ദർശനത്തിനെത്തിയ 2 യുവതികളെ തീർഥാടകർ തടഞ്ഞു

ladies-to-sabarimala
SHARE

ശബരിമല ∙ ദർശനത്തിനെത്തിയ 2 യുവതികളെ തീർഥാടകർ നീലിമലയിൽ തടഞ്ഞു. കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്ത്, ഷാനില സജേഷ് എന്നിവരെയാണ് തടഞ്ഞത്. പ്രതിഷേധം മൂന്നര മണിക്കൂറിലേറെ നീളുകയും ഒട്ടേറെ ഭക്തർ പങ്കാളികളാവുകയും ചെയ്തതോടെ പൊലീസ് ബലം പ്രയോഗിച്ച് ഇരുവരെയും മലയിറക്കി. 7 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫെയ്സ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുലർച്ചെ 4ന് ശ്രേയസ് കണാരൻ, സുബ്രഹ്മണ്യൻ, സുധൻ, ശ്രീയേഷ്, മിഥുൻ, സജേഷ്, അനൂപ് എന്നിവർക്കൊപ്പമാണ് യുവതികൾ എത്തിയത്. കണ്ണൂരിൽ നിന്നുള്ള രണ്ട് മഫ്തി പൊലീസുകാരും അനുഗമിച്ചു. കറുത്ത മുണ്ടും ഷർട്ടും അണിഞ്ഞു മുഖം പാതി മറച്ച് രേഷ്മയും കറുത്ത പാന്റ്സും കുർത്തയും ധരിച്ച് മുഖം മറച്ച് ഷാനിലയും നടന്നു.

ജലസംഭരണിക്കു സമീപം ഇവരെ ആന്ധ്രയിൽ നിന്നുള്ള 4 തീർഥാടകർ തടഞ്ഞു. കോയമ്പത്തൂരിൽ നിന്നുള്ള 80 അംഗ സംഘവും ഒപ്പം ചേർന്നു. നീലിമലയുടെ പലഭാഗത്തും വഴിയടച്ച് ഭക്തർ നാമജപവും തുടങ്ങി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുക ബുദ്ധിമുട്ടാണെന്നു പൊലീസ് യുവതികളെ അറിയിച്ചു. ദർശനം നടത്താതെ മടങ്ങില്ലെന്നു പറഞ്ഞ് അവർ നിലത്തിരുന്നു. കൈവിട്ടു പോകുമെന്ന സ്ഥിതി വന്നപ്പോൾ ബലം പ്രയോഗിച്ച് യുവതികളെ മലയിറക്കി ജീപ്പിൽ കയറ്റിക്കൊണ്ടുപോയി. യുവതികളുടെ കണ്ണൂരിലെ വീടുകൾക്കു പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA