തീർഥാടന കാലത്തിനു സമാപനം; ശബരിമല നട അടച്ചു

sabarimala
SHARE

ശബരിമല ∙ശരണ കീർത്തനങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മണ്ഡല മകരവിളക്കു തീർഥാടനത്തിനു സമാപനം കുറിച്ച് അയ്യപ്പ ക്ഷേത്രനട അട‌ച്ചു. പന്തളം രാജപ്രതിനിധിയും സംഘവും തിരുവാഭരണ പേടകങ്ങളുമായി മടക്ക ഘോഷയാത്ര തുടങ്ങി. കാൽനടയായി കാട്ടുവഴികളിലൂടെ ഇന്നലെ വൈകിട്ട് ളാഹയിൽ എത്തി ഫോറസ്റ്റ് സത്രത്തിൽ വിശ്രമിച്ചു. ഇന്ന് റാന്നി പെരുനാട് ധർമശാസ്താ ക്ഷേത്രത്തിലെത്തി തിരുവാഭരണങ്ങൾ ചാർത്തും. 23ന് രാവിലെ പന്തളത്ത് മടങ്ങിയെത്തും.

ഇന്നലെ രാവിലെ 5ന് നടതുറന്ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി. തുടർന്നു മടക്കയാത്രയ്ക്കായി തിരുവാഭരണ വാഹകർ നടയിൽ എത്തി ശബരീശനെ തൊഴുതു. തിരുവാഭരണ പേടകം ശിരസിലേറ്റി പതിനെട്ടാംപടിയിറങ്ങി. പിന്നാലെ പന്തളം രാജപ്രതിനിധി മൂലംനാൾ പി.രാഘവവർമരാജ ദർശനത്തിന് എത്തി. തുടർന്ന് മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനനിരതനാക്കി യോഗദണ്ഡും ജപമാലയും അണിയിച്ച് ഹരിവരാസനം ചൊല്ലി നട അടച്ചു.

ശ്രീകോവിലിന്റെ താക്കോൽ മേൽശാന്തി രാജപ്രതിനിധിയെ ഏൽപ്പിച്ചു. ഒരു വർഷത്തെ പൂജയുടെ മിച്ചം കണക്കാക്കിയുള്ള പണക്കിഴി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ ചുമതല വഹിക്കുന്ന പാലാ ശങ്കരൻകുട്ടി കൈമാറി. പതിനെട്ടാം പടിയിറങ്ങിയ രാജപ്രതിനിധി അടുത്ത വർഷത്തെ പൂജകൾക്കായി താക്കോൽ തിരികെ നൽകി. ഒരു വർഷത്തെ ചെലവിനുള്ള തുക കണക്കാക്കി പണക്കിഴിയും ഏൽപ്പിച്ചു. ചടങ്ങുകൾക്കു സാക്ഷ്യംവഹിക്കാൻ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാരവർമ എന്നിവരും എത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA