കള്ളന്റെ കഥയ്ക്ക് അനുമതി നൽകില്ല; കായംകുളം കൊച്ചുണ്ണിയുടെ അറിയാക്കഥ

kv-koshi
SHARE

മലയാളത്തിന്റെ അഭ്രപാളിയിൽ കായംകുളം കൊച്ചുണ്ണി രണ്ടു തവണ അവതരിച്ചിട്ടുണ്ട്. 1966ൽ സത്യൻ കൊച്ചുണ്ണി എന്ന നന്മയുള്ള കള്ളനെ അവിസ്മരണീയമാക്കിയപ്പോൾ 2018ൽ ആ നിയോഗം തേടി വന്നത് നിവിൻ പോളിയെ ആയിരുന്നു. എന്നാൽ ഈ രണ്ടു സിനിമകൾക്കും മുൻപ് കായംകുളം കൊച്ചുണ്ണി സിനിമയാക്കാൻ മോഹിച്ച ഒരു നിർമാതാവുണ്ടായിരുന്നു. കേരളത്തിൽ ആദ്യമായി സിനിമാവിതരണ കമ്പനി സ്ഥാപിച്ച കെ.വി. കോശി. 

തമിഴ് സിനിമകൾ മലയാളക്കര വാണിരുന്ന കാലത്ത് നല്ല സിനിമകൾ മദ്രാസിൽ നിന്നും സേലത്തു നിന്നും നേരിട്ടു പോയി വാങ്ങി കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കാൻ മുന്നിട്ടറങ്ങിയ ഒരു സിനിമാ വ്യവസായിയായിരുന്നു കെ.വി കോശി. ഭക്തസിനിമകളല്ലാതെ സാമൂഹ്യപ്രസക്തിയുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാകണമെന്നു ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സിനിമാ വിതരണത്തിൽ നിന്നും സിനിമാ നിർമാണത്തിലേക്ക് കെ.വി. കോശിയെ എത്തിച്ചത് ഈ ആഗ്രഹമായിരുന്നു. 

വെള്ളി നക്ഷത്രം, നല്ല തങ്ക, ജീവിത നൗക തുടങ്ങിയ ആദ്യകാല മലയാള സിനിമകളുടെ നിർമാണത്തിൽ പങ്കാളിയായിരുന്ന കെ.വി. കോശിയുടെ മനസിലാണ് കായംകുളം കൊച്ചുണ്ണിയുടെ കഥ സിനിമയാക്കണമെന്ന ചിന്ത ആദ്യം ഉണ്ടായത്. അതിനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചു. കൊട്ടാരക്കരയെക്കൊണ്ടു സംഭാഷണം എഴുതിച്ചു. അഭയദേവിനെയും ദക്ഷിണാമൂർത്തിയെയും കൊണ്ട് പാട്ടുകളും തയാറാക്കി. എന്നാൽ ചിത്രീകരണത്തിനു മുൻപെ സിനിമ മുടങ്ങി. ഒരു കള്ളന്റെ കഥ സിനിമയാക്കിയാൽ അതിന് അനുമതി നൽകാൻ കഴിയില്ലെന്ന സെൻസർ ബോർഡിന്റെ നിർബന്ധബുദ്ധിയാണ് ചിത്രത്തെ ഇല്ലാതാക്കിയത്. അതിനെക്കുറിച്ചു കെ.വി കോശി 'എന്റെ സിനിമാ സ്മരണകൾ' എന്ന പുസ്കത്തിൽ വിവരിക്കുന്നണ്ട്. അതിങ്ങനെ: 

" 'പുത്രധർമ്മ'ത്തിനുശേഷം കായംകുളം കൊച്ചുണ്ണിയുടെ കഥയെ ആധാരമാക്കി. ഒരു ചിത്രം നിർമിക്കാൻ ഞാൻ ശ്രമിച്ചു. കൊച്ചുണ്ണിയെപ്പറ്റിയുള്ള ഐതിഹ്യങ്ങളെല്ലാം സംഭരിച്ചും കിട്ടാവുന്ന ഗ്രന്ഥങ്ങളെല്ലാം ശേഖരിച്ചു പഠിച്ചു. ശ്രീ. കെ.പി കൊട്ടാരക്കരയെക്കൊണ്ടു സംഭാഷണം എഴുതിച്ചു. അഭയദേവിനെയും ദക്ഷിണാമൂർത്തിയെയും കൂട്ടി ഗാനങ്ങൾ തയ്യാറാക്കി. എങ്കിലും പാട്ടുകൾ റിക്കാർഡു ചെയ്യുന്നതിനു മുൻപ്, സെൻസർ ബോർഡുമായി ഒന്നാലോചിക്കണമെന്നെനിക്കു തോന്നി. അന്നത്തെ സെൻസർ ബോർഡിനെക്കുറിച്ചറിയാവുന്ന എനിക്ക് കായംകുളം കൊച്ചുണ്ണിയുടെ കഥയെക്കുറിച്ച് അവർക്കു തോന്നാവുന്ന അഭിപ്രായത്തിൽ സംശയമുണ്ടായിരുന്നു. തന്മൂലം കായംകുളം കൊച്ചുണ്ണിയ്ക്കു ഞാൻ തയ്യാറാക്കിയ സംഭാഷണം മുഴുവൻ ഇംഗ്ലീഷിലേക്കു തർജമ ചെയ്തു സെൻസർ ഓഫീസറെ കാണിച്ചു. അദ്ദേഹം അതു വായിച്ചിട്ടു പറഞ്ഞതിങ്ങനെയാണ്: ഈ കഥയെടുത്താൽ നിങ്ങൾക്കു ധാരാളം പണം സമ്പാദിക്കാം. എന്നാൽ കേരളത്തിലെ കുപ്രസിദ്ധനായ ഒരു കള്ളന്റെ കഥയാകയാൽ സെൻസർ ചെയ്തു തരാൻ നിവൃത്തിയില്ല. അതോടെ ആ ശ്രമം ഞാനുപേക്ഷിച്ചു." 

1955–56 കാലഘട്ടത്തിലായിരുന്നു കെ.വി കോശിയുടെ ഈ ശ്രമം നടന്നത്. പിന്നീട്, ഒരു ദശാബ്ദത്തിനു ശേഷം സത്യനെ നായകനാക്കി പി.എ തോമസ് കായംകുളം കൊച്ചുണ്ണിയെ അഭ്രപാളിയിലെത്തിച്ചു. സിനിമയിൽ ഒരു മുഴുനീള വേഷത്തിൽ ഗായകൻ യേശുദാസ് പാടി അഭിനയിക്കുകയും ചെയ്തു. അന്നത്തെ കാലത്ത് ഒരു വമ്പൻ ഹിറ്റായിരുന്നു ആ ചിത്രം. 

യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനെ നായകനാക്കി സിനിമയെടുക്കാൻ ധൈര്യം കാണിച്ചതും (നല്ല തങ്ക) അബ്ദുൾ ഖാദർ എന്ന യുവ നാടകപ്രവർത്തകനെ പ്രേം നസീറാക്കി (വിശപ്പിന്റെ വിളി) സിനിമ എടുത്തതും കെ.വി കോശിയെന്ന നിർമാതാവായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ കഥ സിനിമയാക്കാൻ സാധിച്ചില്ലെങ്കിലും ഒത്തിരി നല്ല ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ചാണ് അദ്ദേഹം കടന്നു പോയത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA