ഗുജറാത്ത് ഏറ്റുമുട്ടലുകൾ: 3 എണ്ണം വ്യാജം; 9 പൊലീസുകാർക്കെതിരെ നടപടിക്കു ശുപാർശ

Narendra-Modi-1
SHARE

ന്യൂഡൽഹി∙ ഗുജറാത്തിൽ 2002–07 ൽ നടന്ന 17 ഏറ്റുമുട്ടൽ മരണങ്ങളിൽ 3 എണ്ണം വ്യാജമായിരുന്നുവെന്ന് സുപ്രീം കോടതി മുൻ ജഡ്ജി എച്ച്.എസ്. ബേദിയുടെ റിപ്പോർട്ട്. പത്തനംതിട്ട സ്വദേശി സുഭാഷ് ബി. നായരും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലായിരുന്ന ഇയാൾ 2004 ജൂൺ 3ന് മരിച്ചത് വ്യാജ ഏറ്റുമുട്ടലിലല്ലെന്നാണു കണ്ടെത്തൽ.

എന്നാൽ, മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ യുവാവെന്നു ഗുജറാത്ത് പൊലീസ് ആരോപിച്ച സമീർ ഖാൻ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വ്യാജമെന്നു കണ്ടെത്തിയ ഏറ്റുമുട്ടൽ മരണങ്ങളിൽ പ്രതികളായ മൊത്തം 9 പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തിയുള്ള തുടർനടപടികളാണു റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. ഇരകളായവരുടെ കുടുംബത്തിനു നഷ്ടപരിഹാരത്തിനും കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ റിപ്പോർട്ടിൽ ശുപാർശയുണ്ട്.

അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ ബി.ജി. വർഗീസ്, ഗാനരചയിതാവും മുൻ രാജ്യസഭാംഗവുമായ ജാവേദ് അക്തർ, സാമൂഹിക പ്രവർത്തക ശബ്നം ഹാഷ്മി തുടങ്ങിയവരുടെ ആവശ്യപ്രകാരമാണ് ഏറ്റുമുട്ടൽ മരണങ്ങൾ അന്വേഷിക്കാൻ ജസ്റ്റിസ് ബേദിയെ സുപ്രീം കോടതി നിയോഗിച്ചത്.

കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പരസ്യപ്പെടുത്താൻ കോടതി അനുമതി നൽകിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA