മോദിയുടെ ഇടപെടൽ റഫാൽ വില ഉയർത്തിയെന്ന് ആക്ഷേപം

narendra-modi-rafale
SHARE

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രതിരോധ ചട്ടങ്ങൾ മറികടന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലിനെത്തുടർന്ന് ഓരോ വിമാനത്തിന്റെയും വില 130 കോടി രൂപ വരെ വർധിച്ചതായി റിപ്പോർട്ട്. വിമാനങ്ങളിൽ വ്യോമസേന ആവശ്യപ്പെട്ട ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനു നിർമാതാക്കളായ ഡാസോ ഏവിയേഷൻ ഭീമമായ തുക ചുമത്തിയതാണു വില കൂടാൻ കാരണം.

അമിത നിരക്കിലെ കണക്ക്

∙ വിമാനങ്ങളിൽ അത്യാധുനിക റഡാർ ഉൾപ്പെടെ 13 ഉപകരണങ്ങളാണു വ്യോമസേന ആവശ്യപ്പെട്ടത്. അടിസ്ഥാന വിലയ്ക്കു പുറമേ 126 വിമാനങ്ങളിൽ ഇവ ഘടിപ്പിക്കാൻ 11,358 കോടി രൂപ (ഒരു വിമാനത്തിന് 90.14 കോടി) യുപിഎ സർക്കാരിന്റെ കാലത്തു നിശ്ചയിച്ചു. മോദി സർക്കാർ വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചെങ്കിലും ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനുള്ള വിലയിൽ കാര്യമായ ഇളവു നൽകാൻ ഡാസോ തയാറായില്ല.

36 വിമാനങ്ങൾക്കു മാത്രം 10,547 കോടി രൂപ (ഒരു വിമാനത്തിന് 292.97 കോടി) യാണ് ഈടാക്കിയത്. ഇതുവഴി ഓരോ വിമാനത്തിന്റെയും ആകെ തുകയിൽ (അടിസ്ഥാന വിലയും ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനുള്ള തുകയും ചേർന്നത്) 130 കോടി രൂപയോളം വർധനയുണ്ടായി. 2011 ൽ യുപിഎ സർക്കാരും 2016 ൽ കേന്ദ്ര സർക്കാരും നിശ്ചയിച്ച അടിസ്ഥാന വിലകൾ ആധാരമാക്കിയുള്ള വ്യത്യാസമാണിത്.

തങ്ങൾ നിശ്ചയിച്ച അടിസ്ഥാന വില യുപിഎ സർക്കാരിനെക്കാൾ 9 % കുറവാണെന്നു കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നു.
ഉപകരണത്തിനുള്ള ഉയർന്ന വിലയ്ക്കു വഴങ്ങിയതിനുള്ള പ്രത്യുപകാരമായാണ് അടിസ്ഥാന വിലയിൽ ഡാസോ 9 % കുറവു വരുത്തിയതെന്നു കോൺഗ്രസ് ആരോപിച്ചു.

ഉദ്യോഗസ്ഥർ എതിർത്തു

∙ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനുള്ള ഉയർന്ന വിലയ്ക്കെതിരെ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നേരത്തേ രംഗത്തുവന്നിരുന്നു. ഏഴംഗ പ്രതിരോധ സമിതിയിൽ 3 പേർ എതിർത്തു. ജോയിന്റ് സെക്രട്ടറി രാജീവ് വർമ, ധനകാര്യ മാനേജർ അജിത് സുലെ, ഉപദേഷ്ടാവ് എം.പി. സിങ് എന്നിവർ എതിർപ്പ് അറിയിച്ചതായാണു വിവരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA