ലോക നെറുകയിൽ വീണ്ടും ലേഡി ഗാഗ; ഗോൾഡൺ ഗ്ലോബിൽ തിളങ്ങി ഷാലോ

lady-gaga-golden-globe
SHARE

'ബെസ്റ്റ് ഒറിജിനൽ സോങ്ങി'നുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഷാലോയ്ക്ക്. ബെവെളി ഹിൽടൺ ഹോട്ടലിൽ ലേഡി ഗാഗയും മാർക് റോൺസണും ചേർന്ന് പുരസ്കാരം സ്വീകരിച്ചു. 'എ സ്റ്റാർ ഈസ് ബോൺ' എന്ന ചിത്രത്തിലേതാണു ഗാനം

2018ൽ ലോകം കേട്ട ഏറ്റവും മികച്ച ഗാനമാണു ഷാലോ. ലേഡി ഗാഗയും ബ്രാഡ്‌ലി കൂപ്പറുമാണ് ഗാനരംഗത്തിൽ എത്തുന്നത്. മാർക് റോൺസണ്‍, ആന്റണി റൊസമന്റോ, ആൻഡ്ര്യൂ വയറ്റ് എന്നിവർക്കൊപ്പം ലേഡി ഗാഗയും ചേർന്നാണു വരികൾ എഴുതിയിരിക്കുന്നത്. ബെന്‍ജമിന്‍ റൈസും ലേഡി ഗാഗയും ചേർന്നാണു നിർമാണം.ഗാനത്തിന്റെ വരികൾ നേരത്തെ തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ഈ ആധുനിക ലോകത്തിൽ നമ്മൾ സംതൃപ്തരാണോ എന്ന് അന്വേഷിക്കുകയാണ് ഗാനം.  

lady-gaga

ഹൃദയസ്പര്‍ശിയായി ഈ സംഗീതം ആസ്വാദകരിലെത്തിക്കാൻ ബ്രാഡ്‌ലികൂപ്പറിനു സാധിച്ചു. എന്താണോ ഈ ഗാനത്തിലൂടെ ആസ്വാദകരിലെത്തിക്കാൻ ഞങ്ങൾ സ്വപ്നം കണ്ടത് അത് ഭംഗിയായി  കൂപ്പർ  എത്തിച്ചതായി പുരസ്കാരം സ്വീകരിച്ചുകൊണ്ട് മാർക് റോൺസൺ പറഞ്ഞു. മാത്രമല്ല, ലേഡി ഗാഗയെ പോലൊരു സ്ത്രീയുടെ നേതൃത്വത്തിൽ ഇത് ചിട്ടപ്പെടുത്താൻ കഴിഞ്ഞതിനാലാണ് ഈ നേട്ടമെന്നും റോൺസൺ കൂട്ടിച്ചേര്‍ത്തു. 

പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഗാഗ വിതുമ്പി. 'ഒരു സ്ത്രീ എന്ന നിലയിൽ വളരെ പ്രയാസങ്ങൾ തരണം ചെയ്താണു സംഗീത രംഗത്ത് കരുത്താർജിക്കാൻ കഴിയുന്നത്.' അതിനായി സഹായിച്ച എല്ലാവരോടും ലേഡി ഗാഗ നന്ദി പറഞ്ഞു. 'ഒരു അഭിനേത്രി എന്ന നിലയിൽ സിനിമയിലെ കഥാപാത്രത്തെ നമ്മൾ പഠിക്കും. പക്ഷേ, കഥാപാത്രമായി നമ്മൾ ജീവിക്കുകയാണു വേണ്ടതെന്നു പഠിച്ചതു ബ്രാഡ്‌ലി കൂപ്പറാണ്. യഥാർഥത്തിൽ നമ്മളെന്താണോ അതിൽ നിന്നു പൂർണമായും മുക്തമായി, ഷാലോയുടെ വരികൾ കേൾക്കണമെന്ന് പറഞ്ഞത് കൂപ്പറാണ്.' അങ്ങനെ ചെയ്തതിനാലാണ് ഗാനരംഗങ്ങള്‍ മനോഹരമാക്കാൻ സാധിച്ചതെന്നും ലേഡി ഗാഗ പറഞ്ഞു. 

golden-globe

ലേഡി ഗാഗയുടെ രണ്ടാം ഗോള്‍ഡൻ ഗ്ലോബ് പുരസ്കാര നേട്ടമാണ് ഇത്. ആൾ ദ് സ്റ്റാർസ്, ബ്ലാക്ക് പാൻന്തർ, ഗേൾ ഇൻ ദ് മൂവീസ്, റിക്വം ഫോർ എ പ്രൈവറ്റ് വാർ, റിവലേഷൻ എന്നീ ഗാനങ്ങളെ പിൻതള്ളിയാണ് ഷാലോ സുവർണ നേട്ടം സ്വന്തമാക്കിയത്. ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രങ്ങളുടെ പട്ടികയിലും എ സ്റ്റാർ ഈസ് ബോൺ ഇടം നേടിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA