ആലപ്പാട്ട് കരിമണൽ ഖനനം നിർത്തിവച്ച് ചർച്ചയില്ല

SHARE

തിരുവനന്തപുരം∙ കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കരിമണൽ  ഖനനം നിർത്തിവച്ചുള്ള ചർച്ചയെന്ന ആവശ്യം സർക്കാർ തള്ളി. അതേ സമയം സമരസമിതിയുമായി ചർച്ചയ്ക്കു സർക്കാർ വഴങ്ങി. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിനു ശേഷമാണ്, സമരസമിതി പ്രതിനിധികളുമായി മന്ത്രി ഇ.പി ജയരാജൻ ഇന്നു ചർ‌ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.

ശാസ്ത്രീയ ഖനനം തുടരുമെങ്കിലും തീരത്തു നിന്നു മണൽ കഴുകിയെടുക്കുന്ന ഖനന രീതിയായ സീവാഷിങ് താൽകാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. കരയിടിഞ്ഞു കടൽ കയറുന്നതിനു സീവാഷിങ് കാരണമാകുന്നതായി യോഗം വിലയിരുത്തി. സമരസമിതി പ്രതിനിധികളെ ഇന്നലത്തെ യോഗത്തിലേക്ക് ക്ഷണിക്കാഞ്ഞതിനെതിരെ വിമർശനം ഉയർന്നിരുന്നു.

ഖനനത്തിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്  മുഖ്യമന്ത്രി തന്നെ സമവായശ്രമത്തിന് മുൻകയ്യെടുത്തത്. ആലപ്പാട്ടെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ഖനനം നിരീക്ഷിക്കാൻ ജില്ലാ കലക്ടറും ജനപ്രതിനിധികളും ഉൾപ്പെടുന്ന മോണിറ്ററിങ് സമിതി നിലവിൽ വരും. നിയമസഭാ പരിസ്ഥിതി സമിതിയുടെ നിർദേശമനുസരിച്ചായിരിക്കും പ്രവർത്തനം. മന്ത്രിമാരായ ഇ.പി ജയരാജൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കൊല്ലം കലക്ടർ, സ്ഥലത്തെ ജനപ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഐആർഇ (ഇന്ത്യൻ റെയർ എർത്‍സ്) പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇന്നു വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റിലാണ് ചർച്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA