sections
MORE

കർണാടക: രണ്ട്എംഎൽഎമാർ ബിജെപി പക്ഷത്തേക്ക്

karnataka-assembly-building
SHARE

ബെംഗളൂരു ∙ കർണാടകയിലെ കോൺഗ്രസ്- ദൾ ഭരണം അട്ടിമറിക്കാനുള്ള ബിജെപി ശ്രമം തുടരുന്നതിനിടെ, 2 എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. മുൻ മന്ത്രിയും കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി (കെപിജെപി) എംഎൽഎയുമായ ആർ.ശങ്കർ, കോൺഗ്രസ് പിന്തുണയോടെ ജയിച്ച സ്വതന്ത്രൻ എച്ച്.നാഗേഷ് എന്നിവരാണു ഗവർണർക്കു കത്തുനൽകിയത്. ഭരണത്തിൽ തൃപ്തിയില്ലെന്നാണു വിശദീകരണം. ഇവർക്കു കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. പുനഃസംഘടനയിൽ മന്ത്രിസ്ഥാനം പോയതോടെ ശങ്കർ അതൃപ്തനായിരുന്നു.

എംഎൽഎമാരുടെ പിന്മാറ്റം ‘ഓപ്പറേഷൻ താമര’യുടെ ആദ്യഘട്ട വിജയമാണെന്നു ബിജെപി സംസ്ഥാനാധ്യക്ഷൻ യെഡിയൂരപ്പ സ്ഥിരീകരിച്ചു. നല്ല വാർത്തയ്ക്കായി രണ്ടു ദിവസം കാത്തിരിക്കാനും ഹരിയാന റിസോർട്ടിൽ പാർപ്പിച്ചിട്ടുള്ള 104 ബിജെപി എംഎൽഎമാരോട് അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാർ സുരക്ഷിതമാണെന്നും ഈ രാഷ്ട്രീയക്കളി ആസ്വദിക്കുകയാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചു.

എന്നാൽ, 5 കോൺഗ്രസ് എംഎൽഎമാർ മുംബൈയിൽ തങ്ങുന്നതു നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നു. ഇവരെ അനുനയിപ്പിക്കാനുള്ള ചുമതല മന്ത്രി ഡി.കെ ശിവകുമാറിനാണ്. ഇവർ താമസിക്കുന്ന റിനൈസൻസ് ഹോട്ടലിൽ കർണാടക ഇന്റലിജൻസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. അതിനിടെ, ഹോട്ടൽ ഉപരോധിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമം നടത്തി.

ബിജെപിക്കു പിന്നാലെ, കോൺഗ്രസും ജനതാദളും (എസ്) എംഎൽഎമാരെ റിസോർട്ടുകളിലേക്കു മാറ്റിയേക്കും. ബിജെപിയിലെ അതൃപ്തരെ വലയിലാക്കാൻ ഭരണപക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും അവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണു സൂചന. 2008ൽ യെഡിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ മറ്റു പാർട്ടികളിൽ നിന്ന് എംഎഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി തയാറാക്കിയ പദ്ധതിയാണ് ‘ഓപ്പറേഷൻ താമര.’ കൂറുമാറുന്നവരെ രാജിവയ്പിച്ചുബിജെപി ടിക്കറ്റിൽ ജയിപ്പിക്കുകയാണു രീതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN INDIA
SHOW MORE
FROM ONMANORAMA