ഇടതു സ്ഥാനാർഥിയാകില്ല; പറഞ്ഞതല്ല പിണറായി ചെയ്തത്: തുഷാർ വെള്ളാപ്പള്ളി

Thushar-Vellappally
SHARE

ശബരിമല വിഷയത്തിൽ സർക്കാർ വഞ്ചിച്ചെന്ന് എസ്എൻഡിപി യോഗത്തിൽ വിമർശനമുയരുന്നു. ബിഡിജെഎസ് ‘ഇടത്തേക്ക്’ ചായുന്നുവെന്നു നിരീക്ഷണം വരുന്നു. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ ‍വെള്ളാപ്പള്ളിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വിരുദ്ധാഭിപ്രായങ്ങൾ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തുഷാർ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയാകുമെന്നു പ്രചാരണം പരക്കുന്നു. ഈ സാഹചര്യത്തിൽ തുഷാർ വെള്ളാപ്പള്ളി പ്രതികരിക്കുന്നു. 

ശബരിമല വിഷയത്തിൽ ബിഡിജെഎസിന്റെയും എസ്എൻഡിപി യോഗത്തിന്റെയും നിലപാടുകൾ വിരുദ്ധമാണോ?

വിശ്വാസികൾക്കൊപ്പമാണ് ബിഡിജെഎസ്. ശബരിമലയിൽ ആചാരവിരുദ്ധമായി യുവതികളെ കയറ്റരുത്. എൻഡിഎ നടത്തിയ സമരങ്ങളിലെല്ലാം ബിഡിജെഎസ് ഒപ്പമുണ്ടായിരുന്നു. എസ്എൻഡിപി യോഗവും വിശ്വാസികൾക്കൊപ്പമാണെന്നാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ കൗൺസിൽ യോഗം എടുത്ത തീരുമാനം. വിശ്വാസികൾക്കൊപ്പമല്ലാത്ത ഒരു നിലപാടും എസ്എൻഡിപി യോഗം എടുക്കില്ല, എടുക്കാൻ പാടില്ല.

ശബരിമല കർമസമിതിയുടെ സമരങ്ങളെയും അക്രമങ്ങളെയും അംഗീകരിക്കില്ലെന്ന, യോഗം ജനറൽ സെക്രട്ടറിയുടെ നിലപാടിനെക്കുറിച്ച്...?

അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണത്. അക്രമം ആരു ചെയ്താലും അംഗീകരിക്കില്ലെന്നു പറയുന്നതിൽ തെറ്റില്ല. അക്രമങ്ങളിലേക്കു പോകരുതെന്നും സംയമനം പാലിക്കണമെന്നുമാണ് എൻഡിഎയുടെ തീരുമാനം. സുപ്രീംകോടതി വിധക്കനുസരിച്ചു നിയമം നടപ്പാക്കാൻ സർക്കാരിനു പലതരത്തിൽ നിലപാട് എടുക്കാം. അതിനെ ആരും എതിർക്കുന്നില്ല. അതിന് സർക്കാർതന്നെ ബുദ്ധിമുട്ടി, വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകളെ ശബരിമലയിൽ പിടിച്ച‍ുകയറ്റേണ്ടതില്ല. യുവതികളെ കയറ്റാൻവേണ്ടി ഇത്രയും ബുദ്ധിമുട്ടേണ്ടതില്ലല്ലോ. 

വെള്ളാപ്പള്ളി നടേശനും തുഷാറും ഇടതുപക്ഷത്തേക്കു ചായുന്നുവെന്ന ആരോപണം ശക്തമാണ്?

ഞങ്ങൾ ഒന്നിച്ചു നടത്തിയ പത്രസമ്മേളനത്തിൽ ഞങ്ങൾ പറഞ്ഞതിൽനിന്നു ദൃശ്യമാധ്യമങ്ങൾ അവർക്ക് ആവശ്യമുള്ളതു മാത്രം മുറിച്ച് ഉപയോഗിച്ചതാണ്. ബിഡിജെഎസ് പ്രവർത്തകർ വനിതാമതിലിൽ പങ്കെടുക്കണമെന്നു സംസ്ഥാന കമ്മിറ്റി നിർദേശിച്ചിട്ടില്ല. പലതരത്തിൽ വിശ്വസിക്കുന്നവർ ബിഡിജെഎസിൽ ഉള്ളതിനാൽ ആരെങ്കിലും മതിലിൽ പങ്കെടുത്താൽ നടപടിയെടുക്കില്ലെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. 

ഇക്കാര്യത്തിൽ എസ്എൻഡിപി യോഗത്തിന്റെ നിലപാടു മറിച്ചായിരുന്നല്ലോ?

എസ്എൻഡിപി യോഗം മതിലിനു പിന്തുണ നൽകിയെങ്കിലും ശബരിമലയ്ക്കെതിരാണു മതിലെങ്കിൽ സഹകരിക്കില്ലെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവസാന നിമിഷം എല്ലാം മാറിമറിഞ്ഞു. അപ്പോഴേക്കും ആർക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയായി. 

എസ്എൻഡിപി യോഗം പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിമാരും എടുത്ത തീരുമാനത്തിനു കടകവിരുദ്ധമായാണ് മതിൽ അവസാനിച്ചപ്പോൾ സർക്കാർ പറഞ്ഞത്. സർക്കാർ പരിപാടിയാണെന്നു പറഞ്ഞാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ യോഗം ചേർന്നപ്പോൾ യോഗം ജനറൽ സെക്രട്ടറിയെ മുഖ്യഭാരവാഹിയാക്കിയത്. കുറച്ചു വർഷം മുൻപ് ഗുരുദേവന്റെ കഴുത്തിൽ കയറിട്ടു വലിച്ച് അപമാനിച്ചവർ നവോത്ഥാന മുന്നേറ്റത്തിന് ഒപ്പം നിൽക്കണമെന്നാവശ്യപ്പെട്ടപ്പോൾ എസ്എൻഡിപി യോഗത്തിനുവേണ്ടി അദ്ദേഹം ആ ചുമതലയെടുത്തെന്നേയുള്ള‍ൂ.

ശബരിമലയെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതായി ആരോപണമുണ്ടല്ലോ?

ഒരിക്കലുമില്ല. ശബരിമല കർമസമിതിയിൽ എല്ലാ വിഭാഗം ഹിന്ദുക്കളുമുണ്ട്. അതിന്റെ നേതാക്കളാരെന്നു പോലും അറിയില്ല. അതുമായി ബിജെപിയും എൻഡിഎയും സഹകരിക്കുന്നു, അത്രേയുള്ളൂ. 

ഹിന്ദുക്കള‍ുടെ വികാരം വ്രണപ്പെടുത്താതെ, നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്നം അങ്ങനെ പരിഹരിക്കണമെന്നാണു സർക്കാരിനോട് ആവശ്യപ്പെട്ടത്. ക്രിസ്ത്യൻ, മുസ്‍ലിം സമുദായങ്ങൾക്ക് ഇങ്ങനെ പ്രശ്നമുണ്ടായാൽ അവരോടൊപ്പവും എൻഡിഎ ഉണ്ടാകും.

സവർണ ഹിന്ദുക്കളെ പിന്തുണയ്ക്കുന്ന പാർട്ടിയാണു ബിജെപി എന്ന എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ നിലപാട്?

അങ്ങനെയെങ്കിൽ, സവർണനല്ലാത്ത പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ബിജെപിയിൽനിന്ന് ഉണ്ടാകില്ലായിരുന്നു. ജനറൽ സെക്രട്ടറി സ്വതസിദ്ധമായ ശൈലിയിൽ തമാശ പറയുന്നതാണെന്നേ കരുതുന്നുള്ളൂ. ഇക്കാര്യത്തിൽ അങ്ങനെ ജാതി പറയേണ്ട കാര്യമില്ല. ജാതി നോക്കിയാൽ സിപിഎമ്മിനെയോ കോൺഗ്രസിനെയോ അംഗീകരിക്കാൻ കഴിയുമോ?

ഇടതുമുന്നണി സ്ഥ‍ാനാർഥിയായി തുഷാർ ആറ്റിങ്ങലിൽ മത്സരിക്കുമെന്നു പ്രചാരണമുണ്ട്?

ശുദ്ധ അബദ്ധം. അടുത്ത ദിവസം എൻഡിഎ യോഗമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 5–8 സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ 4 എംപിമാർ എൻഡിഎയ്ക്ക് ഉറപ്പാണ്. അതിലൊന്ന് ബിഡിജെഎസിന്റേത് ആയിരിക്കും. 

കേരളത്തിലെ ഏതു സീറ്റും എനിക്ക് എൻഡിഎ നൽകും. ശരിക്കു പഠിച്ചേ തീരുമാനമെടുക്കൂ. കേരളത്തിൽ എൻഡിഎയുടെയും ബിഡിജെഎസിന്റെയും പ്രവർത്തനം ഏകോപിപ്പിക്കേണ്ടതിനാൽ മത്സരിക്കാൻ സാധ്യതയില്ല. ഇത്തവണ ജയം ഉറപ്പാണ്.

നവോത്ഥാനത്തിന്റെ പേരിൽ പിണറായി വിജയൻ എസ്എൻഡിപി യോഗത്തെ ചതിച്ചതാണെന്നു പ്രീതി നടേശൻ പറഞ്ഞിരുന്നു?

അതു വളരെ ശരിയാണ്. ജാതിസ്പർധയ്ക്കെതിരായ നവോത്ഥാനത്തിന്റെ ഓർമപ്പെടുത്തൽ മാത്രമാണു വനിതാമതിലെന്നും ശബരിമലയുമായി ഒരു ബന്ധവുമില്ലെന്നുമാണ് അവസാന നിമിഷംവരെ മുഖ്യമന്ത്രി പറഞ്ഞത്.

മുന്നണി രൂപീകരണത്തിനു മുൻപു നൽകിയ വാഗ്ദാനങ്ങൾ ബിജെപി പാലിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നല്ലോ?

അതും ശരിയല്ല. വളരെ കുറച്ചു കാര്യങ്ങളേ ഞങ്ങൾ ആവശ്യപ്പെട്ടുള്ളൂ. അതിൽ ചിലതു ചെയ്തുതന്നു. സ്ഥാനങ്ങൾക്കു വേണ്ടിയല്ല ഞങ്ങൾ ഒപ്പം നിന്നത്. അടുത്ത തിരഞ്ഞെടുപ്പു കഴിയുമ്പോൾ ചില സ്ഥാനങ്ങൾ ഞങ്ങൾക്കു വേണം. അതു നേടിയെടുക്കും. എനിക്കു വാഗ്ദാനം ചെയ്ത രാജ്യസഭാംഗത്വം ഞാൻ നിരസിച്ചതാണ്. എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്.

തുഷാറിനു വാഗ്ദാനം െചയ്ത സീറ്റാണ് വി. മുരളീധരനു നൽകിയത്

അങ്ങനെയല്ല. ഒരേസമയം എനിക്കും മുരളീധരനും സീറ്റ് നൽകാൻ മുന്നണിക്കു കഴിയും.

എൻഡിഎയിൽ നിന്നു പല ഘടകകക്ഷികളും വിട്ടുപോകുകയാണ്, നല്ല വാഗ്ദാനങ്ങളിൽ ബിഡിജെഎസ് വീഴുമോ?

എന്തു വാഗ്ദാനമുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ബിഡിജെഎസ് എൻഡിഎയിൽ ഉണ്ടാകും. എൻഡിഎ പരിഗണന നൽകിയോ ഇല്ലയോ എന്നു പറയേണ്ടതു ഞാനാണ്. ഞങ്ങൾ ഒറ്റക്കെട്ടായാണു മുന്നോട്ടു പോകുന്നത്. എല്ലാ മുന്നണിയിലും ഘടകകക്ഷികൾ വരികയും പോകുകയും ചെയ്യും. അടുത്ത തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ യുഡിഎഫിനോ എൽഡിഎഫിനോ ഒന്നും ചെയ്യാനില്ല. കഴിഞ്ഞ 5 വർഷത്തെ എൻഡിഎ ഭരണത്തിന്റെ ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എൻഡിഎയുടെ തുടർഭരണം ഉറപ്പാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA