ഭരണാധികാരിക്ക് സഹിഷ്ണുത ഇല്ലെങ്കിൽ എന്തു പ്രയോജനം?: രാഹുൽ

Rahul-with-kids
SHARE

ദുബായ്∙ യുഎഇയിലേതു പോലെ സഹിഷ്ണുതയ്ക്കും സന്തോഷത്തിനും ഇന്ത്യയിൽ മന്ത്രാലയം രൂപീകരിക്കുമോ?

‘മന്ത്രാലയങ്ങൾ ഉണ്ടാകേണ്ടതു തന്നെ, പക്ഷേ, ഭരിക്കുന്നയാൾക്കു സഹിഷ്ണുതയില്ലെങ്കിൽ പ്രയോജനമില്ല.’

ദുബായ് ഇൻഡസ്ട്രിയൽ മാനേജ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയുടെ ചോദ്യത്തിനാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി. നാലര വർഷമായി രാജ്യത്ത് അസഹിഷ്ണുതയാണ്. ഒരാൾ കഴിക്കുന്നത് എന്തെന്നു നോക്കി വിഭാഗീയത ഉണ്ടാക്കരുത്. അതിന്റെ പേരിൽ ആരും കൊല്ലപ്പെടരുത്. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുകയും വേണം, രാഹുൽ പറഞ്ഞു. യുഎഇ സന്ദർശിക്കുന്ന അദ്ദേഹം കോളജ് വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു.

മസ്തിഷ്ക ചോർച്ച (തൊഴിലിനായി ആളുകൾ വിദേശത്തു പോകുന്നത്) വലിയ പ്രശ്നമല്ലേ എന്നതായിരുന്നു ആദ്യ ചോദ്യം. സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച കാലത്ത് അത് അത്ര വലിയ പ്രശ്നമല്ലെന്നു പറഞ്ഞ രാഹുൽ, തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കേണ്ടത് തന്നെപ്പോലുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു. ഏതു രാജ്യത്തിരുന്നാലും ഇന്ത്യക്കായി പ്രവർത്തിക്കാം. അതിന് അവസരം ഒരുക്കിയില്ലെങ്കിലാണു മസ്തിഷ്ക ചോർച്ച പ്രശ്നമാകുക.  

കായികമേഖലയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നൽകിയപ്പോഴാണ്, ജാപ്പനീസ് ആയോധന കലയായ കിഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. മറ്റുള്ളവരെ അസഹിഷ്ണുതയോടെ നേരിടാനല്ല ഇതെന്നും ചിരിയോടെ കൂട്ടിച്ചേർത്തു. കായികരംഗത്തു പുതിയ പദ്ധതികൾ വേണമെന്നും അഭിപ്രായപ്പെട്ടു. പാർലമെന്റിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. 

മോദി എന്റെ ‘ഗുരു’

അബുദാബി∙ നരേന്ദ്ര മോദി അവിവാഹിതനായതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണോ താങ്കളും അവിവാഹിതനായിരിക്കുന്നത് എന്നായിരുന്നു വ്യവസായികളുടെ സംഗമത്തിൽ ഉയർന്ന ഒരു ചോദ്യം. ചിരിച്ചു കൊണ്ടു രാഹുൽ പറഞ്ഞു, ‘മോദി വിവാഹിതനാണ്. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. വിവാഹം നടക്കേണ്ട സമയത്തു നടക്കും. ഇപ്പോൾ പാർട്ടി പ്രവർത്തനങ്ങളുടെ തിരക്കിലാണ്.’ 

വ്യാജ വാർത്തകളും സമൂഹമാധ്യമ പ്രചാരണങ്ങളും തമാശയായേ കാണാറൂള്ളു. മോദിയും കൂട്ടരും ഇങ്ങനെ ചെയ്യുന്നതു കൊണ്ടു പലതും പഠിച്ചു. അതുകൊണ്ട് അദ്ദേഹത്തെ ഗുരുവായാണു കാണുന്നത്. താനൊരിക്കലും മോദിയെ അപമാനിച്ചു സംസാരിച്ചിട്ടില്ല. രാഹുൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA