ആവശ്യം ആ സിനിമയിൽ വന്നിട്ടില്ല. ഞാൻ ഒരു കംപ്യൂട്ടർ ടെക് അല്ലേ (ടോണി ചിരിക്കുന്നു).

പ്രണവ് നായകനാകുന്ന ആദ്യ ചിത്രമായിരുന്നു, അണിയറപ്രവർത്തകർക്ക് ടെൻഷനുണ്ടായിരുന്നോ?

ഞാൻ വിചാരിച്ചത് എല്ലാവരും ഭയങ്കരമായ സമ്മർദ്ധത്തിലായിരിക്കും എന്നാണ്. പക്ഷേ ആർക്കും ഒരു ടെൻഷനും ഉണ്ടായില്ല. ജീത്തുചേട്ടന്റെ ഉള്ളിൽ ഉണ്ടായിരിക്കാം. എന്നാൽ അദ്ദേഹം ഒരിക്കലും അത് പുറത്ത് കാണിച്ചില്ല. ഒരുപാട് ആകാംക്ഷയോടെ ആണ് അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പുറത്തു വരുന്നത്. അത് പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു.

അപ്പുവിന് ഒട്ടും ടെൻഷനില്ല. ഭയങ്കര റിലാക്സഡ് ആയിട്ടുള്ള ആളാണ്. എനിക്കൊരു വെക്കേഷൻ പോലെയായിരുന്നു സെറ്റ്. അടുത്ത കൂട്ടുകാരനാണ് അപ്പു, സെറ്റിൽ ആണെങ്കിലും അറിയാവുന്ന ആളുകൾ, ഊഴവും ലൈഫ് ഓഫ് ജോസുകുട്ടിയും കഴിഞ്ഞിട്ട് കാണുന്ന ഒരു സെറ്റായതുകൊണ്ടാവാം ഒട്ടും ടെൻഷൻ തോന്നിയില്ല. അപ്പുവുമായി നല്ല അടുപ്പമുള്ളതുകൊണ്ട് എളുപ്പമായിരുന്നു സീനുകൾ ഒക്കെ എടുത്തു തീർക്കാൻ. ലൈഫ് ഓഫ് ജോസുകുട്ടിയുടെ ഷൂട്ടിങ്ങിൽ ഞാനും അപ്പുവും ഒരുമിച്ച് ന്യൂസിലാൻഡിൽ ഉണ്ടായിരുന്നു.

പ്രണവ് എന്ന സുഹൃത്തിനെക്കുറിച്ച്?

എല്ലാവരും പറയുന്നത് പോലെ അപ്പു ഭയങ്കര പാവമാണ്. ആദ്യമായി അപ്പുവിനെ കാണുമ്പോൾ അദ്ദേഹം ലാലേട്ടന്റെ മകനാണെന്ന് അറിയില്ലായിരുന്നു. അതുപോലെ സിംപിളായിരുന്നു. ഒന്നിച്ച് ഇരിക്കാനും, ലൊക്കേഷനിലേക്ക് കാറിൽ പോകാതെ ഞങ്ങളുടെ കൂടെ നടന്നുവരികയും, എല്ലാവരും റൂം ഷെയർ ചെയ്യുമ്പോൾ അദ്ദേഹവും ഷെയർ ചെയ്യുമായിരുന്നു. കാരവാന്‍ പോയിട്ട് പ്രത്യേക വണ്ടി‍ വേണമെന്ന് പോലും അദ്ദേഹത്തിനില്ല. മാത്രമല്ല അങ്ങനെ കൊടുത്താൽ പോലും കൂടുതൽ സമയം പുറത്തായിരിക്കും ഇരിക്കുന്നത്. നല്ലൊരു മനസിന് ഉടമയാണ് അപ്പു, അതുമാത്രമേ എനിക്ക് പറയാൻ കഴിയൂ.

സിനിമ ഇറങ്ങിയ ശേഷം പ്രണവിനോട് സംസാരിച്ചിരുന്നോ?

റിവ്യൂ വന്നതിന്ശേഷം അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റേതായ ഒരു രീതിയിലാണ് അദ്ദേഹം ജീവിക്കുന്നത്. എല്ലാ ദിവസവും വിളിക്കുകയോ, മെസേജ് അയക്കുവോ ഒന്നും ചെയ്യാറില്ല. ആ സമയത്ത് അദ്ദേഹം ഹിമാലയത്തിലായിരുന്നു. ലാലേട്ടൻ മാത്രമായിരിക്കും മെസേജ് ചെയ്തിരുന്നത് എന്ന് എനിക്ക് തോന്നുന്നു. വേറെ ആരും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നില്ല. എന്തായാലും പടം ബംബർ ഹിറ്റായതിന്റെ ആഘോഷം നടത്തുമ്പോൾ തീർച്ചയായും അപ്പുവിനെ കാണാം.

വരാനിരിക്കുന്ന സിനിമ ഏതാണ്?

ഇനി ഒരു ക്യാംപസ് സ്റ്റോറിയാണ്, നാം. നാം ഷൂട്ട് ചെയ്തത് ഊഴത്തിന്റെ സമയത്തായിരുന്നു. അത് ഇപ്പോൾ ആണ് ഇറങ്ങിയത് . ഒരു കോളജ് സ്റ്റുഡന്റായിട്ടാണ് അതിൽ അഭിനയിക്കുന്നത്. ചെയ്ത സിനിമയേക്കാൾ വ്യത്യസ്തമായ ഒരു സിനിമയാണ് നാം. നല്ലൊരു നടനാണെന്ന് ആളുകൾ പറയണം. ഇപ്പോൾ ഊഴത്തിൽ സിറ്റുവേഷൻ കോമഡി ചെയ്തു, ദേഷ്യവും അഹങ്കാരവും ചെയ്തു മാനേജർ ആയിട്ട് , ആദിയിൽ ഒരു തിങ്കിംങ് മാൻ ആയിട്ട് ചെയ്തു. അപ്പുവിന് താങ്ങായി. എല്ലാവരും പറഞ്ഞു ഈ പൊക്കവും വണ്ണവും വച്ച് നോക്കിയാൽ ഒരു വില്ലൻ ക്യാരക്ടർ ചെയ്യാൻ പറ്റൂ എന്ന്. എന്റെ ക്യാരക്ടർ ലിമിറ്റേഷൻ വച്ച് ഞാൻ അപ്പുവിനെ സിനിമയിലും റിയൽ‌ ലൈഫിലും സപ്പോർ‌ട്ട് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA