സ്വന്തം നാട്ടിൽ ബന്ദികൾ

SHARE

ജീവനു ഭീഷണി നിലനിൽക്കുന്നതിനാൽ കഴിഞ്ഞ 10 ദിവസമായി  ഉറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണ് കോട്ടയത്തിനടുത്തു പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി അംഗങ്ങളായ ആറു കുടുംബങ്ങളിലെ 25 പേർ.  പുറത്തിറങ്ങിയാൽ ജീവനെടുക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാലാണ് വീട്ടിലേക്കു മടങ്ങാനാകാതെ കുഞ്ഞുങ്ങളടക്കം ഈ സംഘം പൊലീസ് കാവലിൽ പള്ളിയിൽ കഴിയുന്നത്. ഇക്കഴിഞ്ഞ 23നു രാത്രിയിൽ സ്ത്രീകളും കുട്ടികളും അടങ്ങിയ കാരൾ സംഘത്തെ പ്രാദേശിക യുവാക്കൾ അടങ്ങിയ സംഘം ആക്രമിച്ചതിനെത്തുടർന്നാണു ഭീഷണി ഉയർന്നത്. സംഭവത്തിൽ ആറു  ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തെങ്കിലും അവർക്കു ജാമ്യം ലഭിച്ചതോടെ ഭീഷണിയേറിയെന്നാണ് ആരോപണം. 

കാരൾസംഘത്തെ ആക്രമിച്ച സംഘം അന്നു കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി അടിച്ചുതകർത്തിരുന്നു. അക്രമത്തിൽ ഭയന്ന കുട്ടികളും സ്ത്രീകളും അൾത്താരയ്ക്കു പിന്നിൽ ഒളിക്കേണ്ടിവന്നെന്നും പരാതിക്കാർ പറയുന്നു. കാരൾസംഘത്തിൽ നുഴഞ്ഞുകയറി നഗ്നതാപ്രദർശനം നടത്തിയ അക്രമികളെ ചോദ്യം ചെയ്തതാണു പ്രകോപനം. പള്ളിയിലെ ഉപകരണങ്ങൾ നശിപ്പിച്ച സംഘം പരിസരത്തെ നാലു വീടുകൾക്കും ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ എന്നിവയ്ക്കും നേരെ ആക്രമണം നടത്തി.  ഭക്ഷണമടക്കം നശിപ്പിച്ച സംഘം, സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുക പോലും ചെയ്തു. 

ഒരു ബിടെക് വിദ്യാർഥിനിയുടെ മുഖത്തു കല്ലേറിൽ ഗുരുതരപരുക്കേറ്റു. ഭയംമൂലം പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും നിറകണ്ണുകളോടെ പല പെൺകുട്ടികളും വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ പൊലീസിനോടു പലതവണ പറഞ്ഞിട്ടും പരാതികൾ നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. സംഭവം നടന്ന പാത്താമുട്ടം മേഖലയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് അക്രമികൾ ഇപ്പോൾ ആ പ്രദേശത്തു വിഹരിക്കുകയാണെന്നും സഭാംഗങ്ങൾക്കു വധഭീഷണിയുണ്ടെന്നും പള്ളി ഭാരവാഹികൾ ആരോപിക്കുന്നു.  

നിസ്സാര വകുപ്പുകൾ മാത്രമാണ് അക്രമികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ചിട്ടും വേണ്ട ഗൗരവത്തോടെ കേസ് പൊലീസ് കൈകാര്യം ചെയ്തില്ല. ഉന്നതരായ ചിലർ അതിന് അനുവദിച്ചില്ല എന്നും ആരോപണമുണ്ട്.   

ശുചിമുറിസൗകര്യങ്ങളോ അടച്ചുറപ്പോ ഇല്ലാത്ത പള്ളിയിലാണു പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ കഴിയുന്നത്. ശുചിമുറി ഉപയോഗിക്കാനും മറ്റും പുറത്തിറങ്ങേണ്ടിവരുന്നവരെ അക്രമിസംഘത്തിലെ ചിലർ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും  ചെയ്യുന്നതായി പള്ളിയിൽ കഴിയുന്ന പെൺകുട്ടികൾ പറയുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർ മാത്രം കഴിയുന്ന ഇൗ മേഖലയിൽ അടിസ്ഥാനസൗകര്യങ്ങളുള്ള വീടുകളും കുറവാണ്. 

സർക്കാരിന്റെ ഭാഗത്തുനിന്നു കൃത്യമായ ഉറപ്പു ലഭിക്കാതെ ഇവർക്കു വീടുകളിലേക്കു മടങ്ങാനാവില്ല. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമികൾ അഴിഞ്ഞാടുന്നതെന്നും അവരെ പാർട്ടി ജില്ലാ കമ്മിറ്റി ഇടപെട്ടു നിയന്ത്രിക്കണമെന്നുമാണ് ആവശ്യം.   

ഈ സംഭവം മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം തന്നെയാണ്. പെൺകുട്ടികൾക്കുനേരെ ആക്രമണമുണ്ടായിട്ടും അക്കാര്യം ഗൗരവമായി കൈകാര്യം ചെയ്യാത്തതും പൊലീസിന്റെ വീഴ്ച തന്നെ. ഈ പാവപ്പെട്ടവരുടെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ടതു സംസ്ഥാന സർക്കാരാണ്. ഈ ചുമതല നിറവേറ്റുന്നതിൽ രാഷ്ട്രീയ പരിഗണനകൾ  തടസ്സമാകരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA