ബാഹുബലി 2 ചൈനയിൽ പരാജയം?

baahubal-2-china-collection
SHARE

വലിയ വിജയം സ്വപ്നം കണ്ട് ചൈനയിൽ റിലീസ് ചെയ്ത ബാഹുബലി 2 ചൈനീസ് ബോക്സ്ഓഫീസിൽ അത്ഭുതങ്ങളൊന്നും സൃഷ്ടിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ച 7000 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയത്. ആഗോളകലക്ഷൻ 2000 കോടി ലക്ഷ്യമിട്ടാണ് രാജമൗലിയും കൂട്ടരും ചൈനീസ് റിലീസിനെത്തിയത്.

ബാഹുബലി ആദ്യഭാഗത്തെക്കാൾ വൻ വരവേൽപ്പാണ് ചൈനയിൽ രണ്ടാം ഭാഗത്തിന് ലഭിച്ചത്. ആദ്യദിനം 19 കോടി വാരിക്കൂട്ടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കലക്ഷൻ കുറയുകയായിരുന്നു. ഒരുവാരം പിന്നിടുമ്പോൾ സിനിമയ്ക്ക് ആകെ ലഭിച്ചത് 57 കോടി രൂപയാണ്.

ആമിർ ഖാന്റെ സീക്രട്ട് സൂപ്പർസ്റ്റാർ ആദ്യവാരം 173 കോടിയും ഇർഫാൻ ഖാന്റെ ഹിന്ദി മീഡിയം 102 കോടിയുമാണ് ആദ്യവാരം ചൈനീസ് ബോക്സ്ഓഫീസിൽ നിന്നും വാരിയത്. ഈ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബാഹുബലി 2 പരാജയപ്പെട്ടെന്ന് പറയാം. അടുത്ത ആഴ്ച അവഞ്ചേർസ് ഇൻഫിനിറ്റി വാർ കൂടി ചൈനയിൽ റിലീസിനെത്തുന്നതോടെ ബാഹുബലിയുടെ പടയോട്ടം ഏകദേശം അവസാനിക്കും. 

2122 കോടിയുമായി ആഗോളകലക്ഷനിൽ ദംഗലാണ് ഒന്നാമത്. 1771 കോടിയുമായി ബാഹുബലി 2 രണ്ടാമതും. ആമിർ തന്നെ നിർമിച്ച സീക്രട്ട് സൂപ്പർസ്റ്റാർ മൂന്നാമത് (975 കോടി). സൽമാന്റെ ബജ്രംഗി ഭായിജാൻ നാലാമത്. (957 കോടി).

ദംഗൽ ചൈനയിൽ നിന്നും വാരിക്കൂട്ടിയത് 1300 കോടിയാണ്. (ഇന്ത്യ അല്ലാതെ മറ്റുരാജ്യങ്ങളിലെ കലക്ഷനിലൂടെ ലഭിച്ചത് 1908 കോടി) സീക്രട്ട് സൂപ്പർസ്റ്റാർ 874 കോടി. 27 ദിവസം കൊണ്ട് ബജ്രംഗി ഭായിജാൻ ചൈനയിൽ നിന്ന് വാരിയത് 287 കോടിയും.

ബാഹുബലി 2വിന്റെ പ്രതികരണം ഇങ്ങനെയാണെങ്കിൽ ചിത്രം ചൈനയിൽ 100 കോടി പോലും കടക്കില്ലെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.

ജപ്പാനിലും ബാഹുബലി 2 റിലീസ് ചെയ്തിരുന്നു. ജപ്പാനിൽ ചിത്രം മികച്ച പ്രതികരണം കാഴ്ചവെച്ചിരുന്നു. 2017 ഏപ്രില്‍ 28 നാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യമായി 1000 കോടി രൂപ കലക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്ന റെക്കോർഡ് ബാഹുബലി 2 സ്വന്തമാക്കിയിരുന്നു. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും സിനിമ പുറത്തിറക്കിയിരുന്നു.

കോടികളുടെ സൂപ്പർസ്റ്റാർ; കണ്ടു പഠിക്കണം ആമിറിന്റെ ബുദ്ധി

ബാഹുബലി ആദ്യഭാഗം ചൈനയില്‍ പരാജയമായിരുന്നു. 2016 ജൂലൈയിലാണ് ബാഹുബലിയുടെ ആദ്യഭാഗം ചൈനയിൽ റിലീസ് ചെയ്യുന്നത്. ആറായിരം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ചിത്രം ആകെ നേടിയത് 7 കോടി രൂപമാത്രമാണ്.

ചൈനയിൽ റിലീസ് ചെയ്ത മറ്റുസിനിമകൾ

ആവാര(1951)–രാജ് കപൂറിന്റെ ക്ലാസിക് ഹിറ്റ് ആവാരയാണ് ചൈനയിൽ ആദ്യം റിലീസ് ചെയ്ത ഇന്ത്യൻ സിനിമ.

ത്രീ ഇഡിയറ്റ്സ്–രാജ്കുമാർ ഹിറാനി–ആമിർ ഖാൻ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം. 16 കോടിയാണ് ചിത്രം ചൈനയിൽ നിന്ന് കലക്ട് ചെയ്തത്.

മൈ നെയിം ഈസ് ഖാൻ–കരൺ ജോഹർ–ഷാരൂഖ് ചിത്രം. ചൈനയിൽ വലിയ പരാജയമായിരുന്നു ഈ സിനിമ. 50 ലക്ഷമാണ് കലക്ഷൻ ലഭിച്ചത്.

ഡൽഹി സഫാരി– നിഖിൽ അധ്വാനിയുടെ അനിമേഷൻ ചിത്രം. 10 കോടി ചിത്രം കലക്ട് ചെയ്തു. 

ധൂം 3–ആമിർ ഖാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം. 24 കോടി വാരി.

പികെ–രാജ് കുമാർ ഹിറാനി–ആമിര്‍ കൂട്ടുകെട്ടിലെ മറ്റൊരു സൂപ്പർഹിറ്റ്. 123 കോടിയാണ് ചൈന കലക്ഷൻ.

ഹാപ്പി ന്യൂ ഇയർ– ഷാരൂഖ് ഖാന്റെ മ്യൂസിക്കൽ കോമഡി സിനിമ. 1.68 കോടിയാണ് കലക്ഷൻ. വിതരണത്തിനെടുത്ത തുക പോലും കലക്ഷനായി ലഭിച്ചില്ല.

ഫാൻ–മനീഷ് ശർമ–ഷാരൂഖ് ചിത്രം. അതും പരാജമായി. 1.49 കോടിയാണ് കലക്ഷൻ.

ദംഗൽ ചൈനയിൽ വിതരണത്തിനെടുത്ത ഇസ്റ്റാര്‍ കമ്പനി തന്നെയാണ് ബാഹുബലി 2 ചൈനയിൽ റിലീസിനെത്തിച്ചത്. എത്ര തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയതെന്ന വിവരം ലഭ്യമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA