ആലപ്പാട്ടേത് ജനസമരമെന്ന് രമേശും ഉമ്മൻ ചാണ്ടിയും സുധീരനും

ramesh
SHARE

കരുനാഗപ്പള്ളി ∙ ആലപ്പാട്ടെ ഖനനവിരുദ്ധ സമരം നടത്തുന്നതു ‘മലപ്പുറത്തുകാർ’ ആണെന്ന മന്ത്രി ഇ.പി.ജയരാജന്റെ വിവാദപ്രസ്താവനയെ എതിർത്തും ഖനന വിരുദ്ധ ജനകീയ സമിതി നടത്തുന്ന അനിശ്ചിത നിരാഹാര സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ എന്നിവർ ഇന്നലെ സമരപ്പന്തൽ സന്ദർശിച്ചാണ് ഐക്യദാർഢ്യം അറിയിച്ചത്.

മലപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഏതെങ്കിലും വിദ്യാർഥികൾ അടക്കമുള്ളവർ സമരത്തിന് അഭിവാദ്യം അർപ്പിച്ച് എത്തിയാൽ അവരാകുമോ സമരം ചെയ്യുന്നവരെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സമരത്തെ രാഷ്ട്രീയമായിട്ടല്ല, ഒരു നാടിന്റെ ജനങ്ങളുടെ പ്രശ്നത്തിനു പരിഹാരം ഉണ്ടാകണമെന്ന നിലയിലാണു കാണുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ശാസ്ത്രീയഖനനമല്ലെന്നത് ഉൾപ്പെടെ സമരസമിതി ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സമരം മലപ്പുറത്തുകാരല്ല കേരളം മുഴുവനായി ഏറ്റെടുത്തിരിക്കുകയാണെന്നുവി.എം.സുധീരൻ പറഞ്ഞു. അതിനിടെ, ആലപ്പാട് ഖനന മേഖലയിലുണ്ടായ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.മോഹൻകുമാർ ഉത്തരവിട്ടു.വ്യവസായ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയും കലക്ടറും ചവറ ഐആർഇ ജനൽ മാനേജരും മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണം. ലീഗൽ സർവീസ് വൊളന്റിയറായ രാജു മത്തായി നൽകിയ പരാതിയിലാണു നടപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA