ശബരിമലയിൽ ഒട്ടേറെ ആചാരങ്ങൾക്കു മാറ്റം വന്നിട്ടുണ്ട്: എ. പത്മകുമാർ

a-padmakumar
SHARE

ശബരിമല ∙ ശബരിമലയിൽ ഒട്ടേറെ ആചാരങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. മലയരയ സമുദായം തേനഭിഷേകം നടത്തിയിരുന്നു എന്നു പറയപ്പെടുന്നു. ഇതു സംബന്ധിച്ച തെളിവുകൾ ദേവസ്വം ബോർഡിന്റെ പക്കലില്ല. ഈ ആചാരത്തിനു മാറ്റം വന്നു. 18-ാം പടി പഞ്ചലോഹം കെട്ടി. സന്നിധാനത്ത് അഭിഷേകം നടത്താൻ വെള്ളമെടുത്തിരുന്ന മണിക്കിണർ മൂടി. ഭസ്മക്കുളവും മൂടി. ഇതു പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കും.

യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്നതിനു ശേഷം ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ നിലപാടിൽ മാറ്റമൊന്നുമില്ല. യുവതികളെ പ്രവേശിപ്പിക്കണമെന്നു ബോർഡ് എവിടെയും പറഞ്ഞിട്ടില്ല. ആചാരാനുഷ്ഠാനങ്ങൾക്ക് ഒപ്പമാണ് ബോർഡെന്നും പത്മകുമാർ പറഞ്ഞു.

തന്നെ കോൺഗ്രസിലേക്കു ക്ഷണിച്ച കെ. മുരളീധരൻ കോൺഗ്രസിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പാക്കണം രാമൻ നായരെ പോലും നേരെ നോക്കാൻ സാധിക്കാത്ത പാർട്ടിയാണത്. മുന്നണിയും പാർട്ടിയും മാറി മാറിപ്പോകുന്നവർക്ക് തന്റെ നിലപാട് മനസിലാകില്ലെന്നും പത്മകുമാർ പറഞ്ഞു.

നിലയ്ക്കൽ – പമ്പ സൗജന്യ ബസ് സർവീസ് പരിഗണനയിൽ

തിരുപ്പതി മാതൃകയിൽ തീർഥാടകർക്കായി നിലയ്ക്കൽ - പമ്പ റൂട്ടിൽ സൗജന്യ ബസ് സർവീസ് നടത്തുന്ന കാര്യം പരിഗണനയിലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. വിഷു സീസണിൽ ഇതു നടപ്പാക്കാനാണു ശ്രമിക്കുന്നത്. ദേവസ്വം ബോർഡ് സ്വന്തമായി ബസുകൾ വാങ്ങില്ല. സന്നദ്ധ സംഘടനകളും വ്യക്തികളും ബസുകൾ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

കെഎസ്ആർടിസിയുടെ നഷ്ടത്തെക്കുറിച്ചല്ല, ഭക്തരുടെ ലാഭത്തെക്കുറിച്ചാണു ചിന്തയെന്നും മകരവിളക്ക് അവലോകന യോഗത്തിനു ശേഷം പ്രസിഡന്റ് അറിയിച്ചു. 308 കോടി രൂപ സർക്കാർ ഇതുവരെ ശബരിമലയിൽ ചെലവഴിച്ചിട്ടുണ്ട്. നിലയ്ക്കലിലെ ജലവിതരണ സംവിധാനത്തിനു 108 കോടിയാണു ചെലവ്. ശബരിമലയുടെ പ്രവേശന കവാടമെന്ന നിലയിൽ ചെങ്ങന്നൂരിൽ 18.73 കോടി രൂപയുടെ വികസന പ്രവർത്തനം നടത്തും.

കുന്നത്ത് ക്ഷേത്രം, ചെങ്ങന്നൂർ ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ചാകും വികസനം. ആറന്മുളയിൽ 15000 പേർക്ക് വിരിവയ്ക്കാവുന്ന തരത്തിൽ 4 കോടിയുടെ പ്രവർത്തനം നടക്കുന്നു. സംസ്ഥാനത്ത് ഓരോ 50 കിലോമീറ്ററിലും ഒരു ഇടത്താവളം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തമാസം കഴക്കൂട്ടത്ത് നടക്കും. പമ്പയിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന പാലം നിർമാണം പരിഗണനയിലാണ്. ശബരിമലയിലെ വരുമാന നഷ്ടം സർക്കാർ പരിഹരിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA