കീടനാശിനി പ്രയോഗം സുരക്ഷിതമാകട്ടെ

SHARE

തിരുവല്ലയ്ക്കടുത്ത്, അപ്പർകുട്ടനാട്ടിലെ പെരിങ്ങര പാടശേഖരത്തു കേരളം കണ്ടത് ഞെട്ടിക്കുന്നൊരു ദുരന്തമാണ്. കീടനാശിനികളുടെ പ്രയോഗത്തിലുള്ള അശ്രദ്ധയുടെയും അജ്ഞതയുടെയും സങ്കടപ്രതീകമാണ് അവിടെയുണ്ടായ രണ്ടു കർഷകത്തൊഴിലാളികളുടെ മരണം. പാടശേഖരത്ത് നെല്ലിനു കീടനാശിനി തളിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് ഇവർ അവശനിലയിലാകുകയായിരുന്നു.  ‌

ഇവിടെ അമിത അളവിൽ ഉപയോഗിച്ചതായി പറയുന്ന ഒരു കീടനാശിനി, അതു തളിക്കുന്നവരുടെ ഉള്ളിലെത്തുന്നത് അത്യധികം അപകടകരമാണ്. അത് അവരുടെ ഞരമ്പുകളെ തളർത്തി ശ്വാസംമുട്ടലിലേക്കും തളർച്ചയിലേക്കും മരണത്തിലേക്കും നയിക്കാം. കീടനാശിനി തളിക്കുമ്പോൾ ശരീരം മൂടുന്ന കവചം, തൊപ്പി, കണ്ണുമൂടുന്ന വിധമുള്ള കണ്ണട, ബൂട്ട്, കയ്യുറ എന്നിവ ധരിക്കണമെന്ന് 1971ലെ കീടനാശിനി നിയമം വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല എന്നതാണു യാഥാർഥ്യം. 

നമ്മുടെ കൃഷിവകുപ്പിന്റെ ഇൗ മേഖലയിലെ ജാഗ്രതക്കുറവുകൂടി പുറത്തുകൊണ്ടുവരുന്നതാണ് ഇതുപോലെയുള്ള സംഭവങ്ങൾ. വീര്യം കൂടിയ വിഭാഗത്തിൽപെട്ട കീടനാശിനി ഉപയോഗിക്കണമെങ്കിൽ കൃഷി ഓഫിസറുടെ നിർദേശം വേണം. കൃഷി ഓഫിസറുടെ കുറിപ്പടിയില്ലാതെ ഇവ വിൽക്കാൻ കീടനാശിനി കച്ചവടക്കാർക്കും അവകാശമില്ല. കീടനാശിനി എങ്ങനെ ഉപയോഗിക്കണമെന്നും എത്ര അളവിൽ ഉപയോഗിക്കണമെന്നും തളിക്കുന്ന രീതികളെക്കുറിച്ചും കൃഷി ഓഫിസർമാർക്കു ധാരണയുണ്ടെങ്കിലും, അതു പലപ്പോഴും കർഷകനിലേക്ക് എത്തുന്നില്ലെന്നതു മറ്റൊരു വസ്തുത.

കേരളത്തിന്റെ ആരോഗ്യം നിശ്ചയിക്കുന്ന അരി വിളയുന്ന പാടത്തിൽനിന്നുള്ള ഇൗ ദുരന്തവാർത്ത മറ്റൊരു ആശങ്കയിലേക്കു കൂടി മലയാളിയെ കൊണ്ടെത്തിക്കുന്നു: ഇത്തരം കീടനാശിനി ശ്വസിച്ചാൽ മരിക്കുന്ന അവസ്ഥയുണ്ടെങ്കിൽ അത് അമിത അളവിൽ തളിച്ചെത്തുന്ന അരി കഴിക്കുന്നവർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾകൂടി സർക്കാരും സമൂഹവും തിരിച്ചറിയേണ്ടതല്ലേ? ജൈവകൃഷിയെയും സമാന കൃഷിരീതികളെയും പ്രോൽസാഹിപ്പിക്കുന്നവർക്കു സർക്കാരിന്റെയും ഉദ്യോഗസ്ഥ സംവിധാനങ്ങളുടെയും പിന്തുണ ഏറ്റവും ആവശ്യമായ വേളയാണിത്.

വിളകൾക്കുപയോഗിക്കുന്ന കീടനാശിനിയിൽനിന്നു വിഷബാധയേറ്റ് അൻപതിലേറെ പേരാണു 2017ൽ മഹാരാഷ്ട്രയിൽ മരിച്ചത്. 800 പേർ ശ്വാസകോശ - ഉദരസംബന്ധമായ രോഗങ്ങളെത്തുടർന്നും പൊള്ളലേറ്റും കാഴ്ചപ്രശ്നങ്ങൾ മൂലവും ചികിൽസയിലാവുകയും ചെയ്തു. ഇതേത്തുടർന്ന്, കീടനാശിനി ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട 20 ഇന മാർഗനിർദേശങ്ങൾ മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയിരുന്നു. ഇവിടെയും മാർഗനിർദേശങ്ങൾ ഉണ്ടെങ്കിലും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സർക്കാർസംവിധാനങ്ങൾക്കുണ്ട്. കീടനാശിനി ഉപയോഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കേരള സർക്കാർ വീണ്ടും ഉത്തരവിറക്കിയത് ഈയിടെയാണ്. ഓരോ കീടനാശിനിയും ഏതു വിളയ്ക്ക്, രോഗത്തിന്, കീടത്തിന്, ഉപയോഗിക്കേണ്ട അളവ്, കാത്തിരിപ്പു കാലം എന്നിവ വ്യക്തമാക്കുന്ന ബോർഡ് ഓരോ കീടനാശിനി വിൽപനകേന്ദ്രത്തിലും പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

പെരിങ്ങര പാടത്തുണ്ടായ ദുരന്തത്തിൽ രണ്ടു കർഷകത്തൊഴിലാളികൾ മരിച്ചതിനെത്തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വളം - കീടനാശിനി ഡിപ്പോകളും പരിശോധിക്കാനും അനധികൃത വിൽപന തടയാനും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർദേശം നൽകിക്കഴിഞ്ഞു. പെരിങ്ങരയിൽ ഉപയോഗിച്ച ‘വിരാട്’ എന്ന കീടനാശിനിയുടെ വിൽപന സംസ്ഥാനത്തു നിരോധിച്ച് കൃഷിവകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയിട്ടുമുണ്ട്. ഇതെല്ലാം സ്വാഗതാർഹമാണെങ്കിലും ഇതിനായി ഒരു ദുരന്തം വരുന്നതുവരെ കാത്തിരിക്കണമായിരുന്നോ എന്ന ചോദ്യം ഉയരുന്നത് കേൾക്കാതിരിക്കാൻ പാടില്ല. ‌‌

കീടനാശിനി തളിക്കാൻ ‘ഡ്രോൺ’ ഉപയോഗിക്കുന്ന രീതി കേരളത്തിൽ പലയിടത്തും ഇപ്പോൾത്തന്നെയുണ്ട്. ഇതു വ്യാപകമാക്കാൻ സർക്കാർശ്രദ്ധ ഉണ്ടാവണം. അങ്ങേയറ്റം സുരക്ഷിതമാക്കിയും യന്ത്രവൽകൃതരീതികൾ അവലംബിച്ചും  ശാസ്ത്രീയമായി കീടനാശിനി പ്രയോഗം നടത്താൻ കേരളീയ കർഷകരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഉപേക്ഷ വരുത്തിക്കൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA