മരണം വരെ എന്റെ വാതിലുകൾ, എന്റെ കാതുകൾ, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും: രാഹുൽ

Rahul-and-OC
SHARE

ദുബായ് ∙ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കശ്മീർ മുതൽ കേരളം വരെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസികൾ. യുഎഇയിലെ 7 എമിറേറ്റുകൾക്കു പുറമെ സൗദി, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നും മറ്റു വിദേശരാജ്യങ്ങളിൽനിന്നും വരെ ആളുകളെത്തിയിരുന്നു. പതിനായിരത്തിലേറെപ്പേർ ഇരിപ്പിടം കിട്ടാത്തതിനെ തുടർന്നു സ്റ്റേഡിയത്തിനു പുറത്തുനിന്നാണു പ്രസംഗം കേട്ടത്. 

‘‘മരണം വരെ എന്റെ വാതിലുകൾ, എന്റെ കാതുകൾ, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും. പ്രവാസികളുടെകൂടി വിയർപ്പാണ് ഇന്ത്യ. അവരുടെ ശബ്ദം പാർലമെന്റിൽ കേൾക്കണം. ഇന്ത്യ വെറും ഭൂപ്രദേശമല്ല. ഓരോ ഇന്ത്യക്കാരനുമാണ് ഇന്ത്യ. ഇവിടെ ദുബായിലേക്ക് വരുമ്പോൾ ഇന്ത്യയും കൊണ്ടാണു നിങ്ങൾ വരുന്നത് ’’– കയ്യടികൾക്കിടയിൽ രാഹുൽ പറഞ്ഞു. 

വൈകിട്ട് നാലിനു തുടങ്ങിയ പരിപാടിയിലേക്ക് ഉച്ചയ്ക്കു തന്നെ ജനപ്രവാഹമായിരുന്നു. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ ‘രാഹുൽ ഗാന്ധി കീ ജയ്’ മുദാവാക്യങ്ങൾ മുഴങ്ങി. ത്രിവർണ നിറത്തിൽ തിളങ്ങിയ സ്റ്റേഡിയത്തിൽ ഒരുക്കിയ 25 മീറ്റർ റാംപിൽ നടന്നു കൊണ്ടായിരുന്നു  പ്രസംഗം. 2015 ഓഗസ്റ്റ് 16നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേ വേദിയിലാണ് സംസാരിച്ചത്. റാംപിൽ നടന്നുള്ള പ്രസംഗം മൂലം, അന്നത്തേതിൽ നിന്നു വ്യത്യസ്തമായി ജനക്കൂട്ടത്തിനിടയിൽനിന്നു സംസാരിക്കുന്നതു പോലെയുള്ള ആവേശവും സൃഷ്ടിക്കാനായി. 

പ്രവാസി കോൺഗ്രസ് ചെയർമാൻ സാം പിത്രോദ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA