വികസനത്തിലേക്ക് കൊല്ലം വഴി

SHARE

നാലര പതിറ്റാണ്ടിലേറെ നീണ്ട ഒരു സ്വപ്നം യാഥാർഥ്യമാവുകയാണ്. കൊല്ലം നഗരത്തിന്റെയും സമീപ പട്ടണങ്ങളുടെയും വികസനത്തിന് ആക്കംകൂട്ടാനുതകുന്ന കൊല്ലം ബൈപാസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിക്കുമ്പോൾ, അതു സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്ന വഴിതുറക്കലായി മാറുന്നു.

ദേശീയപാത 66ൽ, മേവറം മുതൽ കാവനാട് - ആൽത്തറമൂട് വരെയുള്ള ബൈപാസിന്റെ മൂന്നാം ഘട്ടംകൂടി യാഥാർഥ്യമായതോടെ കൊല്ലം വഴി കടന്നുപോകുന്ന ദീർഘദൂര യാത്രക്കാർക്കാണ് ഏറെ നേട്ടം. കാസർകോട് മുതൽ തിരുവനന്തപുരത്തേക്കും തിരിച്ചും ദേശീയപാത വഴി പോകുന്നവർക്ക് കൊല്ലം നഗരത്തിലെത്താതെ ഇനി യാത്ര ചെയ്യാം. ഒപ്പം, ഈ നഗരത്തിലെ ഗതാഗതക്കുരുക്കിനു വലിയതോതിൽ പരിഹാരമാവുകയും ചെയ്യും. ബൈപാസിൽ 300 മീറ്റർ ദൂരം മാത്രമേ കുറയുന്നുള്ളൂവെങ്കിലും യാത്രാസമയം നാലിലൊന്നായി കുറയ്ക്കാൻ കഴിയുന്നതു ചെറിയ കാര്യമല്ല.

ആർഎസ്പി നേതാവ് ടി.കെ.ദിവാകരൻ സംസ്ഥാന പൊതുമരാമത്തു മന്ത്രിയായിരിക്കെ, 1972ൽ വിഭാവനം ചെയ്ത കൊല്ലം ബൈപാസ് പദ്ധതിയാണ് ഇത്രയുംവൈകി പൂർത്തിയാവുന്നത്. 45 മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുത്തെങ്കിലും നിർമാണാനുമതി ലഭിച്ചതു പിന്നെയും ആറു വർഷം കഴിഞ്ഞാണ്. മേവറം മുതൽ അയത്തിൽവരെ മൂന്നു കിലോമീറ്റർ വരുന്ന ഒന്നാം ഘട്ടം പൂർത്തിയാക്കാൻ കഴിഞ്ഞതാകട്ടെ 1993ലും. പിന്നെയും ആറു വർഷം കഴിഞ്ഞ് കല്ലുംതാഴം വരെയുള്ള ഒന്നര കിലോമീറ്റർ രണ്ടാം ഘട്ടം പൂർത്തിയായി. കാവനാട് – ആൽത്തറമൂട് വരെയുള്ള 8.6 കിലോമീറ്ററാണ് മൂന്നാംഘട്ടമായി ഇപ്പോൾ പൂർത്തിയായത്.

പദ്ധതിയുടെ മൂന്നാം ഘട്ടം അസാമാന്യവേഗത്തിൽ പൂർത്തിയാക്കാനായി എന്നത് എടുത്തുപറയണം. ഈ ഘട്ടം പ്രതിസന്ധിയിലാണ്ടു കിടന്നപ്പോൾ, യുപിഎ സർക്കാരിന്റെ കാലത്ത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി താൽപര്യമെടുത്തു പദ്ധതി പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിനെക്കൊണ്ടു സമ്മതിപ്പിച്ചെങ്കിലും വൈകാതെ കേന്ദ്രത്തിൽ അധികാരമാറ്റമായി. ഭാരിച്ച ചെലവ് എന്ന കടമ്പയിൽതട്ടി ഉപേക്ഷിക്കപ്പെട്ടേക്കാമെന്ന ഘട്ടത്തിൽ അടങ്കൽ തുകയായ 277.24 കോടി രൂപ കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കാമെന്ന് മുഖ്യമന്ത്രിയായിരിക്കെ, ഉമ്മൻചാണ്ടി മുന്നോട്ടുവച്ച നിർദേശമാണു മൂന്നാം ഘട്ടത്തിന്റെ ജീവൻ.

കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന രാജ്യത്തെ ആദ്യത്തെ ദേശീയപാതാ പദ്ധതിയും ഒരുപക്ഷേ ഇതാകാം. യുപിഎയുടെ കാലത്തെ പദ്ധതി എൻഡിഎ സർക്കാരും യുഡിഎഫ് കാലത്തെ ഫോർമുല എൽഡിഎഫ് സർക്കാരും പാലിച്ചുവെന്നതും ശ്രദ്ധേയമാണ്. പദ്ധതിക്കാലത്ത് എംപിമാരായിരുന്ന എസ്.കൃഷ്ണകുമാർ, പി.രാജേന്ദ്രൻ, എൻ.പീതാംബരക്കുറുപ്പ് മുതൽ മൂന്നാംഘട്ടത്തിനായി നിരന്തരം ഇടപെടലുകൾ നടത്തിയ എൻ.കെ.പ്രേമചന്ദ്രൻ വരെയുള്ളവരുടെ ശ്രദ്ധയും ബൈപാസ് വീഥിയിൽ തെളിയുന്നു. നാടിന്റെ വികസനത്തിന് ആക്കംകൂട്ടുന്ന പദ്ധതികളിൽ രാഷ്ട്രീയം വേണ്ട എന്ന പാഠം കൂടി കൊല്ലം ബൈപാസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഇത്രയും കാലമായി ജനം സ്വപ്നം കാണുന്ന ആലപ്പുഴ ബൈപാസിന്റെ ശാപമോക്ഷവും ഇനി വൈകരുത്. ദേശീയപാതയിൽ ആലപ്പുഴ കൊമ്മാടി ജംക്‌ഷൻ മുതൽ കളർകോട് വരെ 6.8 കിലോമീറ്റർ വരുന്ന ആലപ്പുഴ ബൈപാസ് 1972 മുതൽ പ്രതീക്ഷിക്കുന്നതാണ്. 95 ശതമാനം നിർമാണം പൂർത്തിയായ ബൈപാസിന്റെ ഇപ്പോഴത്തെ തടസ്സം മാളികമുക്ക്, കുതിരപ്പന്തി എന്നിവിടങ്ങളിലായി നിർമിക്കേണ്ട റെയിൽവേ മേൽപാലങ്ങളാണ്. മേയ് ആകാതെ നിർമാണം പൂർത്തിയാക‍ില്ലെന്ന് മന്ത്രി ജി.സുധാകരൻ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

വർധിച്ചുവരുന്ന ഗതാഗതത്തിരക്കിനുള്ള ഒരേയൊരു പോംവഴി ബൈപാസുകളും റിങ് റോഡുകളും തന്നെയാണ്. സംസ്ഥാനപാതകളിലടക്കമുള്ള ബൈപാസ് നിർമാണങ്ങൾ വൈകാതെ പൂർത്തിയാക്കാനായി നമ്മുടെ രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. അതു സാധ്യമായാൽ, സംസ്ഥാനത്തിന്റെ ഒരറ്റം തൊട്ട് മറ്റേയറ്റംവരെയുള്ള ഏകദേശം 650 കിലോമീറ്റർ ദൂരം കുറഞ്ഞ സമയംകൊണ്ട് നമുക്കു സഞ്ചരിക്കാനാവുകയും കേരളം ഒരു അതിവേഗ സംസ്ഥാനമായി മാറുകയും ചെയ്യുമെന്നു തീർച്ച. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA