വിട്ടുവീഴ്ച ചെയ്തും മോദിഭരണം അവസാനിപ്പിക്കും: ആന്റണി

kpcc-general-body-meeting
SHARE

തിരുവനന്തപുരം∙ എന്തു വില കൊടുത്തും എന്തു വിട്ടുവീഴ്ച ചെയ്തും ആർഎസ്എസ് നിയന്ത്രിത മോദിഭരണത്തിന് അന്ത്യം കുറിക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്നു പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. ഇതിനായി യോജിക്കാവുന്ന എല്ലാവരുമായും യോജിക്കും– കെപിസിസി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് ആന്റണി പറഞ്ഞു.

കുരുക്ഷേത്ര യുദ്ധമാണു നടക്കാൻ പോകുന്നത്. ഇന്ത്യയുടെ ഭാവിയാണു നിശ്ചയിക്കപ്പെടുന്നത്. ജനാധിപത്യവും അതിന്റെ ബഹുസ്വരതയും അടിസ്ഥാനമൂല്യങ്ങളും നിലനിർത്താനുള്ള പോരാട്ടമായിരിക്കും. അതിൽ കോൺഗ്രസിനു പിഴ പറ്റിയാൽ ഭരണഘടന തന്നെ തകർക്കുന്നതിലേക്ക് അവർ നീങ്ങും. ഒരിക്കൽ കൂടി അധികാരം ലഭിച്ചാൽ ഭരണഘടന അവർ പൊളിച്ചെഴുതും. ഈ പോരാട്ടത്തിൽ വിജയിക്കണമെങ്കിൽ കോൺഗ്രസ് ഒറ്റയ്ക്കു വിചാരിച്ചാൽ പറ്റില്ല. പക്ഷേ നിർണായക ശക്തിയായ കോൺഗ്രസ് മുന്നിൽ നിൽക്കാതെ മോദിയെ ഇറക്കാൻ കഴിയില്ല. ബിജെപിക്കെതിരായ കൂട്ടുകെട്ട് ആവശ്യമായ സംസ്ഥാനങ്ങളിലെല്ലാം അതിനു കോൺഗ്രസ് തയാറാകും. പാർലമെന്റിൽ കോൺഗ്രസിന്റെ സാന്നിധ്യം പരമാവധി വർധിപ്പിക്കുകയെന്ന ദൗത്യമാണു കേരളത്തിലെ പ്രവർത്തകർക്ക്.

തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വരെ സ്ഥാനാർഥികൾക്കായി കാത്തുനിൽക്കുന്നതു കോൺഗ്രസ് അവസാനിപ്പിക്കുകയാണ്. ചില നേതാക്കൾ മാത്രം കൂടിയാലോചിച്ചു സ്ഥാനാർഥികളെ നിശ്ചയിക്കാമെന്ന അവസ്ഥയും ഉണ്ടാകില്ല. ഫെബ്രുവരി അവസാനത്തോടെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും– ആന്റണി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവർത്തകസമിതി അംഗം കെ.സി. വേണുഗോപാൽ, പ്രചാരണ സമിതി അധ്യക്ഷൻ കെ. മുരളീധരൻ, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ കെ.വി. തോമസ് എം.പി, തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജൻ, വി.എം. സുധീരൻ, പി.പി. തങ്കച്ചൻ, പി.ജെ. കുര്യൻ, പി.സി. വിഷ്ണുനാഥ്, തമ്പാനൂർ രവി തുടങ്ങിയവർ പങ്കെടുത്തു.

മോദിയെയും രാഹുലിനെയും താരതമ്യം ചെയ്ത് ആന്റണി

നരേന്ദ്രമോദി: അമിതാഭ് ബച്ചനെയും രജനീകാന്തിനെയും പോലുള്ള ഏതു സിനിമാതാരത്തെക്കാളും പ്രാഗത്ഭ്യമുള്ള അഭിനേതാവിനെപ്പോലെയാണു മോദി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പു സിനിമാ നടന്മാരെക്കാൾ പ്രാഗത്ഭ്യത്തോടെ അഭിനയിച്ചാണു ഭരണം പിടിച്ചെടുത്തത്.

രാഹുൽഗാന്ധി: രാഹുൽഗാന്ധി പഴയ രാഹുൽ അല്ല. അനുഭവസമ്പത്താർജിച്ചു പടിപടിയായി അദ്ദേഹം വളർന്നു. ഇന്നു മോദി ഭയപ്പെടുന്ന, അദ്ദേഹത്തെ തോൽപിക്കാൻ കഴിയുന്ന നേതാവ് രാഹുൽ മാത്രം. കോൺഗ്രസിനെ വിമർശിക്കുന്ന ഒരു മാസിക തന്നെ അദ്ദേഹത്തെ 2019 ലെ മാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA