അഗസ്റ്റ ആരോപണം മോദിയുടെ പ്രതികാരം: ഉമ്മൻചാണ്ടി

Oommen-Chandy
SHARE

തിരുവനന്തപുരം∙ റഫാൽ ഇടപാടിൽ നരേന്ദ്രമോദിയുടെ വൻ അഴിമതി കണ്ടുപിടിച്ചതിന്റെ വൈരാഗ്യം തീർക്കാൻ മെനഞ്ഞെടുത്ത കള്ളക്കഥയാണ് അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ സോണിയ ഗാന്ധിക്കും രാഹുൽഗാന്ധിക്കും പങ്കുണ്ടെന്ന ആക്ഷേപമെന്നു കോ‍ൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകൻ അനവസരത്തിലാണ് ഇവരുടെ പേരുകൾ വലിച്ചിഴച്ചത്. അറസ്റ്റിലായ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ കേന്ദ്ര സർക്കാരിന്റെ സമ്മർദവും ഭീഷണിയും നേരിട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഇതിലെ രാഷ്ട്രീയം സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. കരാറിൽ ക്രമക്കേടു കണ്ടെത്തിയ ഉടൻ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ഇറ്റലിയിൽ കേസ് നടത്തി കരാർ തുകയും ബാങ്ക് ഗാരന്റിയും മൂന്നു ഹെലികോപ്റ്ററുകളും തിരിച്ചുപിടിക്കുകയും ചെയ്തു. കമ്പനിയെ വിലക്കാനും ഉത്തരവിട്ടു.

പിന്നീട് അധികാരമേറ്റ മോദി സർക്കാർ മൂന്നു മാസത്തിനിടെ കമ്പനിയെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും മെയ്ക് ഇൻ ഇന്ത്യ പദ്ധതികളിൽ പങ്കാളികളാക്കുകയും ചെയ്തു. റഫാൽ ഇടപാടിൽ വിറളി പിടിച്ച മോദി അന്നു മുതൽ കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽപെടുത്താൻ നോക്കുകയാണ്. ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസിന്റെ വിജയം മോദിയെ പ്രതികാരദാഹിയാക്കി. പ്രധാനമന്ത്രിപദം പോലും നിരസിച്ച ചരിത്രമുളള സോണിയ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളപ്പെടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA