കേരളം ഇങ്ങനെ അപേക്ഷിക്കുന്നു

SHARE

ഹർത്താലായാലും പൊതുപണിമുടക്കായാലും വാഹനപണിമുടക്കായാലും നാടിനെ നിശ്‌ചലമാക്കിയാണു നമ്മുടെ രാഷ്‌ട്രീയകക്ഷികൾ ശക്‌തി കാണിക്കാൻ ശ്രമിക്കുക. നാളെയും ബുധനാഴ്ചയുമായി നടക്കുന്ന 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് കേരളത്തിലും സമ്പൂർണമാക്കാൻ ഭരണ – പ്രതിപക്ഷങ്ങൾ കൈകോർക്കുമ്പോൾ പാവം ജനത്തെ മറന്നുപോയിക്കൂടാ. 

കേന്ദ്ര തൊഴിൽനയങ്ങളിലുൾപ്പെടെയുള്ള പ്രതിഷേധമറിയിച്ച് കേന്ദ്ര – സംസ്ഥാന ജീവനക്കാരടക്കം എല്ലാ തൊഴിൽ മേഖലകളിലുമുള്ളവർ രണ്ടുദിവസം പണിമുടക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചിട്ടുണ്ട്. ജനത്തെ ബുദ്ധിമുട്ടിക്കില്ലെന്ന് പതിവുപോലെ ആമുഖമുണ്ടെങ്കിലും അതെത്രയോ തവണ കേൾക്കുകയും നിസ്സഹായതയോടെ  പീഡനം അനുഭവിക്കുകയും ചെയ്തതാണല്ലോ കേരളം. അതുകൊണ്ടുതന്നെ, ഈ പണിമുടക്കിൽ കട അടപ്പിക്കില്ലെന്നും  വാഹനം തടയില്ലെന്നും മറ്റും നേതാക്കൾ പറഞ്ഞതു യാഥാർഥ്യമാവുകതന്നെ വേണം. 

ജനത്തിനു വീട്ടിൽതന്നെ ഇരിക്കേണ്ടിവരുന്ന അവസ്ഥയാകരുത് ഇനിയുള്ള രണ്ടു ദിവസങ്ങളിലുണ്ടാവേണ്ടത്. പുതുവർഷത്തെ ആദ്യ ഹർത്താലിനു പിന്നാലെ വരുന്ന രണ്ടു ദിവസത്തെ പണിമുടക്കിനു സർക്കാരും പ്രതിപക്ഷവും പിന്തുണ നൽകുമ്പോൾ തുടർക്ലേശം അനുഭവിക്കേണ്ടിവരുന്ന ഈ നാട്ടിലെ സാധാരണക്കാരെ കാണാതെപോകരുത്. 

പ്രളയം കുഴച്ചുമറിച്ചിട്ട മണ്ണിൽനിന്ന് നിവർന്നുനിൽക്കാൻ പാടുപെടുകയാണു നമ്മൾ. അതിജീവനം എന്ന വാക്കോളം വിലയുള്ളതായി മറ്റൊന്നും കേരളത്തിനിപ്പോൾ ഇല്ല. പക്ഷേ, നവകേരള സൃഷ്ടിക്കായി കൈകോർക്കണമെന്നു പറയുന്ന അതേ നാവുകൊണ്ടാണ് സ്തംഭനസമരത്തിനുള്ള ആഹ്വാനം ജനം കേട്ടത്. പ്രളയാനന്തര കേരളം നേരിടുന്ന പുതിയ പ്രതിസന്ധികൾ, ആവേശത്തോടെ ഇവിടെ പണിമുടക്കു സമ്പൂർണമാക്കാൻ ആഹ്വാനം ചെയ്ത നമ്മുടെ നേതാക്കൾക്ക് അറിയാത്തതാവില്ല. 

രാഷ്‌ട്രീയകക്ഷികളുടെ പ്രഹരശേഷി ഓരോ തവണയും തെളിയിക്കപ്പെടുമ്പോൾ സംഘടിതരല്ലാത്ത ജനത്തിനു തങ്ങളുടെ നിസ്സഹായാവസ്‌ഥ കൂടുതൽ ബോധ്യപ്പെടുന്നു. സാധാരണക്കാരുടെ അടിസ്‌ഥാന ജീവിതാവകാശങ്ങൾ കവർന്നെടുത്തു വേണോ ഇതെന്ന് ഓരോ ഹർത്താലിനും പണിമുടക്കിനും ഇതര സ്‌തംഭനസമരങ്ങൾക്കും ശേഷം കേരളം ചോദിക്കാറുണ്ട്. നാടിനെ സ്തംഭിപ്പിക്കുന്ന ഓരോ ഹർത്താലും പണിമുടക്കും കേരളത്തിനു ശതകോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന അറിവിൽപോലും പുതുമയില്ലാതായിക്കഴിഞ്ഞു. വൻ വ്യവസായശാലകൾതൊട്ട് പാവപ്പെട്ട എത്രയോ പേരുടെ ജീവിതത്തിൽവരെ അതു നഷ്ടങ്ങളും ക്ലേശങ്ങളും നിരാശയുമുണ്ടാക്കുന്നു. 

മാനുഷിക ചിന്തയില്ലാതെ വഴിമാറിപ്പോകുന്ന സമരങ്ങളെ നേർവഴിക്കു തിരിച്ചുവിടേണ്ടത് അതതു പാർട്ടികളുടെയും യൂണിയനുകളുടെയും നേതൃനിരയിലുള്ളവർ തന്നെയാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുനന്മ കൂടി കണക്കിലെടുത്തു പ്രവർത്തിക്കാൻ രാഷ്‌ട്രീയ പാർട്ടികൾക്കും തൊഴിലാളി സംഘടനകൾക്കും ചുമതലയുണ്ടെങ്കിലും അവരതു മറന്നുപോകുന്നതുകൊണ്ടാണ് ഓരോ വർഷവും നമുക്കു പല പേരുകളിൽ, പല തവണ ഈ ‘തടവുശിക്ഷ’ ലഭിച്ചുപോരുന്നത്. 

ന്യായമായ കാര്യങ്ങൾക്കുവേണ്ടിയുള്ള സമരങ്ങൾ ഒരു ജനാധിപത്യവ്യവസ്ഥിതിയിലെ അവകാശംതന്നെയാണ്. പക്ഷേ, അല്ലെങ്കിൽത്തന്നെ മഹാപ്രളയം തളർത്തിയിട്ട നമ്മുടെ നാടിനെ തുടർച്ചയായ ഹർത്താലുകൾ കൊല്ലാക്കൊല ചെയ്യുമ്പോൾ രണ്ടു ദിവസത്തെ തുടർസ്തംഭനത്തിൽനിന്നൊരു ഇളവു ചോദിച്ചുപോകുകയാണു കേരളം. ഇപ്പോഴത്തെ അഖിലേന്ത്യാ പണിമുടക്ക് ഇവിടെ സമ്പൂർണ സ്തംഭനമാക്കാതിരിക്കാൻ രാഷ്ട്രീയ കക്ഷികൾ തയാറായാൽ കേരളത്തോളം വലുപ്പമുള്ളൊരു നന്ദിവാക്ക് തിരിച്ചുകിട്ടുമെന്നു തീർച്ച. പണിമുടക്കിൽ ജനത്തെ ബുദ്ധിമുട്ടിപ്പിക്കില്ലെന്ന നേതാക്കളുടെ വാക്ക് അണികളും പാലിക്കാൻ നേതൃതലത്തിൽ ശ്രദ്ധ ഉണ്ടാകുകയുംവേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA