മുന്നാക്ക സംവരണം: ഭേദഗതി ലോക്സഭ കടന്നു; ഭേദഗതി ഇന്ന് രാജ്യസഭയിൽ

Loksabha
SHARE

ന്യൂഡൽഹി∙ മുന്നാക്ക സംവരണ ഭരണഘടനാ ഭേദഗതി ലോക്സഭ അംഗീകരിച്ചു. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% തൊഴിൽ, വിദ്യാഭ്യാസ സംവരണം വ്യവസ്ഥ ചെയ്യുന്ന 124–ാം ഭരണഘടനാ ഭേദഗതിയാണിത്. ‌മൂന്നിനെതിരെ 323 വോട്ടിനാണ് ബിൽ പാസായത്. മുസ്‌ലിം ലീഗ്, എഐഎംഐഎം എന്നിവയാണ് എതിർത്ത് വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ പ്രതിഷേധിച്ച് വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കോൺഗ്രസും യുപിഎ സഖ്യകക്ഷികളും ഇടതുപാർട്ടികളും തൃണമൂൽ കോൺഗ്രസും ബിജെഡിയും അനുകൂലിച്ചവയിൽപെടുന്നു.

സാമ്പത്തിക സംവരണ നിയമനിർമാണത്തിനു വഴിയൊരുക്കി ഭരണഘടനയുടെ 15, 16 വകുപ്പുകളാണു ഭേദഗതി ചെയ്തത്. ഭേദഗതി ഇന്നു രാജ്യസഭയും പരിഗണിക്കും. നിയമനിർമാണത്തിനുള്ള ഭരണഘടനാപരമായ തടസങ്ങൾ ഒഴിവാക്കുന്നതാണു ഭേദഗതി. ഇതു പാസായ ശേഷം നിയമനിർമാണം നടത്തുന്നതോടെ മുന്നാക്ക സംവ‌രണം നിലവിൽ വരും. ശൈത്യകാല സമ്മേളനം ഇന്നു സമാപിക്കുന്നതുകൊ‌ണ്ടു അടുത്ത സമ്മേളനത്തിലേ നിയമനിർമാണമുണ്ടാവൂ.

അണ്ണാ ഡിഎംകെ ലോക്സഭ ബഹിഷ്കരിച്ചതിനു പിന്നാലെയാണു ലോക്സഭ ഭരണഘടനാ ഭേദഗതി പാസാക്കിയത്. സാ‌മൂഹികവും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ‌സമുദായങ്ങൾക്കുള്ള സംവരണം മാത്രമാണു ഭരണഘടനാപരമെന്ന് അണ്ണാ ഡിഎംകെ നേതാവും ഡപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ പറഞ്ഞു. ഇതോടെ, അണ്ണാ ഡിഎംകെ, ബിജെപിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ സാധ്യത ശക്തിപ്പെട്ടു.

ഭേദഗതി ബിൽ പാർലമെന്റ് സംയുക്ത സമിതിയുടെ പരിഗണനയ്ക്കു വിടണമെന്നു കെ.വി. തോമസ് (കോൺഗ്രസ്) ആവശ്യപ്പെട്ടു. കോൺഗ്രസും സിപിഎമ്മും പ്രതിപക്ഷവും സാമ്പത്തിക സംവരണത്തെ എതിർത്തില്ലെങ്കിലും സർക്കാരിന്റെ ലക്ഷ്യങ്ങളെ ചോദ്യം ചെയ്തു. ‌ഭേദഗതി, കോടതി തള്ളിക്കളയുമെന്ന സംശയവും പ്രതിപക്ഷത്തിനുണ്ട്.

ഭേദഗതി ചെയ്ത ഭരണഘടനാ വകുപ്പുകൾ

ഭരണഘടനയുടെ പതിനഞ്ചാം വകുപ്പിൽ ‘സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിനു തടസ്സമില്ലെ’ന്ന 6–ാം അനുച്ഛേദമാണു ഭേദഗതിയായി ലോക്സഭ കൂട്ടിച്ചേർത്തത്. സ്വകാര്യ എയ്ഡഡ്, അൺ എയ്ഡഡ് ‌സ്ഥാപനങ്ങൾക്കു വ്യവസ്ഥ ബാ‌ധകമാണ്, ന്യൂനപക്ഷ സ്ഥാപനങ്ങൾക്കു ബാധകമല്ല. 10% ആണു പരമാവധി സംവ‌രണ പരിധി.

16–ാം വകുപ്പും ആറാം അനുച്ഛേദവും കൂട്ടിച്ചേർത്താണു ഭേദഗതി ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ‌10% തൊഴിൽ സം‌വരണം ഉറപ്പാക്കുന്നതാണിത്. പട്ടിക, പിന്നാക്ക വിഭാഗങ്ങൾക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്കും വിദ്യാഭ്യാസ സംവരണം നൽകാനുള്ള ഭരണഘടനാ വകുപ്പിലും സ്വകാര്യ എയ്ഡഡ്, അൺ എയ്ഡഡ് സ്ഥാപനങ്ങ‌ളെക്കുറിച്ചു പരാമർശമുണ്ട്. എങ്കിലും ഈ വ്യവസ്ഥ നടപ്പാക്കുന്നതിനു നിയമം പാസാക്കിയിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA