സിനിമ നിർത്താനുള്ള ഒരുക്കത്തിലായിരുന്നു: വിനീത

vinitha
SHARE

യു ട്യൂബും ഡബ്‌സ്‌മാഷും ഒന്നുമില്ലായിരുന്നുവെങ്കിൽ വിനീത കോശി ഇപ്പോഴും സിംഗപ്പൂരിൽ ചൈൽഡ് കൗൺസലറുടെ ജോലിയുമായി കഴിഞ്ഞുകൂടിയേനെ. ഫാഷൻ ഫൊട്ടോഗ്രഫറെക്കൊണ്ട് പോർട്ട്‌ഫോളിയോ ചെയ്‌ത് സംവിധായകർക്ക് മെയിൽ അയച്ച് സിനിമയിലേക്കു വന്നയാളല്ല വിനീത. ചെറിയവേഷങ്ങളുടെ അരികുപറ്റി നടന്ന വിനീത സിനിമയുടെ ടൈപ്പ്‌കാസ്റ്റ് വാരിക്കുഴിയിലേക്ക് വീണുപോകുമോയെന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം. പാർവതിയെപ്പോലുള്ള മികച്ച നടിമാരോട് അവസാന നിമിഷം വരെ മൽസരിച്ചു നിന്നുവെന്ന വാർത്തയിലെ അമ്പരപ്പിലാണ് കൊല്ലം സ്വദേശി വിനീത.

യുട്യൂബിലെ വിനീത

കിടിലൻ ഡബ്സ്‌മാഷുകൾ ചെയ്‌ത് കൂട്ടുകാർക്ക് വാട്‌സാപ്പിൽ അയച്ചുതുടങ്ങിയപ്പോഴാണ് വിനീതയിലെ നടിയെ പലരും തിരിച്ചറിഞ്ഞത്. സ്വാഭാവിക നർമമാണ് വിനീതയുടെ പ്ലസ് പോയിന്റ്. ആ കരുത്തിൽ യുട്യൂബിൽ വിനീതകോശി എന്ന ചാനൽ തുടങ്ങി. സിംഗപ്പൂരിൽ മൗണ്ട് എലിസബത്ത് മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇത്. ഡബ്സ്‌മാഷുകൾക്കൊപ്പം വിനീതയുടെ ഏകാഭിനയ വിഡിയോകളും ചാനലിൽ ഇടംപിടിച്ചു. 

Oru Celebrity Jeevitham I Vinitha Koshy I Malayalam Comedy

രണ്ടു ലക്ഷത്തിലേറെ കാഴ്‌ച്ചക്കാരും യുട്യൂബിൽ നിന്ന് വരുമാനവും ലഭിച്ചു തുടങ്ങിയപ്പോഴാണ് ഒരു സുപ്രഭാതത്തിൽ ‘ആനന്ദ’ ത്തിൽ അഭിനയിക്കാൻ വിനീത് ശ്രീനിവാസൻ വിളിക്കുന്നത്. ‘എക്‌സ്‌പറ്റേഷൻ വേഴ്‌സസ് റിയാലിറ്റി’ എന്ന ഹ്രസ്വവിഡിയോ കണ്ടാണ് വിനീത് വിളിച്ചത്. ഓഫിസിൽ നിന്ന് വരുന്ന ഭർത്താവ് ഭാര്യയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ത്? ഭാര്യ നൽകുന്നതെന്ത്? എന്നതായിരുന്നു പ്രമേയം. 

ആനന്ദത്തിൽ കോളജ് വിദ്യാർഥികൾക്കൊപ്പം ടൂർ പോകുന്ന ലവ്‌ലി ടീച്ചർ ശ്രദ്ധിക്കപ്പെട്ടു. 52 ദിവസം ആനന്ദത്തിനു നൽകിയപ്പോൾ സിംഗപ്പൂരിലെ ജോലി വിട്ടു. പിന്നാലെ എബിയിലും അഭിനയിച്ചു. ഒറ്റമുറി വെളിച്ചം സംവിധാനം ചെയ്‌ത രാഹുൽ റെജിനായരുടെ തമിഴ് മ്യൂസിക് ആൽബമായ ‘മൗനം സൊല്ലും വാർത്തൈകളി’ ലും അഭിനയിച്ചു. രണ്ടു സിനിമകൊണ്ട് സെലിബ്രറ്റിയാകുമ്പോൾ പൊട്ടിവിടരുന്ന താരജാഡകളെക്കുറിച്ച് വിനീത തന്നെ ചെയ്‌ത വിഡിയോയും ആരെയും പൊട്ടിച്ചിരിപ്പിക്കും.

ഒറ്റമുറിയിലെ സുധ

പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്ക് കടക്കുകയും അതിനുശേഷം സ്വകാര്യത നഷ്ടപ്പെട്ട് ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നുപോകുന്ന സുധ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ‘ഒറ്റമുറി വെളിച്ചം’. ഞാൻ എനിക്കുവേണ്ടി ഒരു തിരക്കഥ വായിക്കുന്നത് ഈ സിനിമയിലാണ്. ബാക്കി സിനിമകളിൽ നമ്മുടെ കഥാപാത്രത്തെക്കുറിച്ച് മാത്രമേ അറിയുന്നുണ്ടയിരുന്നുള്ളൂ. സത്യത്തിൽ സിനിമയിൽ ടൈപ്പ്‌കാസ്റ്റ് ചെയ്യപ്പെടുന്നതുകണ്ട് സിനിമ നിർത്തി വീണ്ടും ജോലിയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. അപ്പോഴാണ് അവാർഡെത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA