ഇടുക്കിയിലെ തണുപ്പിനിടെ പ്രോട്ടോക്കോൾ ചൂട്; പി.ജെ. ജോസഫിനെതിരെ രാഷ്ട്രീയ നീക്കം?

pinarayi-vijayan-pj-joseph-and-mm-mani
SHARE

തൊടുപുഴ ∙ പ്രോട്ടോക്കോൾ വിവാദത്തിന്റെ ചൂടിലാണു ഇടുക്കി.  ഒന്നിൽ കൂടുതൽ മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ സ്ഥലം എംഎൽഎയ്ക്ക് എന്തു സ്ഥാനം നൽകണമെന്നതിന്റെ പേരിലാണു വിവാദം. പ്രോട്ടോകോൾ ലംഘിച്ച് സർക്കാർ പരിപാടികൾ സംഘടിപ്പിച്ചെന്നു ആരോപിച്ച് തൊടുപുഴ എംഎൽഎ പി.ജെ. ജോസഫ് ഉദ്യോഗസ്ഥരെ വിമർശിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം. മണിയും ജോസഫിനെതിരെ രംഗത്തു വന്നു.  ഇതോടെ വിവാദം ചൂടുപിടിച്ചു.

വിവാദം വിത്തിട്ടത് ഇങ്ങിനെ

തൊടുപുഴ മണ്ഡലത്തിൽ നടന്ന മൂന്നു പരിപാടികളിൽ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവാക്കിയതിന്റെ പേരിൽ സ്ഥലം എംഎൽഎ കൂടിയായ പി.ജെ. ജോസഫ് പൊട്ടിത്തെറിച്ചതോടെയാണു വിവാദം തുടങ്ങിയത്. മൂന്നു ചടങ്ങുകളിലും മന്ത്രി എം.എം. മണിയായിരുന്നു അധ്യക്ഷൻ.

ജോസഫ് ചെയർമാനായ ഗാന്ധിജി സ്റ്റഡിന്റെ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സർക്കാരിന്റെ നടപടിക്രമങ്ങൾക്കെതിരെ ജോസഫ്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ നടന്ന വിജിലൻസ് ഇടുക്കി യൂണിറ്റിന്റെ മന്ദിരോദ്ഘാടന ചടങ്ങിൽ പി.ജെ. ജോസഫിന് വിശിഷ്ടാതിഥിയുടെ സ്ഥാനമാണു നൽകിയത്. മന്ത്രി ജി. സുധാകരനെയായിരുന്നു ഈ ചടങ്ങിൽ അധ്യക്ഷ സ്ഥാനത്ത് തീരുമാനിച്ചിരുന്നതെങ്കിലും സുധാകരൻ എത്താത്തതിനാൽ, മന്ത്രി എം.എം. മണിയെ അധ്യക്ഷനാക്കി. ഇതേ തുടർന്നു പി.ജെ. ജോസഫ് ചടങ്ങിൽ പങ്കെടുത്തില്ല.

ഉദ്ഘാടക‌നായ മുഖ്യമന്ത്രി പിണറായി വിജയൻ പി.ജെ.ജോസഫ് ചടങ്ങിൽ പങ്കെടുക്കാത്തതിനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രോട്ടോകോൾ പ്രകാരമാണു പരിപാടികൾ സംഘടിപ്പിക്കുന്നെന്നും ഭരണം മാറിയത് ജോസഫ് അറിഞ്ഞില്ലേയെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തൊടുപുഴയിൽ നടന്ന എൽഡിഎഫിന്റെ നയവിശദീകരണ യോഗത്തിലും മുഖ്യമന്ത്രിയും, മന്ത്രി എം.എം. മണിയും പി.ജെ. ജോസഫിനെ വിമർശിച്ചിരുന്നു. ജോസഫിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ കാർഷികമേളയ്ക്കെതിരെയാണു മന്ത്രി മണിയുടെ വിമർശനം മുഴുവൻ. 

ജോസഫിനെതിരെ രാഷ്ട്രീയ നീക്കം?

മുഖ്യമന്ത്രിയും മന്ത്രി എം.എം. മണിയും പി.ജെ. ജോസഫിനെതിരെ പൊതുവേദികളിൽ രൂക്ഷവിമർശനവുമായി രംഗത്തു വന്നത് രാഷ്ട്രീയ നീക്കമായാണു വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് കടുത്ത വിമർശനവുമായി മുഖ്യമന്ത്രിയും, മന്ത്രി മണിയും എത്തിയത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണെന്നും വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രിയും മന്ത്രി മണിയും നടത്തിയ പരാമർശങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഇരു പാർട്ടികളിലും ഉൾപ്പെട്ടവർ തമ്മിൽ വാക്പോര് തുടരുകയാണ്.

പ്രോട്ടോകോളിൽ പറയുന്നത്

ഒന്നിൽ കൂടുതൽ മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ വകുപ്പു മന്ത്രി ഉദ്ഘാടകനും, മറ്റൊരാൾ അധ്യക്ഷനാകുമെന്നതാണു പ്രോട്ടോക്കോളെന്നു പൊതുഭരണ വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതേ ചടങ്ങിൽ വേറെ മന്ത്രി പങ്കെടുക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിനു മുഖ്യപ്രഭാഷകൻ അല്ലെങ്കിൽ മുഖ്യ പ്രസംഗികന്റെ സ്ഥാനമാണു നൽകുക. ഇതിനു ശേഷമാണു മറ്റു ജനപ്രതനിധികളുടെ സ്ഥാനം. ചടങ്ങിൽ എംപി പങ്കെടുക്കുന്നുണ്ടെങ്കിൽ, മന്ത്രിമാർക്കു ശേഷം പ്രസംഗികരുടെ പട്ടികയിൽ ആദ്യ സ്ഥാനം എംപിക്കു നൽകും. ഇതിനു ശേഷമാണു സ്ഥലം എംഎൽഎയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകുകയെന്നും, ആശംസാ പ്രസംഗകരുടെ റോളാണു പലപ്പോഴും നൽകുകയെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു

∙ 'മുഖ്യമന്ത്രിയും മന്ത്രി മണിയും ഉന്നയിച്ച വിമർശനങ്ങളോട് ഇപ്പോൾ പ്രതികരിക്കുന്നില്ല.  പ്രതികരിക്കാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയും മണിയും പറഞ്ഞത് എന്താണെന്നതിന്റെ പൂർണ രൂപം ഇതു വരെ ലഭിച്ചിട്ടില്ല. നിയോജക മണ്ഡലങ്ങളിൽ സർക്കാർ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സ്ഥലം എംഎൽഎയുമായി കൂടിയാലോചിച്ചാണു കാര്യങ്ങളും, ചടങ്ങിലെ സ്ഥാനങ്ങളും തീരുമാനിക്കുക. യുഡിഎഫിന്റെ കാലയളവിൽ ഇങ്ങിനെയായിരുന്നു.' - പി.ജെ. ജോസഫ് എംഎൽഎ

∙ 'മന്ത്രിയും എംഎൽഎയുമൊക്കെയായ ജോസഫിന് പ്രോട്ടോകോളിനെക്കുറിച്ചൊന്നും അറിയില്ലേ? വസ്തുതകൾ മറച്ചു വച്ച് ജനങ്ങളെ പറ്റിക്കാനാണു ജോസഫിന്റെ ശ്രമം.' - മന്ത്രി എം.എം. മണി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA