മമതയുടെ മഹാറാലി ഇന്ന്; പിന്തുണച്ച് രാഹുൽ ഗാന്ധി

Mamata-Banerjee
SHARE

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനത്തിന് അരങ്ങൊരുക്കി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന റാലി ഇന്ന് കൊൽക്കത്തയിൽ. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന റാലിക്കുള്ള പിന്തുണ കത്തിലൂടെ മമതയെ അറിയിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ചടങ്ങിൽ പങ്കെടുക്കില്ല. പകരം, മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖർഗെ, അഭിഷേക് സിങ്‍വി എന്നിവരെ പ്രതിനിധികളായി അയയ്ക്കും.

ഐക്യ ഇന്ത്യ റാലിയെന്നു പേരിട്ട പ്രകടനത്തിൽ തൃണമൂലിനു പുറമെ 14 പ്രതിപക്ഷ കക്ഷികൾ അണിനിരക്കും. കർണാടക, ആന്ധ്ര, ഡൽഹി മുഖ്യമന്ത്രിമാർ സാന്നിധ്യമറിയിക്കും. ബിജെഡി പങ്കെടുത്തേക്കില്ല. തൃണമൂലിനൊപ്പം മൂന്നാം മുന്നണി രൂപീകരണത്തിന്റെ സാധ്യതകൾ തുറന്നിട്ടിരിക്കുന്ന ടിആർഎസ് പങ്കെടുക്കുന്നതു സംബന്ധിച്ചു മനസ്സു തുറന്നിട്ടില്ല. ഇന്ന് 12 നുള്ള റാലിയിൽ 40 ലക്ഷം പേർ പങ്കെടുക്കുമെന്നാണു തൃണമൂലിന്റെ കണക്കുകൂട്ടൽ.

പങ്കെടുക്കുന്ന പ്രധാന നേതാക്കൾ: അഖിലേഷ് യാദവ് (എസ്പി), സതീഷ് മിശ്ര (ബിഎസ്പി), ശരദ് പവാർ (എൻസിപി), എൻ. ചന്ദ്രബാബു നായിഡു (ടിഡിപി), അരവിന്ദ് കേജ്‍രിവാൾ (ആം ആദ്മി പാർട്ടി), എച്ച്.ഡി. കുമാരസ്വാമി, എച്ച്. ഡി. ദേവെഗൗഡ (ജെഡിഎസ്), എം.കെ. സ്റ്റാലിൻ (ഡിഎംകെ), ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), തേജസ്വി യാദവ് (ആർജെഡി), അജിത് സിങ് (ആർഎൽഡി), ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദൾ), ഹേമന്ത് സോറൻ (ജാർഖണ്ഡ് മുക്തി മോർച്ച), ബാബുലാൽ മറാണ്ഡി (ജാർഖണ്ഡ് വികാസ് മോർച്ച). ബിജെപിയിൽ കലാപക്കൊടി ഉയർത്തിയ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ എന്നിവരും പങ്കെടുക്കും.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA