സ്ഥാനാർഥി നിർണയം കൂട്ടായും വേഗത്തിലുമാക്കാൻ കോൺഗ്രസ്

congress-logo-1
SHARE

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് നോക്കിയാവില്ല കോൺഗ്രസ് സ്ഥാനാർഥി നിർണയമെന്ന് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. ഏതാനും നേതാക്കളെ എല്ലാം ചുമതലപ്പെടുത്തി പ്രമേയം പാസ്സാക്കുന്ന രീതി അവസാനിച്ചതായി പാർട്ടി നേതൃ യോഗങ്ങളിൽ ആന്റണി പറഞ്ഞു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ കാര്യമായി കൂടിയാലോചിക്കണം. വിജയസാധ്യത മാത്രമാവും ഘടകം. മുമ്പും പറഞ്ഞിട്ടുണ്ടല്ലോയെന്നു തള്ളിക്കളയേണ്ട. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വ്യക്തമായ നിർദേശമാണ്. ഗ്രൂപ്പ് ബലത്തിൽ സ്ഥാനാർഥിയാകുമെന്ന് ആരും കരുതേണ്ട– ആന്റണി തീർത്തുപറഞ്ഞു.

ഒരുപാടു സ്ഥാനാർഥികളെ ഇവിടെ തീരുമാനിക്കാനില്ലെന്നും ഉള്ളതു ഫലപ്രദമായി നിർവഹിക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം സിറ്റിങ് എംപിമാരെല്ലാം മൽസരിച്ചേക്കാമെന്ന സൂചനയുമായി. ജയസാധ്യതയുള്ളവരുടെ പേരുകൾ ഫെബ്രുവരി 20 ന് അകം ഡിസിസികൾ നിർദേശിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചു. ജനുവരി അവസാനം രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടെ പ്രചാരണ പ്രവർത്തനങ്ങളിലേക്കു കടക്കാനാണു തീരുമാനം. ഇതിനു പിന്നാലെ കെപിസിസി പ്രസിഡന്റിന്റെ കേരള പര്യടനം ആരംഭിക്കും. മാർച്ച് വരെ തുടർച്ചയായ പരിപാടികളിലൂടെ സംഘടനയെ സജ്ജമാക്കും.

ശബരിമല വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കുമെതിരെ ജനവികാരമുണ്ടെന്നു യോഗം വിലയിരുത്തി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർത്തവർക്കൊപ്പം ജനങ്ങൾ നിൽക്കില്ല. വൈകാരിക നിലപാടുകൾ പറയുന്നവരുണ്ടാകാം. പക്ഷേ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന കോൺഗ്രസിനൊപ്പം വോട്ടെടുപ്പ് സമയത്ത് അവർ നിൽക്കുമെന്ന ആത്മവിശ്വാസം ഭൂരിഭാഗം പേരും പങ്കുവച്ചു. ദേശീയതലത്തിൽ കോൺഗ്രസ് തിരിച്ചു വരുന്നുവെന്ന പ്രതീതി സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുത്തുമെന്ന അഭിപ്രായവുമുണ്ടായി.

രാവിലെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം നടന്നു. കെപിസിസി ജനറൽ ബോഡിക്കു ശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതലക്കാരുടെ യോഗം ഓരോ മണ്ഡലത്തിലെയും പ്രവർത്തനങ്ങൾ വിലയിരുത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA