ജിഎസ്ടി ഘടന മാറ്റിയേ പറ്റൂ: രാഹുൽ ഗാന്ധി

Rahul-Gandhi
SHARE

അബുദാബി∙ ജിഎസ്ടിയുടെ ഘടന പൊളിച്ചെഴുതമെന്നും ഒറ്റ നികുതിയെന്നു പറഞ്ഞിട്ട് 5 തരം നികുതികളാണ് അതിൽ ഇപ്പോൾ ഉള്ളതെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അബുദാബിയിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ ഗ്രൂപ്പ് സംഘടിപ്പിച്ച വ്യവസായികളുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.

15 വർഷമായി രാഷ്ട്രീയത്തിലുള്ള തന്നെ എതിരാളികൾ വിചാരിച്ചാൽ എഴുതിത്തള്ളാനാകില്ലെന്നു രാഹുൽ പറഞ്ഞു. ഒറ്റ സാമ്പത്തിക വിദ്ഗധൻ പോലും നോട്ട് നിരോധനം നേട്ടമാണെന്നു പറഞ്ഞിട്ടില്ല. സമ്പദ്‌വ്യവസ്ഥയുടെ കുത്തകവൽക്കരണമാണിപ്പോൾ ഇന്ത്യയിൽ. ഇരുപതോളം വമ്പന്മാരുടെ കയ്യിലാണു ബാങ്കിങ്. റഫാൽ തന്നെ ഏറ്റവും വലിയ ഉദാഹരണം. വിമാനം നിർമിച്ച് ഒരു പരിചയവുമില്ലാത്ത അനിൽ അംബാനിക്ക് 30,000 കോടിയുടെ നേട്ടമാണ് ഉണ്ടാക്കികൊടുത്തത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജിഎസ്ടിയുടെ ഘടനമാറ്റും.

മൻമോഹൻസിങ്ങിന്റെ ഉദാരവൽക്കരണ നയം പിന്തുടരുന്നതിനൊപ്പം തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണും. ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കും. ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യവികസനം നടപ്പാക്കും.

മെയ്ക് ഇൻ ഇന്ത്യ എന്ന ആശയം നല്ലതായതിനാൽ പോരായ്മകൾ പരിഹരിച്ച് അതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഐബിപിജി ചെയർമാൻ ബി.ആർ ഷെട്ടി, വൈസ് ചെയർമാൻ എം.എ യൂസഫലി എന്നിവർ പ്രസംഗിച്ചു. 

പ്രതിരോധമന്ത്രിയെ അപമാനിച്ചിട്ടില്ല

അക്കൗണ്ടിൽ 15 ലക്ഷം വീതം ഇടുമെന്നൊന്നും കള്ളം പറയാൻ ഞാൻ നരേന്ദ്ര മോദിയല്ല. ആന്ധ്രയ്ക്കു പ്രത്യേക പരിഗണന നൽകുമെന്നതടക്കം പറയുന്ന കാര്യങ്ങൾ കോൺഗ്രസ് ചെയ്യും. റഫാൽ വിഷയത്തിൽ ഇതു ട്രെയിലർ മാത്രമാണ്. നിർമല സീതാരാമനെക്കുറിച്ചു മോശമായി സംസാരിച്ചെന്നതു വ്യാജപ്രചാരണം. പ്രധാനമന്ത്രി എന്തുകൊണ്ട് പാർലമെന്റിൽ വരുന്നില്ല? തന്നെ പ്രതിരോധിക്കാൻ വനിതാമന്ത്രിയെ നിയോഗിക്കുകയാണോ വേണ്ടതെന്നാണു ചോദിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA