കരുണ തേടുന്ന ധർമസമരം

SHARE

വിഷമഴ പൊള്ളിച്ച ജീവിതങ്ങൾ നീതി തേടി വീണ്ടും തെരുവിലേക്കിറങ്ങുന്നതു പശ്ചാത്താപത്തോടെയും െഎക്യദാർഢ്യത്തോടെയും വേണം നാം കാണാൻ. 30 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ പട്ടിണിസമരത്തിനിറങ്ങുമ്പോൾ സമൂഹമനസ്സാക്ഷിയുടെ കണ്ണാടിയിൽ തെളിയുന്നത് അശരണരോടുള്ള സർക്കാർ അവഗണനയാണ്.

പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ 1978 മുതൽ 2000 വരെ ഹെലിക്കോപ്റ്ററുകളിൽ തളിച്ച എൻഡോസൾഫാൻ ലായനിയുടെ ക്രൂരതയിൽ കാസർകോട് ജില്ലയിൽ ജീവിതം നഷ്ടപ്പെട്ടത് ആയിരക്കണക്കിനു പേർക്കാണ്. മനസ്സിനും ശരീരത്തിനും ബലമില്ലാതെ പിറന്നു വീഴുന്ന കുരുന്നുകൾ, കാൻസർ ഉൾപ്പെടെയുള്ള മാറാരോഗങ്ങൾ‍ ബാധിച്ചവർ, കൺമണികളുടെ കരച്ചിൽ കാരണം വർഷങ്ങളോളം രാത്രിയിൽ ഉറങ്ങാത്ത അമ്മമാർ...എൻഡോസൾഫാൻ ഒരു ജനതയ്ക്കുമേൽ ഏൽപിച്ച ആഘാതം വലുതാണ്.

എന്നാൽ, രോഗം വലയ്ക്കുന്ന കുരുന്നുകളെ വാഗ്ദാനങ്ങൾ നൽകി ഒട്ടേറെ തവണ കബളിപ്പിക്കുകയാണു സർക്കാരുകൾ ചെയ്തത്. ഇതിനെതിരെയാണു സാമൂഹിക പ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ അമ്മമാർ വീണ്ടും സമരത്തിനിറങ്ങുന്നത്. 2016 ജനുവരിയിൽ ഇതേ രീതിയിൽ അമ്മമാർ സെക്രട്ടേറിയേറ്റിനു മുമ്പിൽ സമരം നടത്തിയിരുന്നു. സമരം ഒൻപതു ദിവസം പിന്നിട്ടപ്പോൾ വാഗ്ദാനങ്ങളും ആശ്വാസവാക്കുകളും നൽകി അവരുടെ വായടപ്പിച്ചു. ദുരിതം തുടർന്നപ്പോൾ ഒരു വർഷത്തിനുശേഷം അമ്മമാർ വീണ്ടും ഒരു ദിവസത്തെ നിരാഹാര സമരത്തിനു തലസ്ഥാനത്തെത്തി. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്ന ഉറപ്പിൽ അന്നും സമരം നിർത്തുകയായിരുന്നു. ഒരു കൊല്ലം തികയുമ്പോഴും കാര്യങ്ങളിൽ മാറ്റമില്ല, കൂടുതൽ വഷളായിട്ടേയുള്ളൂ.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് അനധികൃതമായി വെട്ടിമാറ്റപ്പെട്ടവരെ തിരിച്ചു പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ പ്രധാന ആവശ്യം. വിദഗ്ധ ഡോക്ടർമാർ മെഡിക്കൽ ക്യാംപിൽ നിന്നു കണ്ടെത്തിയ 1905 പേരുടെ പട്ടിക കാരണമില്ലാതെ 287 ആയി വെട്ടിച്ചുരുക്കുകയായിരുന്നു. ഒഴിവാക്കപ്പെട്ടവരിൽ കൂടുതലും കുട്ടികളാണ്. രോഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നു കാണിക്കാൻ ബോധപൂർവം പട്ടിക വെട്ടിച്ചുരുക്കിയതാണെന്ന ആരോപണം നിലനിൽക്കുന്നു. പ്രതിഷേധത്തിനൊടുവിൽ വീണ്ടും പരിശോധന നടത്തി 77 പേരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ആവശ്യം 2017 ജനുവരി പത്തിനുണ്ടായ സുപ്രീം കോടതി വിധി പൂർണമായി നടപ്പിലാക്കണമെന്നതാണ് . പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും അഞ്ചു ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു കോടതി വിധി. എന്നാൽ, ഇതുവരെ അതു കിട്ടിയത് 1350 പേർക്കാണ്. 1315 പേർക്കു മൂന്നു ലക്ഷം രൂപ വീതം കിട്ടി. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതുകൊണ്ടാണ് ഇത്രയുമെങ്കിലും ലഭ്യമായത്. 6212 പേരുള്ള പട്ടികയിലെ ബാക്കിയുള്ളവർ ഇന്നും ദുരിതക്കയത്തിലാണ്. പലപ്പോഴായി തുക അനുവദിക്കുമെന്നു മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വാഗ്ദാനം നൽകിയെങ്കിലും നടപ്പായില്ല.

കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കു വേണ്ടി മാത്രം ഒരു നല്ല ആശുപത്രിയെന്ന ആവശ്യവും അമ്മമാർ മുന്നോട്ടുവയ്ക്കുന്നു. എൻഡോസൾഫാൻ ബാധിതരുടെ കടബാധ്യത പൂർണമായും എഴുതിത്തള്ളുക, 2013 ലെ സർക്കാർ ഉത്തരവനുസരിച്ചു മുഴുവൻ ദുരിതബാധിതരെയും ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അമ്മമാർ ഉന്നയിക്കുന്നുണ്ട്. ബഡ്സ് സ്കൂളുകളുടെ അവസ്ഥയാണ് കൂടുതൽ കഷ്ടം. പെരിയയിൽ മലയാളമനോരമ ‘നല്ലപാഠം’ വഴി സ്വരൂപിച്ച സ്നേഹനിധി ഉപയോഗിച്ച് മികച്ച സൗകര്യങ്ങളുള്ള മാതൃകാ ബഡ്സ് സ്കൂൾ നിർമിച്ചിരുന്നു.

ഏഴു സ്നേഹവാഹനങ്ങളും നൽകി. ബാക്കിയുള്ള ബഡ്സ് സ്കൂളുകളുടെ അവസ്ഥ ഇപ്പോഴും ദയനീയമാണ്. പലയിടത്തും കെട്ടിടം പൂർത്തിയായിട്ടും സ്കൂൾ പ്രവർത്തനം തുടങ്ങിയിട്ടില്ല.പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബങ്ങൾക്കു പുതിയ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സ്നേഹച്ചുവടുകൾ യാഥാർഥ്യമാക്കാൻ അവർക്കൊപ്പം ഒന്നിച്ചുനിന്നേതീരൂ ; സർക്കാരും സമൂഹവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA