അക്രമങ്ങളെ നിർദാക്ഷിണ്യം അടിച്ചമർത്തും: മുഖ്യമന്ത്രി

Pinarayi-Vijayan
SHARE

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശത്തിന്റെ പേരിലുള്ള അക്രമങ്ങളെയും വർഗീയകലാപ ശ്രമങ്ങളെയും നിർദാക്ഷിണ്യം അടിച്ചമർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമികളുടെ രാഷ്ട്രീയം നോക്കാതെ കർശന നടപടികളാണു പൊലീസ് സ്വീകരിക്കുന്നത്. സമാധാന ജീവിതം ഉറപ്പാക്കേണ്ടതു സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ഭീഷണിക്കു വഴങ്ങില്ല. കലാപം നടത്തി കേരളത്തിൽ വേരുറപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നു ബിജെപി മനസ്സിലാക്കിയാൽ നല്ലതെന്നും ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു. 

ആസൂത്രിതമായി അക്രമം അഴിച്ചുവിടുന്ന ബിജെപിയും ആർഎസ്എസും തന്നെയാണു ക്രമസമാധാനം അപകടത്തിലാണെന്നു പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സുപ്രീം കോടതി വിധിക്കെതിരെ ബിജെപിയും ആർഎസ്എസും നടത്തുന്ന ആസൂത്രിത അക്രമങ്ങളല്ലാതെ സംസ്ഥാനത്തു ക്രമസമാധാന പ്രശ്നങ്ങളില്ല. 

കോടതിവിധി അട്ടിമറിക്കാൻ കലാപം സംഘടിപ്പിക്കുന്നവർ, സർക്കാർ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തുന്നതു വിചിത്രമാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്ന സർക്കാരിനെതിരെ ഭീഷണി ഉയർത്തുന്നതാണു ഭരണഘടനാ വിരുദ്ധം. ഭരണഘടനയോട് അൽപമെങ്കിലും കൂറും ജനങ്ങളോടു പ്രതിബദ്ധതയും ഉണ്ടെങ്കിൽ അക്രമം അവസാനിപ്പിക്കാൻ ബിജെപി നേതൃത്വം അണികളോടു നിർദേശിക്കണം. ഹർത്താൽ കേസുകളിൽ ജയിലിലായ എഴുനൂറിലേറെപ്പേരുടെ രാഷ്ട്രീയം പരിശോധിച്ചാൽ യഥാർഥ അക്രമികളെ മനസ്സിലാകും. മുൻപില്ലാത്തവിധം മാധ്യമപ്രവർത്തകർക്കു നേരെ വ്യാപക ആക്രമണങ്ങളുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA