‘ഇല്ല, അറിയാത്ത ജോലിക്കു ഞാനില്ല’: മഞ്ജു വാരിയർ

manju-warrier
SHARE

ഞാൻ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും കോൺഗ്രസിൽ ചേരാനും തീരുമാനിച്ചുവെന്ന വാർത്തകേട്ടു ഞെട്ടിയെന്നു പലരും പറഞ്ഞു. സത്യത്തിൽ അവരെക്കാൾ ഞെട്ടിയതു ഞാനാണ്. ഇതിനു മുൻപ് എന്നെ ബിജെപിയിൽ ചേർത്തും അതിനുശേഷം സിപിഎമ്മിൽ ചേർത്തും വാർത്ത വന്നിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസിൽ ചേർത്ത വാർത്തയും വന്നു. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതും മോശം കാര്യമല്ല. എന്നാൽ, ഞാൻ അതിനു തയാറല്ല എന്നു മാത്രം. 

ഒരു രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കാനും എനിക്കു താൽപര്യമല്ല. ഞാനൊരു ജോലിചെയ്തു ജീവിക്കുകയാണ്. എന്റെ കഴിവിന്റെ പരമാവധി അതിനായി വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. വളരെ ഗൗരവത്തോടെയാണു ഞാൻ ജോലിയെ കാണുന്നത്. എന്നെ ഈ നാടു സ്നേഹിച്ചതും ആ ജോലിയുടെ പേരിലാണ്. 

പ്രളയകാലത്തായാലും നാട്ടിലെ ചെറിയ ചെറിയ വേദനകളിലായാലും ഞാൻ എന്റെ ചെറിയ ലോകത്തുനിന്നുകൊണ്ട് ഇടപെട്ടിട്ടുണ്ട്. അതു വിജയിച്ചുവോ എന്നെനിക്കറിയില്ല. എനിക്ക് അതു വലിയ സന്തോഷവും ആശ്വാസവും നൽകിയിട്ടുണ്ട്. എന്റെ സാന്നിധ്യം ചിലർക്കെങ്കിലും ആശ്വാസം നൽകി എന്നതും സന്തോഷകരമായ കാര്യമാണ്. അതല്ലാതെ അതിനപ്പുറത്തേക്കുള്ളൊരു ലോകത്തെക്കുറിച്ചു ഞാൻ ആലോചിച്ചിട്ടില്ല. 

രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുമെന്നു കേട്ടുവല്ലോ എന്ന് എന്നോട് അടുത്തകാലത്തൊരു വലിയ ആൾ ചോദിച്ചു. ഞാൻ പറഞ്ഞത് അറിയാത്ത ജോലി ഞാനൊരിക്കലും തിരഞ്ഞെടുക്കില്ല എന്നു മാത്രമാണ്. എന്റെ ലോകം സിനിമയുടേതു മാത്രമാണ്. ന‍ൃത്തവും സിനിമയുമല്ലാതെ എനിക്കൊരു ജോലിയും അറിയുകയുമില്ല. 

വാർത്തകൾ ഉണ്ടാക്കുന്നവരെ പലരും തെറ്റിദ്ധരിപ്പിക്കുന്നതാകും. ചിലരെങ്കിലും മനഃപൂർവം എഴുതുന്നതാകും. ഒടിയൻ എന്ന സിനിമ ഇറങ്ങിയപ്പോൾ നടന്ന സൈബർ അക്രമണം കണ്ടതല്ലേ. ഒന്നും അറിയാതെയുള്ള അക്രമം. ആളുകളുടെ ശ്രദ്ധയിൽ നിൽക്കുന്നവർ കൂടുതൽ ആക്രമിക്കപ്പെട്ടേക്കും. എല്ലാ രാഷ്ട്രീയപാർട്ടികളിലെയും നേതാക്കളെ ഞാൻ പല ചടങ്ങുകളിലായി കണ്ടുമുട്ടാറുണ്ട്. അവരിൽ പലരും എന്നോടു കാണിക്കുന്ന സ്നേഹം വളരെ ആത്മാർഥവുമാണ്. ഇതൊക്കെത്തന്നെ എനിക്കു വലിയ കാര്യങ്ങളാണ്. ഇനിയും രാഷ്ട്രീയത്തിലിറങ്ങി എന്റെ ലോകം വലുതാക്കാൻ ഞാൻ മോഹിക്കുന്നില്ല. ആ രംഗത്തു തിളങ്ങാൻ കഴിവുള്ളവർ ആ ദൗത്യം ഏറ്റെടുക്കട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA