‘300 രൂപയുമായി ഒളിച്ചോടിയ ഡ്രൈവറുടെ മകൻ, മരണമാസ്സെന്ന് നാം വാഴ്ത്തുന്ന കെജിഎഫ് നായകൻ യാഷ്’

kgf-hero-yash
SHARE

‘നിങ്ങൾ ഒരു നടനാവണമെന്ന് മോഹിച്ചാൽ നിങ്ങളതായിരിക്കും’ ബെസ്റ്റ് ആക്ടർ  എന്ന സിനിമയിൽ രഞ്ജിത്തിന്റെ കഥാപാത്രം മമ്മൂട്ടിയുടെ നായകകഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗാണിത്. കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യയിൽ തരംഗമായി മാറിയ മെൽവിൻ യാഷ് എന്ന നടന്റെ ജീവിതവും സിനിമയിലേക്കുള്ള യാത്രയും ഏതാണ്ട് സമാനമാണ്. നടനാവണമെന്ന് ആഗ്രഹിച്ച് വീട്ടിൽ നിന്ന് ഒളിച്ചോടി ഇപ്പോൾ സൂപ്പർതാരമായ യാഷിനും ഒറ്റ ആഗ്രമേ ഉണ്ടായിരുന്നുള്ളൂ. ‘എങ്ങനെയും നടനാവുക’. 

ഇന്ത്യയിൽ തന്നെ ദയനീയം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഇൻഡസ്ട്രി. പേര് സാൻഡൽവുഡ്. നിലവാരമില്ലാത്ത സിനിമകൾ എന്ന് പറഞ്ഞ് പരിഹസിച്ച് തളളുകയായിരുന്നു നാം ഇതുവരെ. ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും വിസ്മയങ്ങൾ വിരിയുമ്പോൾ എന്നും തട്ടുപൊളിപ്പൻ സൃഷ്ടികൾ മാത്രമേ കന്നട സിനിമയിൽ നിന്ന് ഉണ്ടാകൂെവന്ന മുൻവിധികൾ മാറ്റിയെഴുതുകയാണ് കെജിഎഫ് എന്ന ചിത്രം. 

കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ ബാഹുബലിയെ വെല്ലുന്ന ചിത്രം പണിപ്പുരയിലെന്ന് സംവിധായകൻ പ്രശാന്ത് നീലും റോക്കിംഗ് സ്റ്റാർ എന്ന വിളിപ്പേരുളള മെൽവിൻ യാഷും അവകാശവാദം ഉന്നയിച്ചപ്പോൾ ഇന്ത്യൻ സിനിമാലോകം ഗൗനിച്ചതു പോലുമില്ല. ഡിസംബർ 23–നു ശേഷം എല്ലാം മാറി. ചരിത്രത്തിൽ ആദ്യമായാണ് ഒരു കന്നഡസിനിമ അഞ്ചു ഭാഷകളിൽ ഇന്ത്യയിലുടനീളം പ്രദർശനത്തിനെത്തിയത്. കേരളത്തിലെ തീയറ്ററുകൾ ഒരു കന്നട സിനിമയക്കു വേണ്ടി ആർപ്പുവിളികൾ ഉയരുന്നതു തന്നെ ചരിത്രത്തിൽ ആദ്യമായാണ്. ആ ആർപ്പുവിളിയുടെ കയ്യടിയും റോക്കിംഗ് സ്റ്റാർ യാഷിന് അവകാശപ്പെട്ടതാണ്. പതിറ്റാണ്ടുകളുടെ കഠിനയാതനകൾക്കും സമർപ്പണത്തിനുമുളള അംഗീകാരം. കന്നഡ സിനിമയെന്ന പേര് ഉച്ചരിക്കുന്നതു പോലും അയിത്തമായി കരുതിയിരുന്ന സിനിമാപ്രവർത്തകർക്കിടിയിൽ സാൻഡൽവുഡിന് തലയുയർ‌ത്തിപ്പിടിക്കാൻ അവസരമൊരുക്കി കെജിഎഫ്.

ബസ് ഡ്രൈവറായിരുന്നു യാഷിന്റെ പിതാവ്. മകനെ ഒരു സർക്കാർ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. നവീൻ കുമാർ എന്നായിരുന്നു യാഷിന്റെ യഥാർത്ഥ പേര്. വീട്ടമ്മയായിരുന്നു അമ്മ. അവർക്ക് ചെറിയ ഒരു കടയുണ്ടായിരുന്നു. അവിടെ പച്ചക്കറിയും വിറ്റിരുന്നു. കട നോക്കി നടത്തിയിരുന്നത് യാഷ് ആയിരുന്നു. നടനാകണമെന്ന ആഗ്രഹം വീട്ടിൽ വിലപ്പോയില്ല. ചെറുതായിരുന്നപ്പോൾ മുതൽ ഒരു ഹീറോയാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 

‘എന്റെ അധ്യാപകർ വരെ എന്നെ ഹീറോയെന്ന് വിളിച്ചു. എന്റെ സ്വപ്നങ്ങളാണ് എന്നെ ഇതുവരെ നടത്തിയത്. എന്റെ സ്വപ്നങ്ങളിലാണ് ഞാൻ ഇതുവരെ നടന്നതും. എന്റെ മോഹം നടക്കില്ലെന്ന് ഉറപ്പായപ്പോൾ നടനാകാൻ വേണ്ടി വീട്ടിൽ നിന്ന് ഒളിച്ചോടി. 300 രൂപ മാത്രമാണ് എന്റെ കയ്യിൽ അന്ന് ഉണ്ടായിരുന്നത്. ബെഗംളുരുവിൽ എത്തിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇത്രയും വലിയ ഒരു നഗരം ഞാൻ ആദ്യമായി കാണുകയായിരുന്നു. പക്ഷേ തോൽക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഞാൻ ആത്മവിശ്വാസം ഉളള ആളാണ് അന്നും ഇന്നും. ലോകം ഒരിക്കൽ എന്നെ ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. വീട്ടിലേയ്ക്ക് എന്തു വന്നാലും മടങ്ങില്ല എന്നു തന്നെയായിരുന്നു തീരുമാനം. വീട്ടിലെത്തിയാൽ പിന്നെ ഒരു തിരിച്ചു പോക്കില്ലെന്ന് ഞാൻ ഉറപ്പിച്ചു.’ യാഷ് പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA