ടേക്ക് പോയപ്പോൾ സംഗതി കൈവിട്ടു പോയി: മൃദുൽ നായർ അഭിമുഖം

mridul-asif
SHARE

ക്യാംപസ് സിനിമകളിൽ പ്രണയവും സൗഹൃദവും കലാലയ രാഷ്ട്രീയവും മാത്രം കണ്ടു ശീലിച്ചവരാണ് നമ്മൾ മലയാളികൾ. ക്യാംപസ് സിനിമകളുടെ ഈ പതിവ് ട്രാക്കിൽ നിന്ന് വഴിമാറി സഞ്ചരിക്കുകയാണ് നവാഗതനായ മൃദുൽ നായരുടെ ബിടെക് എന്ന ചിത്രം. മലയാള സിനിമ ഇന്നോളം അഭിസംബോധന ചെയ്യാൻ ധീരത കാണിക്കാതിരുന്ന ഒരു സാമൂഹിക വിഷയത്തെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നു എന്നത് തന്നെയാണ് മറ്റു ക്യാംപസ് സിനിമകളിൽ നിന്ന് ബി.ടെക്കിനെ വേറിട്ട് നിർത്തുന്ന ഘടകം. വർഗീയ കലാപങ്ങൾ അസ്വസ്ഥമാക്കുന്ന ഒരു കാലഘട്ടത്തിൽ പ്രതീക്ഷയുടെ, സ്വാതന്ത്ര്യത്തിന്റെ തിരിനാളമായി മാറുന്നു ഈ സിനിമ. ബിടെക്കിന്റെ വിശേഷങ്ങൾ സംവിധായകൻ പങ്കുവെക്കുന്നു. 

മലയാള സിനിമ ഇന്നേവരെ പറയാൻ ധൈര്യം കാണിക്കാത്ത ഒരു വിഷയമാണല്ലോ ആദ്യ സിനിമയിൽ തന്നെ ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്

ആറേഴു കൊല്ലങ്ങൾക്കു മുമ്പ് ഉണ്ടായ ഒരു സംഭവത്തിൽ നിന്നായിരുന്നു ബിടെക് എന്ന സിനിമയുടെ കഥാതന്തു രൂപപ്പെടുന്നത്. അന്ന് ബെംഗളൂരിൽ ഞാൻ സ്ഥിരം പോയികൊണ്ടിരുന്ന ബേക്കറിയുടെ സമീപത്ത് നിന്ന് അഞ്ചാറു വണ്ടി പൊലീസ് വന്ന് എനിക്ക് പരിചിതനായ ഒരു ഇറാനിയൻ യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. മുസ്‌ലിം നാമധാരിയായതു കൊണ്ടു മാത്രമാണ് അദ്ദേഹം സംശയിക്കപ്പെട്ടതും അറസ്റ്റ് ചെയ്യപ്പെട്ടതും. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പ്രത്യേകമതവിഭാഗത്തിൽപെട്ടവരെല്ലാം തീവ്രവാദികളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും ഉണ്ടാകുന്നുണ്ട്. എന്റെ സഹസംവിധായകരിൽ ഒരാൾക്കു പേരിന്റെ പേരിൽ അദ്ദേഹത്തിന്റെ തൊഴിലിടങ്ങളിൽ വിവേചനവും മാനസിക പീഡനങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 

mridul-asif-1

ദേശീയ പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിച്ചവരിൽ ഫഹദ് ഫാസിലിനെ മാത്രം തിരഞ്ഞുപിടിച്ചു തീവ്രവാദിയാക്കുന്നു. ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനു പോലും പലപ്പോഴും അദ്ദേഹത്തിന്റെ നാമധേയം മൂലം വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ സിനിമ റിലീസാകുന്നതിനു ആഴ്ചകൾക്കു മുമ്പ് ഹൈദരാബാദ് സ്ഫോടന കേസിൽ 14 വർഷത്തോളം കുറ്റവാളികളായി മുദ്രകുത്തപ്പെട്ടിരുന്ന എട്ടോളം പേർ ജയിൽ മോചിതരായി. മുസ്‌ലിം ആയതുകൊണ്ട് ആരും തീവ്രവാദികളാകുന്നില്ല. ആദ്യ സിനിമ ചെയ്യുമ്പോൾ ഒരു സിനിമ സംവിധാനം ചെയ്യുക എന്നൊരു സ്വപ്നത്തിനപ്പുറത്ത് അത് ഒരു ഗൗരവമുള്ള വിഷയം ചർച്ച ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഇത്തരത്തിലൊരു പാൻ ഇൻഡ്യൻ സബ്ജക്റ്റ് സിനിമയുടെ ന്യൂകിയസായി മാറുന്നത്.

ഞാൻ രാജ്കുമാർ ഹിരാനിയുടെ കടുത്ത ആരാധകനാണ്. അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു ആദ്യ സിനിമയുടെ ഇതിവൃത്തം വളരെ ശക്തമായിരിക്കണമെന്ന്. കേവലം ക്യാംപസ് ദിനങ്ങളുടെ ആഘോഷത്തിനും തിമിർപ്പിനും അപ്പുറം ശക്തമായൊരു വിഷയത്തെ സിനിമ അഡ്രസ് ചെയ്യണമെന്നു എനിക്ക് നിർബന്ധമുണ്ടായിരുന്നു. 

ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ അരങ്ങേറിയ വിദ്യാർഥി സമരങ്ങൾ സിനിമയെ സ്വാധീനിച്ചിട്ടുണ്ടോ 

കനയ്യകുമാർ, രോഹിത് വെമൂല, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും ജെഎൻയുവിലും നടന്ന വിദ്യാർഥി സമരങ്ങൾ ഇവയെല്ലാം പ്രചോദനം ചെലുത്തിയിട്ടുണ്ട്. എന്നാൽ ആ ദിശയിലേക്കായിരുന്നില്ല സിനിമയുടെ സഞ്ചാരം. കേന്ദ്രകഥാപാത്രങ്ങളിലൊരാൾക്ക് ആസാദ് എന്ന് പേരു നൽകുന്നതും അത് പിന്നീട് സ്വാതന്ത്ര്യത്തിന്റെ പ്രതിരോധത്തിന്റെ പേരായി മാറുകയും ആസാദി മൂവ്മെന്റാകുകയും പ്രതിഷേധ സമരങ്ങൾ ബെംഗളൂരിലെ ഫ്രീഡം പാർക്കിൽ ചിത്രീകരിക്കപ്പെടുന്നതും എല്ലാം നിമിത്തങ്ങളായിരുന്നു. 

btech-trailer

ഷൂട്ടിങിനിടെ താരങ്ങൾക്കു നേരേ ആക്രമണം ഉണ്ടാകുകയും സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നല്ലോ

ബെംഗളൂരിലെ ഫ്രീഡം പാർക്കിൽവെച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധ പ്രകടനങ്ങൾ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. അവിടെവെച്ച് ആസിഫ് അലിയുടെ ഒരു ചെറിയ പ്രസംഗമുണ്ട്. അവിടെ വിദ്യാർഥികളുടെ ഒരു കൂട്ടം ഉണ്ട്. അതിൽ ജൂനിയർ ആർട്ടിസ്റ്റുകളും ഉണ്ട്. അവരുടെ പിന്നിലാണ് ജൂനിയർ ആർട്ടിസ്റ്റുകളായ പൊലീസുകാർ നിലയുറപ്പിച്ചത്. 11 ജൂനിയർ ആർട്ടിസ്റ്റ് പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഇവരിൽ മൂന്നു പേരു മാത്രം സ്റ്റേജിൽ കയറുകയും ആസിഫ് ഉൾപ്പടെയുള്ള മുൻനിര താരങ്ങളെ ലാത്തിചാർജ്ജ് ചെയ്യാനുമായിരുന്നു നിർദ്ദേശം നൽകിയിരുന്നത്. റിഹേഴ്സലിൽ അവർ അത് കൃത്യമായി ചെയ്തു. 

എന്നാൽ ടേക്ക് പോയപ്പോൾ സംഗതി കൈവിട്ടു പോയി. അവരെല്ലാവരും സ്റ്റേജിൽ കയറി പ്രധാന താരങ്ങൾക്കു നേരേ ലാത്തി വീശാൻ തുടങ്ങി. അഞ്ഞൂറോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. രണ്ടു ക്യാമറകൾ ഉപയോഗിച്ചായിരുന്നു ഷൂട്ടിങ്. ഒരു ക്യാമറ വൈഡ് ആങ്കിളായിട്ടാണ് സെറ്റ് ചെയ്തിരുന്നത്. ഞങ്ങൾ അവിടെ നിന്ന് ഓടി ചെന്നു ഇവരെ പിടിച്ച് മാറ്റാൻ കഴിയുമായിരുന്നില്ല. പലതവണ കട്ട് പറഞ്ഞിട്ടും അവരത് കേൾക്കാനും കൂട്ടാക്കിയില്ല. പിന്നെ ഞാൻ അവരെ പിടിച്ച് മാറ്റി. 

നമ്മൾ നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ച് പെരുമാറിയതിന്റെ പേരിൽ ഞാൻ അവരോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു. ഇത് കണ്ടു നിന്ന ചില പ്രാദേശികവാസികൾ സെറ്റിലേക്ക് കയറി വരുകയും ഇടപെടുകയും ചെറിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. മാപ്പ് പറയണമെന്നും ആവശ്യപ്പെടുകയും കാരവനും മറ്റും നേരേ കല്ലെറിയുകയും ചെയ്തിരുന്നു. അരമണിക്കൂറിനുള്ളിൽ പൊലീസ് എത്തി രംഗം ശാന്തമാക്കി. 

ബെംഗളൂരും ബിടെക്കും സിനിമയുടെ പശ്ചാത്തലമാക്കാൻ കാരണം 

ഞാൻ പ്ലസ്ടു പഠനം പൂർത്തിയാക്കിയതു മുതൽ കഴിഞ്ഞ 15 വർഷമായി ബെംഗളൂരിലാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിലെ മറ്റ് ഏതൊരു യുവസംവിധായകനെക്കാൾ ബെംഗളൂർ നഗരത്തിന്റെ നെഞ്ചിടുപ്പുകൾ എനിക്കറിയാം. ഞാൻ എൻജിനീയറിങ് പഠിച്ചിട്ടില്ലെങ്കിലും ഒരു എൻജിനീയറിങ് കോളജിന്റെ പിന്നാലാണ് താമസിച്ചിരുന്നത്. കോളജിലെ പല വിദ്യാർഥകളുമായി അടുത്ത സൗഹൃദവും ഉണ്ടായിരുന്നു. അവിടുത്തെ വിദ്യാർഥി അല്ലാഞ്ഞിട്ട് കൂടി ഞാൻ അവരുടെ കോളജ് ഡേയ്ക്കൊക്കെ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഇയർ ഔട്ട് സംവിധാനം ഇല്ല, സപ്ലി മാത്രമേ ഉള്ളു. അങ്ങനെ എല്ലാ അർത്ഥത്തിലും സിനിമക്കു അനുയോജ്യമായ പശ്ചാത്തലം ബെംഗളൂരാണെന്ന് തോന്നി. 

mridul-asif-4

ബിടെക് എന്ന പേരിൽ തന്നെ ടെക്നോളജി ഒളിഞ്ഞു കിടപ്പുണ്ട്. ഈ സാങ്കേതിക വിദ്യ മാനവരാശിയുടെ നന്മക്കും തിന്മക്കും വേണ്ടി ഒരേപോലെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ‘ടെക്നോളജി’യെയാണ് സിനിമ പ്രശ്നവത്ക്കരിക്കാൻ ശ്രമിക്കുന്നത്. സിനിമയിൽ തന്നെ സാങ്കേതികവിദ്യ പലഘട്ടത്തിലും പലരീതിയിലാണ് കഥാപാത്രങ്ങൾ ഉപയോഗിക്കുന്നത്. ആസിഫ് അലിയുടെ ആനന്ദ് എന്ന കഥാപാത്രത്തിനു വേണ്ടി ചെയ്യുന്ന പ്രൊജക്റ്റിനും കഥാഗതിയിൽ നിർണായക സ്ഥാനമുണ്ട്. അങ്ങനെ പല കാരണങ്ങളാണ് ബി.ടെക്. സിനിമയുടെ കേന്ദ്രബിന്ദുവായി മാറുന്നത്. 

ഹീറോയിസം കാണിക്കാൻ പുകവലി നിർബന്ധമാണോ?, ആസിഫ് അലി പലപ്പോഴും സിഗററ്റിന്റെ ബ്രാൻഡ് അംബാസിഡറാകുന്ന പ്രതീതി ഉണ്ടല്ലോ

ഹീറോയിസം കാണിക്കാൻ ഒരിക്കലും പുകവലി ആവശ്യമാണെന്ന് ഞാൻ കരുതുന്നില്ല. കേരളത്തിനെ അപേക്ഷിച്ച് സ്മോക്കിങ് കൾച്ചർ ബെംഗളൂരിൽ കൂടുതലാണ്. നമ്മൾ ബാംഗ്ലൂരിലെ ഒരു ചായകടയിലോ ബേക്കറിയിലോ ചെന്നിരിക്കുമ്പോൾ ഒരു കയ്യിൽ ചായഗ്ലാസും മറ്റേ കയ്യിൽ സിഗരറ്റും പുകച്ചുകൊണ്ടിരിക്കുന്ന പിള്ളേരെ കണ്ടാൽ ഉറപ്പിക്കാം മലയാളികളാണെന്ന്. ആസിഫ് അലിയുടെ കഥാപാത്രം സോക്കറിനെ പ്രണയിക്കുകയും അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി എൻജിനീയറിങ് തിരഞ്ഞെടുക്കുകയും ചെയ്ത വ്യക്തിയാണ്. ഒരു റിബൽ എലമെന്റുള്ള കഥാപാത്രമാണ് ആനന്ദിന്റേത്. ആ കഥാപാത്രം പുകവലി ആവശ്യപ്പെടുന്നുണ്ട്, അല്ലാതെ ഒരു ഹീറോയിസത്തിനു വേണ്ടി മാത്രം പുകവലി ഉപയോഗിച്ചിട്ടില്ല. സിനിമയുടെ രണ്ടു നിർണായക രംഗങ്ങളിൽ ആനന്ദിന്റെ കഥാപാത്രത്തിനു നേരേ സിഗരറ്റ് വെച്ചു നീട്ടുമ്പോൾ അയാൾ അത് നിഷേധിക്കുന്നുമുണ്ട്. 

കേന്ദ്രകഥാപാത്രമായ ആസാദായി അർജ്ജുൻ അശോകനെ കണ്ടെത്തുന്നത് എങ്ങനെയാണ്

ആസാദിന്റെ കഥാപാത്രത്തിൽ ആരെ കാസ്റ്റ് ചെയ്യും എന്നത് വലിയ പ്രശ്നമായിരുന്നു. 18-24നും ഇടയിൽ പ്രായമുള്ള ഒരുപാട് പേരെ ഓഡിഷനിലൂടെ കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഒടുവിൽ മറ്റൊരു നടനെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഡേറ്റ് ക്ലാഷായി അയാളെ ഒഴിവാക്കേണ്ടി വന്നു. ഇതിനിടയിൽ പനമ്പിളി നഗറിൽ വെച്ച് അർജ്ജുൻ അശോകിനെ കണ്ടുമുട്ടി എന്റെയൊരു സുഹൃത്ത് ആസാദിന്റെ വേഷം ഇവൻ ചെയ്താൽ നന്നാകുമെന്ന് പറഞ്ഞു. എനിക്ക് അർജ്ജുനെ വ്യക്തിപരമായി അറിയില്ലായിരുന്നു. 

പറവ സിനിമയിൽ കണ്ട പരിചയം മാത്രമേ ഉള്ളു. അന്ന് രാത്രി ആസിഫ് അലി വളരെ യാദ്യചികമായി എന്നെ വിളിച്ച് ആസാദിന്റെ വേഷം അർജ്ജുൻ ചെയ്താൽ നന്നാകും എന്നു പറഞ്ഞു. അർജ്ജുനുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചപ്പോഴും സിനിമയുടെ അണിയറ പ്രവർത്തകർക്ക് പരിചയ സമ്പന്നരായ ആരെങ്കിലും ആ വേഷം ചെയ്താൽ മതിയെന്നായിരുന്നു. കാരണം സിനിമയുടെ ഹൃദയം ആസാദിന്റെ കഥാപാത്രമാണ്. ഒടുവിൽ ഷൂട്ടിങ് തുടങ്ങുന്നതിനു രണ്ടാഴ്ച മുമ്പ മാത്രമാണ് അർജ്ജുനെ ആസാദായി നിശ്ചയിക്കുന്നത്. തീരുമാനം ശരിയായിരുന്നു എന്ന് അടിവരയിടുന്നു അർജ്ജുന്റെ പ്രകടനവും പ്രേക്ഷകരുടെ പ്രതികരണവും. 

അപർണ ബാലമുരളിയുടെ വ്യത്യസ്ത വേഷമാണല്ലോ പ്രിയയുടേത് 

അപർണയോട് കഥ പറയുമ്പോൾ ഞാൻ പറഞ്ഞിരുന്നു ഇത് ആനന്ദിന്റെയും അയാളുടെ സുഹൃത്തുകൾക്കും പ്രധാന്യമുള്ള കഥയാണെന്ന്. പക്ഷേ എനിക്ക് ക്യാരക്ടർ ഇഷ്ടമായി എന്നും എന്തായാലും ചെയ്യാമെന്നും അപർണ നിലപാട് എടുത്തു. മറ്റു താരങ്ങളെ അപേക്ഷിച്ച് അപർണക്കു സ്ക്രീൻ സ്പേസ് കുറവാണ്. അത് കാര്യമാക്കാതെ അപർണ ആ വേഷം ചെയ്യാൻ തയ്യാറായതിൽ ഒരുപാട് സന്തോഷമുണ്ട്. അതേസമയം സീനുകൾ കുറവാണെങ്കിൽ അപർണ അവതരിപ്പിച്ച കഥാപാത്രത്തിന് കഥാഗതിയിൽ നിർണായക സ്വാധീനവും ഉണ്ട്. 

ആത്മകഥാംശമുണ്ടോ സിനിമയിൽ 

തീർച്ചയായിട്ടും ഇതിലെ പല കഥാപാത്രങ്ങളും എനിക്ക് നിത്യജീവിതത്തിൽ പരിചിതരായ മനുഷ്യൻമാരാണ്. അലൻസിയറും ജാഫറും ഇടുക്കിയും അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ എനിക്ക് വ്യക്തിപരമായി അറിയാവുന്നവരാണ്. ഇയർ ഔട്ടായി സപ്ലിമെന്ററി പരീക്ഷ എഴുതികൊണ്ടിരിക്കുന്ന ഭാസിയുടെ നിസാറിന്റെ കഥാപാത്രങ്ങൾ വീട്ടിൽ പറഞ്ഞിരിക്കുന്നത് അവർ ബാംഗ്ലൂർ തന്നെ ജോലിക്കു കയറി എന്നൊക്കെയാണ്. മകന് ജോലി കിട്ടിയെന്ന് അറിഞ്ഞ് നാട്ടിൽ നിന്ന് ഉമ്മ വിവാഹ ആലോചനയൊക്കെ തുടങ്ങുന്നുണ്ട്. ഇങ്ങനെ അച്ഛൻ അമ്മമാരെ പറ്റിച്ചു ബാംഗ്ലൂരിൽ കഴിയുന്ന വിരുതൻമാർ എന്റെ സൗഹൃദവലയത്തിൽ ഉണ്ടായിരുന്നു. മൊട്ട മനോജിനെ പോലെ പഠിച്ച കോളജിൽ തന്നെ അധ്യാപകനായി ഇയർ ഔട്ടായ സഹപാഠികളോട് പ്രതികാരം ചെയ്യുന്നവരും പരിചിതമുഖങ്ങളാണ്. 

മതേതരമായ വിഷയം ചർച്ച ചെയ്യുന്ന സിനിമയുടെ സംവിധായകന്റെ ജാതി വാല് വിമർശിക്കപ്പെടുമ്പോൾ

ഒരിക്കലും പേരിനൊപ്പം ജാതീയത കൊണ്ടു നടക്കുന്ന വ്യക്തിയല്ല ഞാൻ. അച്ഛനും അമ്മയും നൽകിയ പേരാണ്. ഞാൻ പഠിക്കുന്ന സമയത്ത്  സ്കൂളിൽ തന്നെ മൃദുൽ എന്ന് പേരുള്ള നാലു വിദ്യാർഥികളുണ്ടായിരുന്നു. എന്നെ തിരിച്ചറിഞ്ഞിരുന്നത് ഫുൾ നെയിം വിളിച്ചായിരുന്നു. അങ്ങനെ കാലക്രമത്തിൽ ആ പേര് ഒരു ഐഡന്റിറ്റിയായി മാറിയതാണ്. സിനിമയിൽ തന്നെ ആനന്ദ് സുബ്രമണ്യത്തെ അവതരിപ്പിച്ചിരിക്കുന്നത് ആസിഫ് അലിയും ആസാദ് മുഹമ്മദിനെ അവതരിപ്പിച്ചിരിക്കുന്നത് അർജ്ജുൻ അശോകനുമാണ്. അത് നമ്മൾ അങ്ങനെ വേണമെന്നു തീരുമാനിച്ച് ചെയ്തതല്ല. അങ്ങനെ സംഭവിച്ചതാണ്. 

അതുകൊണ്ട് പേര് കാരണം മാത്രം ഒരാളെ വിലയിരുത്തത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഈ സിനിമയും ഒരു മതവിഭാഗത്തെയോ രാഷ്ട്രീയ പ്രസ്ഥാനത്തെയോ താഴ്ത്തി കാണിക്കുന്നില്ല. എല്ലാ വിശ്വാസത്തിൽപ്പെടുന്ന മനുഷ്യൻമാരും സ്നേഹത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണമെന്നു തന്നെയാണ് എന്റെയും ഈ സിനിമയുടെ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും ആഗ്രഹവും പ്രാർത്ഥനയും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA