‘ഞാൻ കട്ട ലാലേട്ടൻ ഫാൻ, അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ കരഞ്ഞു പോയി’ തുറന്നു പറഞ്ഞ് ദുർഗ

SHARE

സിനിമയിലെത്തും മുമ്പും സിനിമയിലെത്തിക്കഴിഞ്ഞും മോഹൻലാലിനെ കാണണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്ന് നടി ദുർഗ കൃഷ്ണ. അമ്മ മഴവിൽ ഷോയുടെ റിഹേഴ്സൽ സമയത്ത് മോഹൻലാലിനെ അടുത്ത്് കണ്ടപ്പോൾ താൻ കരഞ്ഞു പോയെന്നും ദുർഗ പറയുന്നു. മനോരമ ഒാൺലൈനിന്റെ ഐമീമൈസെൽഫിലാണ് ദുർഗ വെളിപ്പെടുത്തൽ‌ നടത്തിയത്. 

പ്രേതം 2–ന്റെ ഷൂട്ടിങ്ങിനായി വരിക്കാശ്ശേരി മനയിൽ എത്തിയപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് ലാലേട്ടന്റെ മുഖമാണെന്ന് ദുർഗ പറയുന്നു. ‘മനയും അതിനു മുന്നിലുള്ള ചാരുകസേരയും കണ്ടപ്പോൾ ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമകളുമാണ് മനസ്സിലേക്കു വന്നത്. ഞാൻ ഒരു ഭയങ്കര ലാലേട്ടൻ ഫാനാണ്. സിനിമയിലെത്തിയപ്പോൾ ഞാനാദ്യമായി ഒരാഗ്രഹം ആവശ്യപ്പെട്ടത് എനിക്ക് ലാലേട്ടനെ കാണണമെന്നതായിരുന്നു. സിനിമയിൽ വരുന്നതിനു മുമ്പും അദ്ദേഹത്തിനെ കാണാൻ ഒരുപാട് ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൊക്കെ സ്ഥിരമായി മെസേജുകൾ അയച്ചിരുന്നു. ലാലേട്ടനെ കാണാനുള്ള ആഗ്രഹം പറഞ്ഞും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് പറഞ്ഞുമൊക്കെ വലിയ മെസേജുകൾ അദ്ദേഹത്തിന് അക്കാലത്ത് അയച്ചിരുന്നു’ ദുർഗ പറയുന്നു. 

‘സിനിമയിൽ എത്തിയപ്പോൾ ഞാനും ലാലേട്ടനുള്ള സ്ഥലത്ത് തന്നെ എത്തിയല്ലോ എന്നൊരു ആശ്വാസം ഉണ്ടായിരുന്നു. അമ്മ മഴവിൽ ഷോയുടെ റിഹേഴ്സൽ സമയത്ത് ലാലേട്ടനും ഉണ്ടെന്നറിഞ്ഞു. ഒാരോ ഗ്രൂപ്പിനും റിഹേഴ്സലിനായി ഒാരോ മുറിയായിരുന്നു തന്നിരുന്നത്. ആദ്യ ദിവസം ലാലേട്ടനുള്ള മുറിയുടെ മുന്നിൽ കൂടി ആദ്ദേഹത്തെ കാണാൻ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടന്നു. രണ്ടാമത്തെ ദിവസം ഞങ്ങളുടെ ഡാൻസ് മാസ്റ്ററുടെ അടുത്ത് സംശയം ചോദിക്കാൻ ലാലേട്ടൻ വന്നു. ലാലേട്ടനെ അടുത്ത് കണ്ടതോടെ ഞാൻ ഷോക്കായി. ഒന്നും മിണ്ടാൻ പറ്റിയില്ല. അദ്ദേഹം തിരിച്ചു പോകുകയും ചെയ്തു. എനിക്കാകെ വിഷമമായി. തൊട്ടു പിന്നാലെ എന്നെ ഒരു സ്കിറ്റിനായി വിളിച്ചു. ലാലേട്ടനും മറ്റ് സീനിയർ താരങ്ങളും അവിടെയുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്തു പോയി, സംസാരിച്ചു ഒടുവിൽ കരഞ്ഞു പോയി. ലാലേട്ടന്റെ അടുത്ത് ഇരിക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേക എനെർജിയുണ്ട്. അത് എന്താണ് എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ ലാലേട്ടന്റെ ഡാൻസ് പണ്ടു തൊട്ടേ എനിക്കിഷ്ടമാണ്. അതൊക്കെ അടുത്ത് കാണാൻ പറ്റി. എന്റെ വലിയ ഭാഗ്യമാണ് അത്.’ ദുർഗ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA