നിയമന ശുപാർശയിൽ അധികാര ദുർവിനിയോഗമെന്ന് ആരോപണം; വിവാദത്തിൽ തല വച്ച് ചീഫ് ജസ്റ്റിസ്

Justice-Ranjan-Gogoi
SHARE

ന്യൂഡൽഹി ∙ സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം നടപ്പാക്കാതെ വൈകിച്ച ശേഷം പുതിയ തീരുമാനമെടുത്തതിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരെ അധികാര ദുർവിനിയോഗ ആരോപണം. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രീം കോടതിയിൽ ജഡ്ജിമാരാക്കുന്നതിനുള്ള ശുപാർശയുടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം.

സീനിയോറിറ്റിയിൽ 32 ജഡ്ജിമാർക്കു പിന്നിലുള്ള ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിക്കാനുള്ള ശുപാർശ അംഗീകരിച്ചാൽ അതു കരിദിനമായിരിക്കുമെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കണമെന്നും രാഷ്ട്രപതിക്ക് അയച്ച കത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി കൈലാഷ് ഗംഭീർ വ്യക്തമാക്കി. മാസ്റ്റർ ഓഫ് റോസ്റ്റർ (ജഡ്ജിമാരുടെ ജോലിവിഭജന തീരുമാനമെടുക്കാനുള്ള ചുമതല) ഇപ്പോൾ മാസ്റ്റർ ഓഫ് കൊളീജിയം കൂടി ആയിരിക്കുന്നുവെന്നും ഇതിനാണോ സുതാര്യത ആവശ്യപ്പെട്ടു ജഡ്ജിമാർ കഴിഞ്ഞ വർഷം ജനുവരി 12നു നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തതെന്ന് ചീഫ് ജസ്റ്റിസ് ഗൊഗോയ് സ്വയം ചോദിക്കണമെന്നും അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു.

പുതിയ തീരുമാനവും പുതിയ വിവാദവും

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിനെയും സുപ്രീം കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യാമെന്ന് കഴിഞ്ഞ മാസം 12ന് അഞ്ചംഗ കൊളീജിയം തീരുമാനിച്ചു. എന്നാൽ, ശുപാർശ സർക്കാരിനെ അറിയിക്കുകയോ സുപ്രീം കോടതിയുടെ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തുകയോ ചെയ്തില്ല. കഴിഞ്ഞ 10നു കൊളീജിയം ചേർന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രീം കോടതിയിലേക്കു ശുപാർശ ചെയ്യാൻ തീരുമാനിച്ചു. അക്കാര്യം വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തി.

കഴിഞ്ഞ മാസത്തെ കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് മദൻ ബി. ലോക്കൂർ വിരമിച്ചു. ജസ്റ്റിസ് അരുൺ മിശ്ര പുതിയ അംഗമായി. കഴിഞ്ഞ ഡിസംബർ 12നു കൊളീജിയം ചില തീരുമാനങ്ങളെടുത്തെന്നും ശീതകാല അവധി വന്നതിനാൽ, ആവശ്യമായ ചർച്ച നടത്താനായില്ലെന്നുമാണ് പുതിയ തീരുമാനത്തെക്കുറിച്ചുള്ള പ്രമേയത്തിൽ പറയുന്നത്. കഴിഞ്ഞ 5നും 6നും വിശദമായ ചർച്ച നടന്നു. ലഭ്യമായ പുതിയ വിവരങ്ങൾ കൂടി കണക്കിലെടുത്ത് വിഷയം വീണ്ടും പരിശോധിക്കണമെന്നു കൊളീജിയം തീരുമാനിച്ചു. ജസ്റ്റിസ് മഹേശ്വരിയും ജസ്റ്റിസ് സഞ്ജീവ് ഖന്നയുമാണ് നിലവിൽ ഹൈക്കോടതികളിലുള്ള മറ്റെല്ലാ ജഡ്ജിമാരെക്കാളും എല്ലാ അർഥത്തിലും അർഹരും യോഗ്യരുമെന്ന് കൊളീജിയം വിലയിരുത്തിയെന്നും പ്രമേയം പറയുന്നു.

സീനീയോറിറ്റിയിൽ ഖന്ന പിന്നിൽ

നിലവിലെ ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി പട്ടിക പ്രകാരം: ജസ്റ്റിസ് രാജേന്ദ്ര മേനോൻ – 3, ജസ്റ്റിസ് നന്ദ്രജോഗ് – 4, ജസ്റ്റിസ് മഹേശ്വരി – 21, ജസ്റ്റിസ് സഞ്ജീവ് ഖന്ന – 33. സുപ്രീം കോടതി മുൻ ജഡ്ജി എച്ച്.ആർ. ഖന്നയുടെ അനന്തരവനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഡൽഹി ഹൈക്കോടതിയിൽ ഇദ്ദേഹം സീനിയോറിറ്റിയിൽ മൂന്നാമതാണ്.

ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണങ്ങൾ

∙ ഡിസംബർ 12ന് എടുത്ത തീരുമാനം സർക്കാരിനെ അറിയിക്കുകയും പരസ്യപ്പെടുത്തുകയും വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഗൊഗോയ് സ്വയം തീരുമാനിച്ചു.

∙ തീരുമാനം നടപ്പാക്കുന്നില്ലെന്നതു കൊളീജിയത്തിലെ മറ്റുള്ളവരെ അറിയിച്ചില്ല.

∙ പുതുതായി ലഭിച്ചെന്നു പറയപ്പെടുന്ന വിവരങ്ങൾ കൊളീജിയത്തിലെ മറ്റുള്ളവർക്കു ലഭ്യമാക്കിയില്ല.

∙ ആദ്യ തീരുമാനത്തിനു ശേഷമാണ് ആലോചന നടത്തി പുതിയ തീരുമാനമെടുത്തത്.

അന്ന് വിമതശബ്ദം

ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ അദ്ദേഹത്തിനെതിരെ പത്രസമ്മേളനം നടത്തിയ 4 ജഡ്ജിമാരിലൊരാളാണ് രഞ്ജൻ ഗൊഗോയ്. സർക്കാരും ചീഫ് ജസ്റ്റിസ് മിശ്രയും ഒരു വശത്തും ‘വിമത’ ജഡ്ജിമാർ മറുവശത്തുമായി വിവാദം മുറുകിയിരിക്കെ, തർക്കം പരിഹരിക്കാൻ മന്ത്രി അരുൺ ജയ്റ്റ്ലിയുമായി ചേർന്ന് ജസ്റ്റിസ് ഗൊഗോയ് ശ്രമിച്ചിരുന്നു. റഫാൽ യുദ്ധവിമാന ഇടപാട് കേസിൽ ഗൊഗോയി എഴുതിയ വിധിന്യായത്തിലാണ് ഇനിയും തയ്യാറായിട്ടില്ലാത്ത സിഎജി റിപ്പോർട്ടിനെക്കുറിച്ച് പരാമർശിച്ചത്. സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് ആലോക് വർമയെ നീക്കിയ നടപടി റദ്ദാക്കിയുള്ള വിധിന്യായവും ഇദ്ദേഹത്തിന്റേതാണ്.

ജസ്റ്റിസ് (റിട്ട) കൈലാഷ് ഗംഭീറിന്റെ കത്തിൽനിന്ന്:

‘‘അന്നത്തെ ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ടു നേരിടുന്ന ചില ഗുരുതരമായ പ്രശ്നങ്ങൾ ഉന്നയിക്കാൻ അടുത്ത കാലത്ത് പത്രസമ്മേളനം നടത്തിയ 4 സുപ്രീം കോടതി ജഡ്ജിമാരിലൊരാളാണ് ജസ്റ്റിസ് ഗൊഗോയ്. മാധ്യമങ്ങളോടു പറഞ്ഞത് ഈ സ്ഥാപനം സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ഈ രാജ്യം നിലനിൽക്കില്ലെന്നാണ്. സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കിൽ ജനാധിപത്യം നിലനിൽക്കില്ലെന്നും.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA