'സുഡു'മോൻ വീണ്ടും, പ്രതീക്ഷ കാക്കുന്ന കരീബിയൻ ഉടായിപ്പ്; റിവ്യു

OKU
SHARE

മലയാള സിനിമയ്ക്ക് ഒരുപാടു പ്രതീക്ഷകൾ സമ്മാനിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ സാമുവൽ അബിയോള റോബിൻസൺ എന്ന വിദേശനടനെ വീണ്ടും മലയാളത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു കരീബിയൻ ഉഡായിപ്പ്. ആറുപേരുടെ കുട്ടിക്കാലം മുതലുള്ള സൗഹൃദം ക്യാംപസിലേക്കു വളരുന്നതും അവിടെ മൊട്ടിടുന്ന പ്രണയവും വിടരുന്ന സൗഹൃദങ്ങളും ദുഃഖങ്ങളുമെല്ലാമാണ് കരീബിയൻ ഉഡായിപ്പിന്റെ പ്രമേയം.

ക്യാംപസും സംഗീതവും മ്യൂസിക് ബാൻഡും അതിന്റെ പേരിലുണ്ടാകുന്ന തർക്കങ്ങളുമെല്ലാം സിനിമയിൽ വിഷയമാകുന്നു. ഏതു തർക്കത്തിന്റെയും അതിരുകളില്ലാതാക്കാൻ സാധിക്കുന്ന ക്യാംപസ് സൗഹൃദത്തിന്റെ കഥയ്ക്കു വേദിയാകുന്നത് കോയമ്പത്തൂർ നെഹ്‌റു കോളജാണ്. പുതുമുഖ സംവിധായകൻ എ. ജോജിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മേഘ മാത്യു, വിഷ്ണു ഗോവിന്ദ്, മറീന, അനീഷ് മേനോൻ തുടങ്ങിയ പരിചിത മുഖങ്ങൾക്കൊപ്പം, കെവിൻ എന്ന മുഖ്യ കഥാപാത്രമായെത്തുന്ന റിഷി പ്രകാശ്, വിഷ്ണു വിനയ് തുടങ്ങി ഒരുപിടി പുതുമുഖനടന്മാരും ചിത്രത്തിലുണ്ട്. ആർ.വി.കെ. നായരാണ് നിർമാണം. 

എത്ര പ്രായമായാലും നമ്മുടെ കൂട്ടുകെട്ട് തകരില്ലെന്ന് പ്രതി‍ജ്ഞയെടുത്തുള്ള കൂട്ടുചേരലാണ് കെവിൻ, അഭിജിത്ത്, ഗോവിന്ദ്, ബെൻസൺ, മീനാക്ഷി, വിധുശ്രീ എന്നിവരുടേത്. ടൈറ്റിൽ സീനുകൾ മുതൽ കുറേ നേരത്തേക്കെങ്കിലും ബാല്യകാലത്തിന്റെ നൊസ്റ്റാൾജിയയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകാൻ സിനിമയ്ക്കു കഴിയുന്നുണ്ട്. ആമ്പൽക്കുളവും പാടവരമ്പുകളുമെല്ലാം പതിവു സംഗതികളാണെങ്കിലും ഒരു പരിധി വരെ ചിത്രത്തെ മനോഹരമാക്കാൻ ഈ ദൃശ്യങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.

oku-movie

ക്യാംപസിലേക്കും വളരുന്ന ആ സൗഹൃദ സംഘത്തിന് ആദ്യ ദിവസംതന്നെ ക്യാംപസിൽ നേരിടേണ്ടി വരുന്നത് വിദേശവിദ്യാർഥി  ‌ടിക് ടോക് എന്ന സാമുവലുമായുള്ള തർക്കങ്ങളാണ്. ഇതെന്റെ ക്യാംപസാണെന്ന വാദമാണ് സാമുവലിനുള്ളത്. സാമുവേലിന്റെ നേതൃത്വത്തിലുള്ള സീനിയർ വിദ്യാർഥി സംഘവും അവരുടെ മ്യൂസിക് ട്രൂപ്പിന് വെല്ലുവിളിയായി എത്തുന്ന ജൂനിയർ വിദ്യാർഥികളുടെ മ്യൂസിക് ട്രൂപ്പും തമ്മിലുള്ള ശത്രുതയിലൂടെയാണ് സിനിമ കടന്നു പോകുന്നത്. ചെറിയ തർക്കങ്ങൾ കലഹങ്ങളിൽ കലാശിക്കുന്നതും പരസ്പര ശത്രുത വളരുന്നതും ഇതിനിടെ മൊട്ടിടുന്ന ചെറു പ്രണയങ്ങളുമെല്ലാം മനോഹരമായി സംവിധായകൻ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ആറുപേരടങ്ങുന്ന സൗഹൃദ സംഘത്തിലേക്ക് മ്യൂസിക് സംഘത്തിലെ പ്രധാന പാട്ടുകാരൻ കെവിന്റെ പ്രണയിനിയായാണ് മേഘാ മാത്യൂസിന്റെ കഥാപാത്രം എത്തുന്നത്. അതിനിടെ മുഖ്യഗായകനു സംഭവിക്കുന്ന അപകടം കഥാഗതി മാറ്റിമറിക്കുന്നു. ആദ്യപാതിയിൽ വാർഡന്റെയും അധ്യാപകരുടെയും പഞ്ചാരയടി മുതൽ ശരീരപ്രദർശനവുമായി എത്തുന്ന അധ്യാപികയെ വരെ അവതരിപ്പിച്ച് ഹാസ്യമുണ്ടാക്കാൻ ശ്രമിക്കുന്ന ചിത്രത്തിന്റെ രണ്ടാം പാതി കെവിനു നേരിട്ട അപകടത്തിന്റെ ബാക്കിയായുള്ള കണ്ണീരിന്റെയും എന്താണു സംഭവിക്കുന്നതെന്ന ഉദ്വേഗത്തിന്റെയും കാഴ്ചകളായി മാറുന്നു. 

സംഗീതം ഇഷ്ടപ്പെടുന്നവർക്ക് ഒരു റിയാലിറ്റി ഷോ കാണുന്ന മൂഡിൽ രണ്ടാംപകുതിയുടെ നല്ലൊരു ഭാഗവും ആസ്വദിക്കാനാകും. തുടക്കം മുതൽ കലിപ്പു മുഖവുമായി സിനിമയിൽ അവതരിപ്പിക്കപ്പെട്ട ടിക് ടോക് സാമുവൽ എന്ന സാമുവലിന്റെ കഥാപാത്രം മാത്രമാണ് അവസാനം വരെയും വില്ലൻ റോളിൽ തിളങ്ങി നിൽക്കുന്നത്. മറ്റുള്ളവരുടെ ശത്രുതയെല്ലാം സഹപാഠിയുടെ അപകടത്തിനുമുന്നിൽ അലിഞ്ഞ് ഇല്ലാതാകുന്നതും സിനിമയിൽ കാണാം.

നമ്മൾ എത്ര സ്വപ്നം കണ്ടാലും എന്തെല്ലാം നേടിയാലും വിധി നമുക്കു വേണ്ടി മാറ്റിവച്ചിരിക്കുന്നത് മറ്റൊന്നായാൽ എന്തു ചെയ്യും എന്ന സങ്കടം ബാക്കിവച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA