ദേശീയപാതയുടെ വീതി കുറയ്ക്കില്ല; കൂടുതൽ ചർച്ചയുമില്ല : മുഖ്യമന്ത്രി

Pinarayi-Vijayan
SHARE

തൊടുപുഴ ∙ ദേശീയപാതയുടെ വീതി 45 മീറ്ററിൽ നിന്ന് ഒരു സെന്റിമീറ്റർ പോലും കുറയ്ക്കില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി നഷ്ടപ്പെടുന്നവർക്കു ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കും. എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിയും നയവിശദീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം–കാസർകോട് റെയിൽ പാതയ്ക്കു സമാന്തരമായി അർധ–അതിവേഗ റെയിൽപാത സംബന്ധിച്ച് ചർച്ച പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തു നിന്നു 2 മണിക്കൂർ കൊണ്ട് എറണാകുളത്തും എറണാകുളത്തു നിന്നു 2 മണിക്കൂറിൽ കണ്ണൂരിലും എത്താനാണ് ലക്ഷ്യം. കേരളത്തിൽ ഒരു പദ്ധതിയും മുന്നോട്ടു പോകുന്നില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹം തന്നെ കൊല്ലത്ത് ബൈപാസ് ഉദ്ഘാടനത്തിന് ഇന്ന് എത്തുകയാണ് – മുഖ്യമന്ത്രി പറഞ്ഞു.

ഗെയ്ൽ പൈപ്പ് ലൈൻ അവസാനഘട്ടത്തിലാണ്. മലയോര ഹൈവേയ്ക്കു കിഫ്ബി വഴി പണം അനുവദിച്ചു. തീരദേശ ഹൈവേയും ദേശീയ ജലപാതയും പൂർത്തിയാക്കും. ഇനിയൊരു പ്രളയത്തിൽ തകരാത്ത തരത്തിലുള്ള പുനർ നിർമാണമാണു സർക്കാരിന്റെ ലക്ഷ്യം. അതിനാണു കേന്ദ്രത്തോടും ജനങ്ങളോടും പണം ചോദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അർധ അതിവേഗ റെയിൽപാത (സെമി ഹൈസ്പീഡ് റെയിൽ)

കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടക്കമിട്ട അതിവേഗ റെയിൽപാത (ഹൈസ്പീഡ് റെയിൽ കോറി ഡോർ) പദ്ധതിക്കു പകരം എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച പദ്ധതി. തിരുവനന്തപുരം മുതൽ കാസർകോട് വരെ നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായി ഇരട്ടപ്പാത നിർമിക്കാനാണ് ലക്ഷ്യം. 560 കിലോമീറ്റർ ദൂരം വരുന്ന പാതയ്ക്ക് ഏകദേശ ചെലവ് 44000 കോടി.

റെയിൽവേയും സംസ്ഥാന സർക്കാരും ചെലവ് പങ്കിടുന്ന പദ്ധതിക്ക് റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകി. സാധ്യതാ പഠനത്തിനും രൂപരേഖ തയാറാക്കാനുമായി സർക്കാർ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ ചുമതലപ്പെടുത്തി. സാധ്യതാ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകുകയാണ് അടുത്ത നടപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA