ആ രംഗം ചിത്രീകരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി, സെറ്റാകെ നിശബ്ദമായി: മുരുഗദോസ്

sarkar-murugadoss
SHARE

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ആരംഭം മുതൽ നിരവധി പ്രതിസന്ധികളാണ് സംവിധായകൻ എ.ആർ മുരുഗദോസിന് നേരിടേണ്ടി വന്നത്. ഒത്തിരി വൈകാരികമായ പ്രതിസന്ധികളും ചിത്രീകരണത്തിനിടെ ഉടലെടുത്തു.

‘സർക്കാർ സിനിമ ചിത്രീകരിക്കുന്നതിനിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി തിരുനെൽവേലി ആത്മഹത്യാരംഗം ചിത്രീകരിക്കുമ്പോഴാണെന്ന് തുറന്നു പറയുകയാണ് മുരുഗദോസ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ. ‘എന്റെ തലച്ചോറിനെ പോലും മരവിപ്പിക്കുന്ന സംഭവമായിരുന്നു അത്. സർക്കാരിന്റെ ടീസർ പുറത്തിറങ്ങിയതു മുതൽ 2017 ഒക്ടോബറിൽ നടന്ന ആ ദാരുണ സംഭവം വീണ്ടും ചർച്ചയായി.’

‘ശരീരത്തിൽ തീ പടർന്നപ്പോഴും അവർ അനങ്ങാതെ നിന്ന ദൃശ്യങ്ങൾ എന്നെ വിടാതെ വേട്ടയാടി. ചിത്രീകരണ സമയത്തും അഭിനേതാക്കൾക്കും നിർദേശങ്ങൾ നൽകുമ്പോഴും വല്ലാതെ അസ്വസ്ഥനായിരുന്നു ഞാൻ. ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഞാൻ നിർത്താതെ പൊട്ടിക്കരഞ്ഞു. അത്രയധികം എന്റെ മനസിനു മുറിവേറ്റിരുന്നു. എന്റെ അണിയറപ്രവർത്തകരും എന്നോടോപ്പം കഴിഞ്ഞു. ആ സീനിനു ശേഷം പരിപൂർണ നിശബദയായിരുന്നു. ചിത്രത്തിന്റെ പ്രചാരണത്തിനു വേണ്ടിയുളള പാഴ്‌വാക്കുകളല്ല ഇത് എന്റെ നെഞ്ചിൽ തൊട്ടാണ് ഞാനിത് പറയുന്നത്.’– മുരുഗദോസ് പറയുന്നു.

കടബാധ്യതയെക്കുറിച്ച് പരാതി നല്‍കാനെത്തിയ ഒരു കുടുംബത്തിലെ നാലു പേര്‍ തിരുനെല്‍വേലി കളക്ടറേറ്റിൽ തീ കൊളുത്തി ആത്മഹത്യചെയ്തത് സമൂഹമനസാക്ഷിയെ വല്ലാതെ പിടിച്ച് ഉലച്ച സംഭവമായിരുന്നു. 2017 ഒക്ടോബറിലാണ് സംഭവം നടന്നത്. കാശിധർമം സ്വദേശികളായ ഇസൈക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും അവരുടെ രണ്ട് പെൺകുഞ്ഞുങ്ങളുമാണ് ആത്മഹത്യ ചെയ്തത്. സുബ്ബുലക്ഷ്മിയും കുട്ടികളും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

ഇസൈക്കിമുത്തു ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്നായിരുന്നു അവർ ജീവനൊടുക്കിയത്. തമിഴ്നാട്ടിൽ അത്രയധികം ചർച്ചയായ സംഭവം സിനിമയിലേയ്ക്ക് പറിച്ചു നട്ടത് ഏറെ ചിന്തകൾക്കും ഒരുക്കത്തിനും ശേഷമാണെന്ന് മുരുഗദോസ് പറഞ്ഞു.

വിജയ് പ്രധാനവേഷത്തിൽ എത്തുന്ന സർക്കാർ നവംബർ 7 ന് പുറത്തിറങ്ങും. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA