സിപിഎം പ്രവർത്തകരെ കേസിൽ നിന്ന് രക്ഷിക്കാൻ പൊലീസിന്റെ ‘പ്രത്യേക സഹായം’

cpm-and-kerala-police-representational-image
SHARE

ഹർത്താൽ, പണിമുടക്ക് എന്നിവയോട് അനുബന്ധിച്ചുൾപ്പെടെ അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളിൽ സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തകരെ രക്ഷപ്പെടുത്താൻ പൊലീസിന്റെ ആസൂത്രിത ശ്രമം. ദുർബല വകുപ്പുകൾ ചുമത്തി കേസെടുക്കുക, ഉന്നത നേതാക്കളെ ഒഴിവാക്കുക, അറസ്റ്റ് വൈകിപ്പിക്കുക തുടങ്ങിയവയാണ് പാർട്ടിക്ക് നൽകിവരുന്ന ‘പ്രത്യേക സഹായം’. സെക്രട്ടേറിയറ്റിനു സമീപം എസ്ബിഐ ശാഖ ആക്രമിച്ച കേസിൽ നിന്ന് എൻജിഒ യൂണിയന്റെ ഉന്നത നേതാക്കളെ ഒഴിവാക്കിയ നീക്കമാണ് ഒടുവിലത്തേത്. സിപിഎം ബന്ധമുള്ളവർ പ്രതികളായ മറ്റു കേസുകളിലും പൊലീസിന് തണുപ്പൻ നിലപാടാണ്.

കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ ജനുവരി 3ന് ഹർത്താലിൽ പൊലീസിനെ ആക്രമിച്ച കേസിലെ 10 പ്രതികളിൽ 2 പേർ സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾ, 4 പേർ ഫറോക്ക് നഗരസഭ കൗൺസിലർമാർ; പക്ഷേ, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പണിമുടക്ക് ദിനത്തിൽ ജോലിക്കെത്തിയ വയനാട് കലക്ടറേറ്റ് ജീവനക്കാരന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കൽപറ്റ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയില്ല.

തൃശൂർ വടക്കാഞ്ചേരിയിൽ ഹർത്താൽ തലേന്ന് ബിജെപി ഓഫിസ് ആക്രമിച്ച സംഭവത്തിൽ 5 സിപിഎം പ്രവർത്തകരാണ് പ്രതികൾ. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഹർത്താൽ ദിനത്തിൽ ഒറ്റപ്പാലത്ത് കേ‍ാൺഗ്രസ് നേതാവ് എൻ.കെ. കൃഷ്ണൻകുട്ടിയെ വെട്ടിയ കേസിൽ പ്രതികളായ 10 ഡിവൈഎഫ്ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം, ഹർത്താൽ ദിവസവും അതിനു ശേഷവും നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളെ മുഴുവൻ രണ്ടാംദിവസം തന്നെ പിടികൂടി. പണിമുടക്ക് ദിനത്തിൽ ആലുവ തോട്ടയ്ക്കാട്ടുകരയിൽ ഗ്യാസ് ഏജൻസിക്കു കല്ലെറിഞ്ഞ സംഭവത്തിൽ സിപിഎമ്മിന്റെ പ്രധാന നേതാവിനെ ഒഴിവാക്കിയ പൊലീസ്, 4 സിപിഎമ്മുകാർക്കെതിരെ ചുമത്തിയത് ജാമ്യം കിട്ടുന്ന വകുപ്പുകൾ.

കണ്ണൂർ കോർപറേഷൻ കൗൺസിലർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല പോസ്റ്റിട്ടതിന് സിപിഎം കൗൺസിലർക്കെതിരെയും ഗ്രൂപ്പ് അഡ്മിനായ മേയർക്കെതിരെയും കോൺഗ്രസ് കൗൺസിലർ 2 മാസം മുൻപു നൽകിയ പരാതിയി‍ൽ കേസെടുത്തതല്ലാതെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. തളിപ്പറമ്പിൽ വയൽകിളികളുടെ സമരപ്പന്തൽ കത്തിച്ച സംഭവത്തിൽ 13 പേരെ പ്രതികളാക്കി കേസെടുത്തെങ്കിലും അറസ്റ്റിലായത് 4 പേർ മാത്രം. സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ച സംഭവത്തിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വയനാട് തവിഞ്ഞാലിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ആത്മഹത്യാക്കുറിപ്പിൽ പേരുണ്ടായിരുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗം പി. വാസുവിനെതിരെ ഇതുവരെ നടപടിയില്ല. കുറിപ്പിൽ പേരുണ്ടായിരുന്ന മറ്റൊരാളെ അറസ്റ്റ് ചെയ്തു.

ക്രിസ്മസ് രാത്രി തൊടുപുഴ മുതലക്കോടം പള്ളിയിൽ കുർബാന കഴിഞ്ഞ് പോയ കെഎസ്‍യു ജില്ലാ സെക്രട്ടറി സിബി ജോസഫിനെ ആക്രമിച്ച 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഡിസംബർ 28നു നെടുങ്കണ്ടം ചേമ്പളത്ത് കോൺഗ്രസ് പ്രവർത്തകൻ ജിറ്റോ ജോസിനെ ആക്രമിച്ച ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തെങ്കിലും തുടർനടപടിയില്ല. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ 3 പൊലീസുകാരെ മർദിച്ച കേസിലെ പ്രതികളെ ഒരുമാസമായിട്ടും അറസ്റ്റ് ചെയ്തിട്ടില്ല.

പാലക്കാട് നെന്മാറയിൽ ഗർഭിണിയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ശബരി ഒളിവിലാണെന്നാണു പൊലീസ് റിപ്പോർട്ട്. എന്നാൽ ഇതേയാൾ ഒരു സംഘട്ടനത്തിൽ പരുക്കേറ്റ് ആശുപത്രിയിലായപ്പോൾ മൊഴിയെടുക്കാൻ പോയത് ഇതേ പൊലീസ്. മാത്രമല്ല, മൊഴിയുടെ അടിസ്ഥാനത്തിൽ 7 കേ‍ാൺഗ്രസ്, ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വല്ലങ്ങി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.സോമനെ ആക്രമിച്ച സംഭവത്തിലെ സിപിഎമ്മുകാരായ 2 പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഡിവൈഎഫ്ഐ ബ്ലേ‍ാക്ക് ഭാരവാഹിയും ബവ്റിജസ് ഔട്ട്‌ലെറ്റിലെ താൽക്കാലിക ജീവനക്കാരനുമായ ഒരു പ്രതി ഇപ്പോഴും ജേ‍ാലി ചെയ്യുന്നു. പക്ഷേ, പ്രതികൾ ഒളിവിലാണെന്നാണു പെ‍ാലീസ് ഭാഷ്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA