പൗരത്വ നിയമ ഭേദഗതി പാസാക്കി; പ്രതിഷേധം, ജനജീവിതം സ്തംഭിപ്പിച്ച് അസമിൽ ബന്ദ്

protest-against-Citizenship-(Amendment)-Bill
SHARE

ന്യൂഡൽഹി∙ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള പൗരത്വ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി, സിഖ്, ബുദ്ധ, ജൈന മത വിശ്വാസികൾക്കാണു പ്രയോജനം.

കോൺഗ്രസ്, സിപിഎം, തൃണമൂൽ എന്നിവർക്കൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കക്ഷികളും നിയമഭേദഗതിയെ എതിർക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും വെല്ലുവിളിയാണിതെന്ന് അവർ കുറ്റപ്പെടുത്തി.

ബിൽ ബിജെപിയുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്) കുറ്റപ്പെടുത്തി. വിവേചനത്തെ നിയ‌‌മവിധേയമാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. 

തുല്യപരിഗണന‌യാണു ഭരണഘടനയുടെ വാഗ്ദാനം. രാഷ്ട്രത്തെ കബളിപ്പിക്കാനുള്ള മറ്റൊരു നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിൽ കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് അസം ഗണ പരിഷത് കഴിഞ്ഞ ദിവസം എൻഡിഎ വിട്ടിരുന്നു. അനധികൃത കുടിയേറ്റക്കാർക്കെല്ലാം പൗരത്വം നിഷേധിക്കണമെന്നാണ് എജിപിയുടെ ആവശ്യം.

അസമിൽ പൗരത്വ റജിസ്റ്റർ തയാറാക്കിയപ്പോൾ പുറത്തായ 40.7 ലക്ഷം പേരിൽ 28 ലക്ഷം ഹിന്ദുക്കളും 10 ലക്ഷം മുസ്‌ലിംകളുമുണ്ടെന്നു സൗഗത റോയ് (തൃണമൂൽ) പറഞ്ഞു. ‌മു‌സ്‌ലിംകളെ തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തുന്നത് അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നൽ‌കി. 

എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുന്നതാണു ബില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ വാദം. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ പരി‌ഗണി‌ക്കാൻ അദ്ദേഹം തയാറായില്ല.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രതിഷേധം

ഗുവാഹത്തി∙ പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (എഎഎസ്‍യു) ആഹ്വാനം ചെയ്ത 11 മണിക്കൂർ ബന്ദ് അസമിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു. അസം ഗണ പരിഷത് (എജിപി) ബന്ദിനെ പിന്തുണച്ചിരുന്നു. 

എഎഎസ്‍യു പ്രക്ഷോഭകർ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. ഒട്ടേറെ വാഹനങ്ങൾ തകർത്തു. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ കോലം കത്തിച്ചു. ദിബ്രുഗഡിലെ ബിജെപി ഓഫിസ് ആക്രമിക്കാനുള്ള ശ്രമം കനത്ത ലാത്തിച്ചാർജിലും റബർ ബുള്ളറ്റ് ഉപയോഗിച്ചുള്ള വെടിവയ്പിലും കലാശിച്ചു. 

നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ആഹ്വാനം ചെയ്ത നോർത്ത് ഈസ്റ്റ് ബന്ദ് ബ്രഹ്മപുത്ര, ബറാക് താഴ്‍വരകളിലെ ജനജീവിതം നിശ്ചലമാക്കി. ബന്ദിനെ നൂറിലേറെ സംഘടനകൾ പിന്തുണച്ചിരുന്നു. പ്രക്ഷോഭകാരികൾ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുത്തി.

ത്രിപുരയിൽ അക്രമങ്ങളിൽ 7 പേർക്കു പരുക്കേറ്റു. പലയിടത്തും പ്രക്ഷോഭകർ പൊലീസും അർധസൈനികരുമായി ഏറ്റുമുട്ടി.

അസം വിരുദ്ധ നയങ്ങൾ പിന്തുടരുന്ന ബിജെപിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും മുഖ്യമന്ത്രി സോനോവാൾ രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് എജിപി ആവശ്യപ്പെട്ടു. ബംഗ്ലദേശിൽ നിന്നു വന്ന മുസ്‍ലിംകൾ അല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ലക്ഷ്യമിടുന്ന പൗരത്വ ബില്ലിനെച്ചൊല്ലി അസമിലെ ബിജെപി സർക്കാരിനുള്ള പിന്തുണ എജിപി പിൻവലിച്ചിരുന്നു. ബില്ലിനെ പിന്തുണയ്ക്കാത്ത എജിപി ചരിത്രപരമായ മണ്ടത്തരം കാട്ടുകയാണെന്ന് മന്ത്രി ഹേമന്ത ബിശ്വ ശർമ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA