കൊച്ചുണ്ണിയുടെ വില്ലൻ; ഒരുകാര്യത്തിൽ ടെൻഷൻ: സണ്ണി വെയ്ൻ

nivin-sunny-wayne
SHARE

ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും കേരളത്തിലെ തിയറ്ററുകളിൽ പടയോട്ടം നടത്തുമ്പോൾ അവർക്കൊപ്പം തലയെടുപ്പോടെ നിൽക്കുകയാണ് സണ്ണി വെയ്ൻ എന്ന നടൻ. കേശവൻ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ ആദ്യ വില്ലൻ കഥാപാത്രത്തെ സണ്ണി അവിസ്മരണീയമാക്കി. മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത നായക–പ്രതിനായക പോരാട്ടം മാറ്റൊട്ടും കുറയാതെ പകർന്നാടുന്നതിൽ നിവിനൊപ്പം സണ്ണി വെയ്നും നിർണായക പങ്കുണ്ട്. കൊച്ചുണ്ണിയെക്കുറിച്ചും ആദ്യ വില്ലൻ കഥാപാത്രം ചെയ്ത അനുഭവത്തെക്കുറിച്ചും മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പങ്കു വച്ചു. 

ഒരുപാടു ദിവസത്തെ കഠിനാധ്വാനം

എല്ലാവരും വിളിച്ചിട്ട് കലക്കിയെന്നു പറയുന്നു. നന്നായി ചെയ്തുവെന്നു പറഞ്ഞു കേൾക്കുമ്പോൾ വളരെയധികം സന്തോഷം. ഒരുപാടു ദിവസത്തെ കഠിനാധ്വാനമുണ്ട്. അത് പ്രേക്ഷകരിലേക്കെത്തി എന്നറിയുമ്പോൾ സന്തോഷം. കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലും ഞാൻ ചെയ്ത കേശവൻ എന്ന കഥാപാത്രത്തിലും വളരെയധികം സന്തുഷ്ടനാണ്.  

കുറെയധികം നിലത്തു വീഴേണ്ടി വന്നിട്ടുണ്ട്

സിനിമയിൽ കളരിയഭ്യാസമൊക്കെ ചെയ്യുന്നുണ്ട്. അതിനായി കൃത്യമായ പരിശീലനം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഫൈറ്റ് സീക്വൻസുകൾ തെറ്റു പറയാത്ത രീതിയിൽ ചെയ്തു ഫലിപ്പിക്കാൻ സാധിച്ചു. ഫൈറ്റും മറ്റു അഭ്യാസങ്ങളും ഉള്ളതിനാൽ കായികമായി അധ്വാനം കൂടുതലായിരുന്നു. പിന്നെ, ഇടി കൊള്ളുന്ന വില്ലൻ ആയതിനാൽ ഇടയ്ക്കൊക്കെ നിലത്തു വീഴേണ്ടി വരുമല്ലോ. അങ്ങനെ, കുറെയധികം നിലത്തു വീഴേണ്ടി വന്നിട്ടുണ്ട്. ഒരുപാടു മണ്ണുപുരണ്ടു ചെയ്ത കഥാപാത്രമാണ് കേശവൻ. 

nivin-sunny-wayne-3

നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ഇതാദ്യം

കരിയറിൽ ആദ്യമായാണ് നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിന്റെയൊരു പുതുമയുണ്ട്. വ്യത്യസ്തമായ ഒരു ശ്രമമായിരുന്നു. അത് ആളുകൾ നൂറു ശതമാനവും അംഗീകരിച്ചു എന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച വേഷങ്ങൾ ചെയ്യുന്നതിന് ഇതു തീർച്ചയായും പ്രോത്സാഹനമാണ്.  

നിവിൻ പോളിയുടെ വില്ലൻ

‍ജീവിതത്തിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. സിനിമയിൽ പക്ഷേ നായകനും പ്രതിനായകനുമായാണ് എത്തുന്നത്. ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ ഞങ്ങൾ തികച്ചും എതിർപക്ഷത്തുള്ള ആളുകളായി മാറും. കട്ട് പറഞ്ഞാൻ നമ്മൾ വീണ്ടും പഴയ ചങ്ങാതിമാർ. വളരെ രസകരമായ സെറ്റ് ആയിരുന്നു. 

nivin-sunny-wayne-1

അതിശയിപ്പിച്ച അനുഭവം

മലയാളത്തിലെ ഒരു വമ്പൻ പ്രൊജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതു ഭാഗ്യം. പല സിനിമകളിൽ കഴിവു തെളിയിച്ച പ്രഗത്ഭരായ താരങ്ങൾക്കൊപ്പമായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്. കൂടെ അഭിനയിക്കുന്നവരിൽ നിന്നു ലഭിച്ച ഊർജ്ജം വലുതായിരുന്നു. നമ്മൾ ചെയ്യുന്നത് ശരിയാണ് എന്നൊക്കെയുള്ള തോന്നൽ സ്വാഭാവികമായി ഉണ്ടാകുമല്ലോ! എന്നാൽ ചിലരുടെ അഭിനയം കണ്ടിട്ട് അവരെത്ര ഭംഗിയായിട്ടാണ് ചെയ്യുന്നതെന്ന് അതിശയിച്ചു പോയിട്ടുണ്ട്. അഭിനയം മെച്ചപ്പെടുത്തുന്നതിന് തീർച്ചയായും ഇത് സഹായിച്ചിട്ടുണ്ട്. 

ടെൻഷനുള്ളത് ഒരു കാര്യത്തിന് മാത്രം

സിനിമ കണ്ടിട്ട് എന്റെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞത്, എന്നെ കണ്ടാൽ രണ്ടെണ്ണം തരണമെന്നു തോന്നും എന്നാണ്. അതിനു മാത്രമൊന്നും സിനിമയിൽ ചെയ്തിട്ടില്ലല്ലോ എന്നായിരുന്നു ഞാനപ്പോൾ ആലോചിച്ചത്. അങ്ങനെ ആ കഥാപാത്രം തോന്നിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നെ ഇഷ്ടമുള്ള കുഞ്ഞുങ്ങൾ എങ്ങനെയായിരിക്കും അത് സ്വീകരിക്കുക എന്നു ചിന്തിച്ചു പോയി. അതിനെക്കുറിച്ചു മാത്രമേ ടെൻഷനുള്ളൂ. ആരാധികമാർക്ക് ഇതൊരു കഥാപാത്രമാണെന്ന തിരിച്ചറിവുണ്ടല്ലോ... എന്നാൽ കുഞ്ഞുങ്ങൾക്ക് അങ്ങനെയല്ല. എനിക്ക് കൊച്ചുകുട്ടികളായ ആരാധകർ നിരവധിയുണ്ട്. 

nivin-sunny-wayne-4

കേശവൻ കഴിഞ്ഞാൽ സത്യൻ

നവാഗതനായ മജു സംവിധാനം ചെയ്യുന്ന ഫ്രഞ്ചു വിപ്ലവമാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ഒക്ടോബർ 26നു സിനിമ പ്രദർശനത്തിനെത്തും. കേശവൻ കഴിഞ്ഞാൽ ഇനി സത്യനാണ്. നല്ല പ്രതീക്ഷുള്ള ചിത്രമാണ് ഫ്രഞ്ചു വിപ്ലവം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA